മെസ്സി വിരമിക്കണം!! അവര്‍ ഒറ്റയ്ക്ക് എന്തു ചെയ്യുമെന്ന് കാണാം... തുറന്നടിച്ച് മറഡോണ

റിയോ ഡി ജനയ്‌റോ: ലാറ്റിന്‍ രാജാക്കന്‍മാരായ അര്‍ജന്റീന ടീമിന്റെ ആരാധകര്‍ക്ക് ഇപ്പോള്‍ ഒരു ചോദ്യം മാത്രമേയുള്ളു... തങ്ങളുടെ ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി എന്ന് ടീമില്‍ മടങ്ങിവരുമെന്നത് ആണിത്. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം ദേശീയ ടീമിന്റെ ജഴ്‌സിയില്‍ മെസ്സിയെ കണ്ടിട്ടില്ല. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും അദ്ദേഹം മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയാണ്. ഇനിയെപ്പോള്‍ മടങ്ങിവരുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.
ആഗസ്റ്റില്‍ നടന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദ മല്‍സരങ്ങളില്‍ നിന്നും മെസ്സി പിന്‍മാറിയിരുന്നു. കൂടാതെ ഈ മാസം ചിരവൈരികളായ ബ്രസീലിനെതിരേ നടക്കാനിരിക്കുന്ന ക്ലാസിക് പോരാട്ടത്തിനുള്ള ടീമിലും അദ്ദേഹമില്ല. ഇതിനിടെയാണ് മെസ്സി വിരമിക്കണമെന്ന ഉപദേശവുമായി മുന്‍ ഇതിഹാസം ഡീഗോ മറഡോണ രംഗത്തുവന്നിരിക്കുന്നത്.

ഇനിയും തുടരുന്നത് എന്തിന്?
ഒരു തവണ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച താരമാണ് മെസ്സി. വീണ്ടുമൊരിക്കല്‍ക്കൂടി മെസ്സി വിരമിക്കണമെന്നും ഇനി തിരിച്ചുവരരുതെന്നുമുള്ള ഉപദേശമാണ് തനിക്കു നല്‍കാനുള്ളതെന്നു മറഡോണ തുറന്നടിച്ചു. തന്റെ പിന്‍ഗാമിയെന്നു മറഡോണ പല തവണ വിശേഷിപ്പിച്ച താരം കൂടിയാണ് മെസ്സി.
ദേശീയ ടീമിനു തിരിച്ചടികള്‍ നേരിടുമ്പോഴെല്ലാം മെസ്സി മാത്രം ക്രൂശിക്കപ്പെടുന്നതാണ് ഇനി അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കരുതെന്ന ഉപദേശത്തിലേക്കു മറഡോണയെ നയിച്ചത്.

തുടര്‍ച്ചയായ മൂന്നു ഫൈനലുകള്‍
തുടര്‍ച്ചയായി മൂന്നു ഫൈനലുകളിലാണ് മെസ്സിയുള്ളപ്പെട്ട അര്‍ജന്റീന ടീം പരാജയപ്പെട്ടത്. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിന്റെ ഫൈനലില്‍ ജര്‍മനിക്കെതിരേയായിരുന്നു ഇതിന്റെ തുടക്കം. തൊട്ടടുത്ത വര്‍ഷമ നടന്ന കോപ്പാ അമേരിക്കയുടെ ഫൈനലില്‍ ചിലിക്കു മുന്നിലും അര്‍ജന്റീനയ്ക്കു കാലിടറി. 2016ല്‍ കോപ്പയുടെ പ്രത്യേക എഡിഷന്റെ ഫൈനലിലേക്കും അര്‍ജന്റീന മുന്നേറിയെങ്കിലും ഇത്തവണയും ചിലിയില്‍ തട്ടി വീഴുകയായിരുന്നു.
2016ലെ കോപ്പയുടെ ഫൈനലിലെ തോല്‍വിയില്‍ മനം നൊന്താണ് മെസ്സി ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ആരാധകരുടെയും മുന്‍ താരങ്ങളുടെയുമെല്ലാം അഭ്യര്‍ഥന മാനിച്ച് അദ്ദേഹം തിരിച്ചുവരികയായിരുന്നു.

അവര്‍ എന്തു ചെയ്യുമെന്ന് കാണട്ടെ!!
ഇനിയൊരിക്കലും മെസ്സി അര്‍ജന്റീനയ്ക്കു വേണ്ടി കളിക്കരുതെന്ന് മാത്രമാണ് തനിക്കു പറയാനുള്ളതെന്ന് മറഡോണ തുറന്നടിച്ചു. ഏതു തോല്‍വിക്കും മെസ്സിയെ മാത്രമാണ് ക്രൂശിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി അര്‍ജന്റീനയ്ക്കായി നീ കളിക്കരുത്. നീയില്ലാതെ ടീമിനു തനിച്ചു എന്തു ചെയ്യാനാവുമെന്ന് നമുക്ക് കാണാമെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ അര്‍ജന്റീന ടീം ജനങ്ങക്കായി രസിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ല. ടീമിന് പഴയ പാഷന്‍ നഷ്ടമായിരിക്കുന്നു. നിക്കരാഗ്വയോടും മാള്‍ട്ടയോടു പോലും അര്‍ജന്റീനയ്ക്കു പിടിച്ചുനില്‍ക്കാനാവുന്നില്ല. ഇത്രയും കാലമുണ്ടാക്കിയ അഭിമാനമെല്ലാം ടീം കളഞ്ഞു കുളിക്കുകയാണെന്നും മറഡോണ കുറ്റപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications