ലണ്ടന്‍: കിരീടഫേവറിറ്റുകളിലൊന്നും മുന്‍ ജേതാക്കളുമായ ലിവര്‍പൂള്‍ എഫ്എ കപ്പ് ഫുട്‌ബോളില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായി. മൂന്നാം റൗണ്ടില്‍ വോള്‍ഫ്‌സാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു റെഡ്‌സിനെ അട്ടിമറിച്ചത്. സീസണില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ലിവര്‍പൂളിന് പരാജയം നേരിടുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും റെഡ്‌സ് 1-2നു തോറ്റിരുന്നു.

സിറ്റിക്കെതിരേ കളിച്ച ടീമില്‍ ഒമ്പതു മാറ്റങ്ങളുമായാണ് കോച്ച് യുര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂളിനെ ഇറക്കിയത്. 17 കാരനായ കെര്‍ട്ടിസ് ജോണ്‍സും 18 കാരനായ റാഫേല്‍ കമാച്ചോയും 16 കാരനായ കി ജാന ഹോവെറുമെല്ലാം പ്ലെയിങ് ഇലവനിലെത്തി. മുന്‍നിരതാരങ്ങളുടെ അഭാവം ലിവര്‍പൂളിന്റെ കളിയില്‍ പ്രകടമാവുകയും ചെയ്തു. ഇരുപകുതികളിലുമായി റൗള്‍ ജിമെനെസ് (38ാം മിനിറ്റ്), റൂബെന്‍ നെവെസ് (55) എന്നിവരുടെ ഗോളുകളാണ് വോള്‍ഫ്‌സിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. 52ാം മിനിറ്റില്‍ ഡിവോക്ക് ഒറിജിയാണ് ലിവര്‍പൂളിന്റെ ഗോള്‍ മടക്കിയത്.
കളിയില്‍ വളരെ കുറച്ചു ഗോളവസരങ്ങള്‍ മാത്രമേ ലിവര്‍പൂളിനു ലഭിച്ചുള്ളൂ. 55ാം മിനിറ്റില്‍ ഒറിജിയിലൂടെ ഗോള്‍ നേടുന്നതു വരെ ലക്ഷ്യത്തിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ അവര്‍ക്കായിരുന്നില്ല. മൂന്നു സീസണുകളിലായി ഇതു രണ്ടാം തവണയാണ് വോള്‍ഫ്‌സ് എഫ്എ കപ്പില്‍ ലിവര്‍പൂളിനെ വീഴ്ത്തുന്നത്. സ്റ്റോക്ക് സിറ്റിയും ഷ്‌റൂബെറിയും തമ്മിലുള്ള മല്‍സരത്തിലെ വിജയിയാണ് ഇത്തവണ നാലാം റൗണ്ടില്‍ വോള്‍ഫ്‌സിന്റെ എതിരാളികള്‍.