ലോക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ലയണല്‍ മെസി. തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികതയുള്ള കളിക്കാരന്‍. നടക്കില്ലെന്ന് പറഞ്ഞ കുട്ടിയില്‍ നിന്ന് ഫുട്‌ബോളിന്റെ മിശിഹയായി വരെ വളര്‍ന്ന മെസിയുടെ ജീവിതവും കരിയറും അത്ഭുതത്തോടെയല്ലാതെ കാണാനാവില്ല. ഇപ്പോള്‍ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്. ഇന്റര്‍ മയാമിയിലാണ് ഇപ്പോള്‍ അദ്ദേഹം കളിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ മെസി ബൂട്ടണിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അര്‍ജന്റീനയുടെ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മെസി തുടരുന്നത് ആരാധകരില്‍ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തണമെന്നും പഴയ തട്ടകത്തില്‍ കളിച്ച് വിരമിക്കണമെന്നുമാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. മെസിയും ഇത്തരമൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ ബാഴ്‌സോണയുടെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ മെസിയെ തിരികെ കൊണ്ടുവരിക കടുപ്പമാണ്.
ബാഴ്‌സലോണ വിട്ടതിന് ശേഷം മെസി പോയത് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കാണ്. ഇപ്പോഴിതാ പിഎസ്ജിയിലെ കരിയറിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മെസി. ബാഴ്‌സലോണ വിട്ട ശേഷം താന്‍ രണ്ട് വര്‍ഷം സന്തോഷമേ അറിഞ്ഞിട്ടില്ലെന്നാണ് മെസി വെളിപ്പെടുത്തിയിരിക്കുന്നത്.

'പിഎസ്ജിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്റര്‍ മിയാമിയിലേക്ക് ക്ഷണമെത്തുന്നത്. ഞാന്‍ ഈ മാറ്റം തിരഞ്ഞെടുക്കുകയായിരുന്നു. കാരണം ബാഴ്‌സലോണ വിട്ട ശേഷമുള്ള രണ്ട് വര്‍ഷം ഞാന്‍ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല.
അവിടുത്തെ പരിശീലനത്തിലും രീതികളും നിത്യവുമുള്ള മത്സരങ്ങളുമൊന്നും എനിക്ക് ചേര്‍ന്ന് പോകാന്‍ സാധിക്കുന്നതായിരുന്നില്ല. എനിക്ക് അത്തരമൊരു പ്രയാസമുള്ള കാലമുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിക്കുകയാണ്. ആദ്യം ഇന്റര്‍ മയാമിയിലേക്ക് പോകാന്‍ ഒന്ന് മടിച്ചിരുന്നു. പുതിയ ക്ലബ്ബായതിനാലും സ്ഥാപിച്ചിട്ട് കുറച്ചുനാളുകളേ ആയിട്ടുള്ള എന്നതിനാലും ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ മാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു' മെസി പറഞ്ഞു.
ഇന്റര്‍ മയാമിയിലേക്ക് മെസി എത്താനുള്ള കാരണം മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമായിരുന്നു. ബെക്കാമിന്റെ ഇടപെടലാണ് മെസിയെ പിഎസ്ജിയില്‍ നിന്ന് ഇന്റര്‍ മയാമിയിലേക്ക് എത്തിച്ചത്. ഇന്റര്‍ മയാമിയിലൂടെ മെസി ക്ലബ്ബ് കരിയര്‍ അവസാനിപ്പിക്കാനാണ് സാധ്യത. ലോകകപ്പ് വരാനിരിക്കെ വലിയൊരു ക്ലബ്ബിലേക്ക് കൂടുമാറ്റം നടത്താതെ അര്‍ജന്റീനക്കൊപ്പം കൂടുതല്‍ സമയം ചിലവിടാനാവും മെസിയുടെ പദ്ധതി. കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അര്‍ജന്റീനയുടെ അലമാരയിലെത്തിച്ച മെസി മാജിക് വരുന്ന ലോകകപ്പിലും ആവര്‍ത്തിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.