ഗോള്‍പ്രളയം... ലിവര്‍പൂളില്‍ സിറ്റി മുങ്ങി, രണ്ട് കിട്ടിയ ബാഴ്‌സ നാല് കൊടുത്തു
ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ സൂപ്പര്‍ സണ്‍ഡേയില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന വിജയം. ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ലിവര്‍പൂള്‍ മലര്‍ത്തിയടിച്ചു. മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ ത്രസിപ്പിക്കുന്ന വിജയം. ഇതോടെ സീസണില്‍ സിറ്റിയുടെ അപരാജിതകുതിപ്പ് അവസാനിക്കുകയും ചെയ്തു.
ലീഗിലെ മറ്റൊരു കളിയില്‍ ആഴ്‌സനലിനെ ബോണ്‍മൗത്ത് 2-1ന് അട്ടിമറിച്ചു.
സ്പാനിഷ് ലീഗില്‍ രണ്ടു ഗോളുകള്‍ക്കു പിന്നിട്ടുനിന്ന ശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ച് ബാഴ്‌സലോണ തകര്‍പ്പന്‍ ജയം കൊയ്തു. റയല്‍ സോസിഡാഡിനെയാണ് ബാഴ്‌സ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു കെട്ടുകെട്ടിച്ചത്. ഫ്രഞ്ച് ലീഗില്‍ നിലവിലെ ജേതാക്കളായ പിഎസ്ജിയും ജയത്തോടെ മുന്നേറ്റം നടത്തി.

ആന്‍ഫീല്‍ഡ് ത്രില്ലര്‍
ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍ നടന്ന ത്രില്ലര്‍ ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. ഒന്നാംപകുതിയില്‍ മല്‍സരം 1-1ന് ഒപ്പമായിരുന്നു. എന്നാല്‍ രണ്ടാംപകുതിയില്‍ ഗോള്‍മഴയാണ് കണ്ടത്. അലെക്‌സ് ഓക്‌സാല്‍ഡെ ചാംപര്‍ലെയ്ന്‍ (ഒമ്പതാം മിനിറ്റ്), റോബര്‍ട്ടോ ഫിര്‍മിനോ (59), സാദിയോ മാനെ (62), മുഹമ്മദ് സലാ (68) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. ലെറോയ് സാനെ (41), ബെര്‍നാര്‍ഡോ സില്‍വ (84), ഇകെയ് ഗ്യുന്‍ഡോഗന്‍ (90) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.
ഒരു ഘട്ടത്തില്‍ 4-1ന്റെ ആധികാരക ജയത്തിലേക്ക് കുതിച്ച ലിവര്‍പൂളിനെ അവസാന ആറു മിനറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ച സിറ്റി സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ഒരു ഗോള്‍ ലീഡില്‍ റെഡ്‌സ് ജയം കൈക്കലാക്കി. ബ്രസീലയന്‍ പ്ലേമേക്കര്‍ ഫിലിപ്പെ കോട്ടീഞ്ഞോ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ശേഷമുള്ള ലിവര്‍പൂളിന്റെ ആദ്യ ലീഗ് മല്‍സരം കൂടിയാണിത്.
തോറ്റെങ്കിലും 15 പോയിന്റിന്റെ ലീഡുമായി സിറ്റി ഒന്നാസ്ഥാനത്തു തന്നെയുണ്ട്. തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ യുനൈര്‌റഡിന് സിറ്റിയുമായുള്ള അകലം 12 പോയിന്റാക്കി കുറയ്ക്കാം. അതേസമയം, ചെല്‍സിയെ പിന്തള്ളി ലിവര്‍പൂള്‍ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു.

ഗണ്ണേഴ്‌സിന് അപ്രതീക്ഷിത തോല്‍വി
അലെകിസ് സാഞ്ചസിന്റെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കിടെ ഇറങ്ങിയ ആഴ്‌സനലിന് അപ്രതീക്ഷിത തോല്‍വിയാണ് ബോണ്‍മൗത്തിനെതിരേ നേരിട്ടത്. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമായിരുന്നു ഗണ്ണേഴ്‌സിന്റെ പതനം. 52ാം മിനിറ്റില്‍ ഹെക്ടര്‍ ബെല്ലാറിനാണ് ആഴ്‌സനലിന് ലീഡ് നേടിക്കൊടുത്തത്.
70ാം മിനിറ്റില്‍ കല്ലും വില്‍സണിലൂടെ ഒപ്പമെത്തിയ ബോണ്‍മൗത്ത് നാലു മിനിറ്റിനുള്ളില്‍ ജോര്‍ഡന്‍ ഇബെയിലൂടെ വിജയഗോളും കണ്ടെത്തുകയായിരുന്നു.

ഗംഭീരം, ബാഴ്‌സ തിരിച്ചുവരവ്
റയല്‍ മാഡ്രിഡിനു പിറകെ ബാഴ്‌സലോണയും സ്പാനിഷ് ലീഗില്‍ അട്ടിമറി തോല്‍വി മണത്തതാണ്. എന്നാല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി അവര്‍ എതിരാളികളെ നിലംപരിശാക്കുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ ബാഴ്‌സയെ സ്തബ്ധരാക്കി 34 മിനിറ്റാവുമ്പോഴേക്കും സോസിഡാഡ് 2-0ന്റെ മികച്ച ലീഡ് കൈക്കലാക്കിയിരുന്നു.
39ാം മിനിറ്റില്‍ പൗലിഞ്ഞോയിലൂടെയാണ് ബാഴ്‌സ തിരിച്ചുവരവിന് തുടക്കമിട്ടത്. 50, 71 മിനിറ്റുകളില്‍ ലൂയിസ് സുവാരസ് ലക്ഷ്യം കണ്ടതോടെ ബാഴ്‌സ 3-2ന് മുന്നിലെത്തി. ഫൈനല്‍ വിസിലിന് അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സയുടെ ഗോള്‍പട്ടിക തികച്ചു.
ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സയ്ക്ക് ഒമ്പത് പോയിന്റിന്റെ വ്യക്തമായ ലീഡുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മറ്റു മല്‍സരങ്ങളില്‍ സെല്‍റ്റാവിഗോ 1-0ന് ലെവന്റെയെയും അലാവസ് ഇതേ സ്‌കോറിന് സെവിയ്യയെയും തോല്‍പ്പിച്ചു.

ഡിമരിയ ഗോളില്‍ പിഎസ്ജി
പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ പിഎസ്ജി ഫ്രഞ്ച് ലീഗില്‍ നേരിയ ജയം സ്വന്തമാക്കി. എവേ മല്‍സരത്തില്‍ നാന്റസിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി മറികടന്നത്. 12ാം മിനിറ്റില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ മരിയയുടെ വകയായിരുന്നു പിഎസ്ജിയുടെ വിജയഗോള്‍.
ഈ ജയത്തോടെ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന പിഎസ്ജി 11 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടി. പിഎസ്ജിക്ക് 53ഉം രണ്ടാംസ്ഥാനക്കാരും നിലവിലെ ചാംപ്യന്‍മാരുമായ മൊണാക്കോയ്ക്ക് 42ഉം പോയിന്റാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications