Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്‍റൈന്‍ യുവതാരം വരെ നേടി, മെസ്സിക്കു പുരസ്‌കാരം ഇത്തവണയുമില്ല!! ഇനി കിട്ടുമോ?

ലോക ഫുട്‌ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും പുരസ്‌കാരങ്ങളുമെല്ലാം സ്വന്തം പേരില്‍ കുറിച്ചിട്ടും അര്‍ജന്റൈന്‍ ഇതിഹാസമായ ലയണല്‍ മെസ്സിക്കു ഇപ്പോഴും 'പിടികൊടുക്കാത്ത' ഒരു അവാര്‍ഡുണ്ട്. ഗോള്‍ഡന്‍ ഫൂട്ടെന്ന (Golden Foot) പുരസ്‌കാരമാണ് ഇപ്പോഴും മെസ്സിക്കു കിട്ടാക്കനിയായി നില്‍ക്കുന്നത്. ഈ വര്‍ഷമെങ്കിലും ഈ പുരസ്‌കാരം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അര്‍ജന്റൈന്‍ നായകന്‍.

പക്ഷെ അവാര്‍ഡ് ഒരിക്കല്‍ക്കൂടി വഴുതിപ്പോവുകയായിരുന്നു. അര്‍ജന്റൈന്‍ ടീമിലെ സഹതാരവും യുവ സ്‌ട്രൈക്കറുമായ ലൊറ്റാറോ മാര്‍ട്ടിനസാണ് ഗോള്‍ഡന്‍ ഫൂട്ടിന്റെ ഏറ്റവും പുതിയ അവകാശി. മാര്‍ട്ടിനസ് വരെ സ്വന്തമാക്കിയിട്ടും മെസ്സിക്കു മാത്രം ഈ പുരസ്‌കാരം എന്തുകൊണ്ട് ലഭിക്കുന്നില്ലെന്ന സംശയത്തിലാണ് ആരാധകര്‍.

മെസ്സിയുടെ സമകാലികനും മറ്റൊരു ഇതിഹാസവുമായ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേരത്തേ ഈ അവാര്‍ഡ് കൈക്കലാക്കിയിട്ടുണ്ട്. മറ്റു പല പുരസ്‌കാരങ്ങളിലും റോണോയെ ഓവര്‍ ടേക്ക് ചെയ്തിട്ടുള്ള മെസ്സിക്കു പക്ഷെ ഇതു മാത്രം ഒരിക്കല്‍പ്പോലും സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

LIONEL MESSI

എന്തുകൊണ്ട് മാര്‍ട്ടിനസ്

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഫൂട്ട് പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ട കളിക്കാരുടെ ലിസ്റ്റില്‍ ലയണല്‍ മെസ്സിയുമുള്‍പ്പെട്ടിരുന്നു. മാര്‍ക്കോ വെറാറ്റി, നെയ്മര്‍, വിര്‍ജില്‍ വാന്‍ഡൈക്ക്, തോമസ് മുള്ളര്‍, ഹാരി കെയ്ന്‍, കരീം ബെന്‍സെമ, അന്റോണിയോ ഗ്രീസ്മാന്‍, ലൊറ്റാറോ മാര്‍ട്ടിനസ് എന്നിവരായിരുന്നു ലിസ്റ്റിലെ മറ്റു താരങ്ങള്‍.

ഇവരില്‍ നിന്നാണ് അര്‍ജന്റൈന്‍ സ്‌ട്രൈക്കറും ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാന്റെ ഗോളടിവീരനുമായ മാര്‍ട്ടിനസ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ ദേശീയ ടീമിനും ക്ലബ്ലിനും വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് താരത്തെ മുന്നിലെത്തിച്ചത്.

ഇന്ററിനൊപ്പം സെരി എ കിരീടം നേടി അദ്ദേഹം 33 മല്‍സരങ്ങളില്‍ നിന്നായി 24 ഗോളുകള്‍ നേടിയിരുന്നു. കൂടാതെ ഈ വര്‍ഷമാദ്യം നടന്ന കോപ്പാ അമേരിക്കയില്‍ അര്‍ജന്റീന ചാംപ്യന്‍മാരായപ്പോള്‍ കൊളംബിയക്കെതിരേ കലാശപ്പോരാട്ടത്തില്‍ ടീമിന്റെ വിജയ ഗോള്‍ നേടിയതും മാര്‍ട്ടിനസാണ്.

എന്നാല്‍ ഈ വര്‍ഷമെങ്കിലും ഗോള്‍ഡന്‍ ഫൂട്ട് ലഭിക്കുമെന്നു പ്രതീക്ഷിച്ച മെസിക്കു വീണ്ടും നിരാശനാവേണ്ടി വന്നു. അര്‍ജന്റീനയ്‌ക്കൊപ്പം കോപ്പാ അമേരിക്ക സ്വന്തമാക്കിയ അദ്ദേഹം അമേരിക്കന്‍ ലീഗില്‍ (MLS) ഇന്റര്‍ മയാമിക്കു വേണ്ടിയും മികച്ച പ്രകടനമാണ് നടത്തുന്നത്. സീസണില്‍ 23 മല്‍സരങ്ങളില്‍ നിന്നും 22 ഗോളുകള്‍ സ്‌കോര്‍ ചെയ്ത മെസ്സി 13 അസിസ്റ്റുകളും നല്‍കിയിരുന്നു.

LAUTARO MARTINEZ

എന്താണ് ഗോള്‍ഡന്‍ ഫൂട്ട്?

ലോക ഫുട്‌ബോളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന 27 വയസ്സോ, അതിനു മുകളിലോ പ്രായമുള്ള താരങ്ങള്‍ക്കാണ് ഓരോ വര്‍ഷവും ഗോള്‍ഡന്‍ ഫൂട്ട് പുരസ്‌കാരം നല്‍കുന്നത്. കരിയറില്‍ ഒരു തവണ മാത്രമേ ഒരാളെ അവാര്‍ഡിനായി പരിഗണിക്കുകയുള്ളൂ. ജേതാവായി തിരഞ്ഞെടുക്കപ്പെടുന്ന താരത്തിന്റെ കാലടയാളം പകര്‍ത്തിയെടുത്ത ശേഷം ഫ്രാന്‍സിലെ മൊണാക്കോയിലുള്ള ദി ചാംപ്യന്‍സ് പ്രൊമെനാഡെയില്‍ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്തു വരുന്നത്.

2003ലാണ് ഈ പുരസ്‌കാരത്തിനു തുടക്കമിട്ടത്. പ്രഥമ അവാര്‍ഡ് ഇറ്റലിയുടെ മുന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ബാജിയോക്കായിരുന്നു. അതിനു ശേഷം റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, റൊണാള്‍ഡീഞ്ഞോ, അലെക്‌സാണ്ട്രെ ഡെല്‍പിയറോ, ആന്ദ്രെസ് ഇനിയേസ്റ്റ, ദിദിയര്‍ ദ്രോഗ്ബ, ഐകര്‍ കസിയസ്, ജിയാന്‍ ലൂയിജി ബഫണ്‍, ലൂക്കാ മോഡ്രിച്ച്, സാമുവല്‍ എറ്റു, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പോളണ്ടിന്റെയും ബാഴ്‌സലോണയുടെയും സ്‌ട്രൈക്കറായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കായിരുന്നു അവാര്‍ഡ്.

Story first published: Friday, November 1, 2024, 20:37 [IST]
Other articles published on Nov 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+