അഭ്യൂഹങ്ങള്‍ക്ക് വിരാമം, ലയണല്‍ മെസ്സി പിഎസ്ജിയില്‍, കരാര്‍ രണ്ട് വര്‍ഷത്തേക്ക്
പാരിസ്: കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയില്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരെയോടെ പാരിസിലെത്തിയ മെസ്സി രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. മെസ്സിയുടെ വരവ് ഔദ്യോഗികമായി ഇന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിക്കും. 30ാം നമ്പര്‍ ജഴ്‌സിയാവും മെസ്സി പിഎസ്ജിയില്‍ അണിയുക. 34കാരനായ മെസ്സി കുടുംബത്തോടൊപ്പം പാരിസിലെത്തിയാണ് കരാറിലൊപ്പിട്ടത്. പ്രതിവര്‍ഷം 40 ദശലക്ഷം യുഎസ് ഡോളറിനാണ് 34കാരനായ മെസ്സിയുമായി പിഎസ്ജി കരാറൊപ്പിട്ടത്.
മെസ്സി പാരിസിലെ ഗ്രൗണ്ടില്‍ പിഎസ്ജിയുടെ ജഴ്‌സി അണിഞ്ഞുള്ള വീഡിയോകളും പുറത്തുവരുന്നുണ്ട്. മെസ്സിയുടെ വരവ് സ്ഥിരീകരിച്ച് നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിട്ടുണ്ട്. 'വീണ്ടും ഒന്നിച്ച്' എന്ന തലക്കെട്ടോടെ ബാഴ്‌സലോണയില്‍ ഒന്നിച്ച് കളിച്ചപ്പോള്‍ മെസ്സിക്കൊപ്പമുള്ള ചിത്രവും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്. മെസ്സി പാരിസിലേക്ക് പുറപ്പെടുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ മെസ്സിയെ സ്വാഗതം ചെയ്യാന്‍ വലിയ ആരാധക സംഘം തന്നെ പാരിസില്‍ ഒത്തുകൂടിയിരുന്നു.

കര്‍ശന സുരക്ഷയൊരുക്കിയാണ് ആരാധകര്‍ക്ക് മുഖം നല്‍കാതെ മെസ്സിയെ പിഎസ്ജിയുടെ ക്ലബ്ബ് ആസ്ഥാനത്തേക്ക് എത്തിച്ചത്. മെസ്സിയുടെ വരവ് പിഎസ്ജിയെ സംബന്ധിച്ച് വളരെ നേട്ടമുണ്ടാക്കുന്നതാണെന്ന് ഉറപ്പ്. ലയണല്‍ മെസ്സി, നെയ്മര്‍, കെയ്‌ലിയന്‍ എംബാപ്പെ എന്നീ സൂപ്പര്‍ താരങ്ങള്‍ ഒരേ ടീമിലെത്തുമ്പോള്‍ ലോക ഫുട്‌ബോളിലെ വന്‍ ശക്തികളായി പിഎസ്ജി മാറുമെന്നുറപ്പ്. കരിയറിന്റെ തുടക്കം മുതല്‍ ബാഴ്‌സലോണയില്‍ മാത്രം കളിച്ചിട്ടുള്ള മെസ്സി ആദ്യമായാണ് മറ്റൊരു ക്ലബ്ബിനുവേണ്ടി കളിക്കാനൊരുങ്ങുന്നത്.
ബാഴ്‌സലോണയില്‍ കളിക്കവെ റയല്‍ മാഡ്രിഡിലെ മുഖ്യ ശത്രുവായിരുന്ന സെര്‍ജിയോ റാമോസും ഇത്തവണ പിഎസ്ജിയിലുണ്ട്. അതിനാല്‍ത്തന്നെ ഇരുവരും ഒന്നിച്ച് കളിക്കുന്നത് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തും. അതിശക്തരായി മാറിയ പിഎസ്ജിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേ സമയം ബാഴ്‌സലോണയിലെ പോസ്റ്റര്‍ ചിത്രങ്ങളില്‍ നിന്നെല്ലാം മെസ്സിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ നീക്കം ചെയ്തിരുന്നു. ലാലിഗയുടെ പുതിയ സാമ്പത്തിക നയമാണ് തന്റെ മാറ്റത്തിന് കാരണമായതെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മെസ്സി പറഞ്ഞിരുന്നു. മെസ്സിയുടെ വിടപറയല്‍ ബാഴ്‌സലോണയുടെ മൂല്യത്തില്‍ വന്‍ ഇടിവ് വരുത്തുമെന്ന കാര്യം ഉറപ്പാണ്.
ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങള്‍ കളിച്ച് 672 ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 35 ട്രോഫികളാണ് മെസ്സി നേടിയത്. ആറ് ബാലന്‍ദ്യോര്‍ കിരീടം നേടാനും മെസ്സിക്ക് സാധിച്ചിരുന്നു. ഇത്തവണ അര്‍ജന്റീനയെ കോപ്പാ അമേരിക്ക കിരീടത്തിലേക്കെത്തിരക്കാന്‍ മെസ്സിക്കായിരുന്നു. ഇതിന് പിന്നാലെയാണ് ഇഷ്ട ക്ലബ്ബായ ബാഴ്‌സലോണയോട് അദ്ദേഹത്തിന് വിടപറയേണ്ടി വന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications