
ബെല്‍ഗ്രേഡ്: നിലവിലെ റണ്ണറപ്പായ ലിവര്‍പൂളിന് യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഞെട്ടിക്കുന്ന തോല്‍വി. സെര്‍ബിയന്‍ ടീമായ റെഡ്‌സ്റ്റാര്‍ ബെല്‍ഗ്രേഡാണ് വന്‍ അട്ടിമറി സൃഷ്ടിച്ചത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ലിവര്‍പൂളിന്റെ കഥ കഴിക്കുകയായിരുന്നു. ഗ്രൂപ്പ് സി മല്‍സരത്തില്‍ മിലാന്‍ പാക്കോവിന്റെ ഇരട്ടഗോളുകളാണ് റെഡ് സ്റ്റാറിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്.
ഗ്രൂപ്പുഘട്ടത്തില്‍ ലിവര്‍പൂളിന് നേരിട്ട രണ്ടാമത്തെ തോല്‍വി കൂടിയാണിത്. നാലു മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം ജയവും തോല്‍വിയുമാണ് ഇപ്പോള്‍ അവരുടെ അക്കൗണ്ടിലുള്ളത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയെ നാപ്പോളി 1-1നു പിടിച്ചുകെട്ടി. മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ക്ലബ്ബ്് ബ്രൂഗെ 4-0ന് മൊണാക്കോയെയും അത്‌ലറ്റികോ മാഡ്രിഡ് 2-0ന് ബൊറൂസ്യ ഡോട്മുണ്ടിനെയും ഗ്രൂപ്പ് ബിയില്‍ ടോട്ടനം ഹോട്‌സ്പര്‍ 2-1നു പിഎസ്‌വി ഐന്തോവനെയും തോല്‍പ്പിച്ചു. ബാഴ്‌സലോണയെ ഇന്റര്‍മിലാന്‍ 1-1നു കുരുക്കി. ഗ്രൂപ്പ് ഡിയില്‍ എഫ്‌സി പോര്‍ട്ടോ 4-1ന് ലോക്കോമോട്ടീവിനെയും ഷാല്‍ക്കെ 2-0നു ഗലാത്സരെയെയും തോല്‍പ്പിച്ചു.
ഇറ്റലിയില്‍ നടന്ന ഇന്റര്‍- ബാഴ്‌സ പോരാട്ടത്തില്‍ അവസാന 10 മിനിറ്റിനിടെയാണ് രണ്ടു ഗോളുകളും പിറന്നത്. 83ാം മിനിറ്റില്‍ മാല്‍ക്കമിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ നിശ്ചിത സമയം തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ മൗറോ ഇക്കാര്‍ഡിയിലൂടെ ഇന്റര്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. നാപ്പോളിക്കെതിരേ 45ാം മിനിറ്റില്‍ യുവാന്‍ ബെര്‍ണറ്റിലൂടെ പിഎസ്ജിയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 62ാം മിനിറ്റില്‍ ലോറെന്‍സോ ഇന്‍സൈന്റെ പെനല്‍റ്റി ഗോള്‍ നാപ്പോളിയെ ഒപ്പമെത്തിക്കുകയും ചെയ്തു.