ഫുട്‌ബോള്‍ താരങ്ങളുടെ കരിയര്‍ നോക്കുകയാണെങ്കില്‍ അവര്‍ ഒരുപാട് യാത്രകള്‍ ചെയ്യുന്നതായി നമുക്കു കാണാന്‍ സാധിക്കും. പരിശീലനം മുതല്‍ മല്‍സരങ്ങള്‍, പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കല്‍ തുടങ്ങി എല്ലായ്‌പ്പോഴും യാത്രകള്‍ അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകവുമാണ്. അതിനാല്‍ തന്നെ ഇത്തരം തിരക്കേറിയ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കി മാറ്റാന്‍ സ്വകാര്യ വിമാനങ്ങള്‍ ഇവരെ ഏറെ സഹായിക്കുകയും ചെയ്യും.
ലോക ഫുട്‌ബോളില്‍ നിലവിലുള്ള വമ്പന്‍ താരങ്ങളെ എടുക്കുകയാണെങ്കില്‍ അവരില്‍ ചിലര്‍ക്കു ആഡംബര വിമാനങ്ങള്‍ സ്വന്തമായിട്ടുണ്ടെന്നു കാണാം. ഈ തരത്തില്‍ സ്വന്തമായി വിമാനങ്ങുള്ള ചില വമ്പന്‍ ഫുട്‌ബോളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

നെയ്മര്‍
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് ഈ ലിസ്റ്റിലെ ഒരാള്‍. ലോക ഫുട്‌ബോളില്‍ നിലവില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജര്‍മയ്ന്‍ വിട്ടതിനു ശേഷം നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ അഹ്ലി ടീമിന്റെ ഭാഗമാണ് നെയ്മര്‍.
സെസ്സ്‌ന സിറ്റേഷന്‍ സോവറിന്‍ എന്ന വിമാനമാണ് നെയ്മര്‍ക്കു സ്വന്തമായുള്ളത്. ഈ ആഡംബര വിമാനത്തില്‍ 12 പേര്‍ക്കു വരെ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. 890 കിമി വേഗതയില്‍ ചീറിപ്പായാന്‍ ശേഷിയുള്ള വിമാനമാണിത്. 5,275 കിമി വരെ ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ നെയ്മര്‍ക്കു സാധിക്കുകയും ചെയ്യും.
സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്
സ്വീഡന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായിരുന്ന സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചാണ് സ്വന്തമായി വിമാനമുള്ള രണ്ടാമത്തൈ ഫുട്‌ബോളര്‍. യൂറോപ്പിലെ ഒട്ടുമിക്ക വമ്പന്‍ ക്ലബ്ബുകള്‍ക്കു വേണ്ടിയും കളിച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങിയത്.
സെസ്സ്‌ന സിറ്റേഷന്‍ ലോങിറ്റിയൂഡെന്ന മോഡല്‍ വിമാനമാണ് ഇബ്രയ്ക്കു സ്വന്തമായുള്ളത്. 12 പേര്‍ക്കു യാത്ര ചെയ്യാന്‍ സാധിക്കുന്ന വളരെ ആധുനിക സൗകര്യങ്ങളോടു കൂടിയ വിമാനമാണിത്. 26 മില്ല്യണ്‍ ഡോളറോളം വില ഈ വിമാനത്തുണ്ട്. 6,842 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ശേഷിയും ഈ വിമാനത്തിനുണ്ട്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ
ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലിസ്റ്റിലെ അടുത്തയാള്‍. അഞ്ചു തവണയെങ്കിലും ബാലണ്‍ ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. 750ന് മുകളില്‍ ഗോളുകളും റൊണാള്‍ഡോ വാരിക്കൂട്ടിയിട്ടുണ്ട്. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ക്ലബ്ബിനു വേണ്ടിയാണ് റോണോ പന്തു തട്ടുന്നത്.
നിലവിലെ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും വിലപിടിപ്പുള്ള വിമാനത്തിന്റെ അവകാശി കൂടിയാണ് അദ്ദേഹം. 18 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഗള്‍ഫ്‌സ്ട്രീം ജി 650യെന്ന വിമാനമാണ് റോണോയ്ക്കു സ്വന്തമായുള്ളത്. 12,960 കിമി റേഞ്ചുള്ള വിമാനമാണിത്. ലോങ് റേഞ്ചിന്റെ കാര്യത്തില്‍ ലോകത്തു തന്നെ തന്നെ ഏറ്റവുമധികം പ്രശസ്തി നേടിയ വിമാനവും ഇതാണ്. 65 മില്ല്യണ്‍ യൂറോയാണ് ഇതിന്റെ മൂല്യമെന്നു കണക്കുകള്‍ പറയുന്നു.

ലയണല്‍ മെസ്സി
ഏഴു തവണ ബാലണ്‍ ഡിയോര്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ട അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും ആഡംബര വിമാനം സ്വന്തമായുണ്ട്. നിരവധി വിമാനങ്ങള്‍ നേരത്തേ ഉപയോഗിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പക്കല്‍ ഇപ്പോഴുള്ളത് ഗള്‍ഫ്‌സ്ട്രീം വിയെന്ന വിമാനമാണ്.
16 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഈ വിമാനത്തിന്റെ റേഞ്ച് 11,000 കിലോ മീറ്ററാണ്. മെസ്സിക്കു ഈ വിമാനത്തിനകത്തു ഇരിക്കാനും കിടക്കാനും ഭക്ഷണം കഴിക്കാനും മാത്രമല്ല, കുളിക്കാന്‍ വരെയുള്ള സൗകര്യങ്ങളുണ്ട്. 45 മില്ല്യണ്‍ യൂറോയാണ് ഈ വിമാനത്തിന്റെ മൂല്യം.