ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളും അര്‍ജന്റൈന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സി കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ ശാന്തനായി കാണപ്പെടാറുള്ള വ്യക്തിയാണ്. രോഷാകുലനായി എതിര്‍ ടീമിലെ താരങ്ങളുമായോ, ഒഫീഷ്യലുകളുമായോ അദ്ദേഹം കൊമ്പുകോര്‍ക്കുന്നതോ, മോശമായി പെരുമാറുന്നതോ നമുക്കു കാണാന്‍ സാധിക്കാറുമില്ല. എന്നാല്‍ ഇപ്പോഴിതാ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇന്റര്‍ മയാമി താരമായ മെസ്സിക്കു മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ്.
അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിന്റെ (എംഎല്‍എസ്) പുതിയ സീസണിലെ ആദ്യ മല്‍സരത്തിനു പിന്നാലൊണ് അദ്ദേഹത്തിനു പിഴ ചുമത്തിയത്. ന്യൂയോര്‍ക്ക് സിറ്റിയുമായി 2-2നു ഇന്റര്‍ മയാമി സമനില വഴങ്ങി മല്‍സരത്തിനു ശേഷമാണ് ക്യാപ്റ്റന്‍ കൂടിയായ മെസ്സിക്കു മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

പിഴയ്ക്കു കാരണമെന്ത് ?
ന്യൂയോര്‍ക്ക് സിറ്റിയുമായുള്ള ആവേശകരമായ പോരാട്ടം 2-2നു സമനിലയില്‍ കലാശിച്ചതിനു പിന്നാലെയാണ് ലയണല്‍ മെസ്സിയുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായത്. എതിര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ മെഹ്ദി ബലൗച്ചിയുമായി തര്‍ക്കിക്കുകയും കഴുത്തിനു പിന്നില്‍ കൈവച്ച് മെസ്സി തള്ളുകയും ചെയ്യുകയായിരുന്നു.
നേരത്തേ കളിക്കിടെ റഫറി അലെക്‌സിസ് ഡാ സില്‍വയോടും താരം മോശമായി പെരുമാറിയിരുന്നു. റഫറിക്കു പിന്നാലെ നടന്ന് അദ്ദേഹം വാദിക്കുകയും വാക്‌പോരിനു ശ്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നു മെസ്സിക്കു മഞ്ഞക്കാര്‍ഡും ലഭിച്ചിരുന്നു.
മല്‍സരശേഷം എംഎല്‍എസ് അച്ചടക്ക സമിതിയാണ് ന്യൂയോര്‍ക്ക് സിറ്റി അസിസ്റ്റന്റ് കോച്ചിനെതിരേ മെസ്സി പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയത്. തുടര്‍ന്നു അര്‍ജന്റൈന്‍ ഇതിഹാസത്തിനു പിഴയും ചുമത്തി. പക്ഷെ എത്രയാണ് ഈ തുകയെന്നു പുറത്തുവിട്ടിട്ടില്ല.
ഈ മല്‍സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഇന്റര്‍ മയാമിയാണ്. കളി തുടങ്ങി അഞ്ചു മിനിറ്റിനകം തന്നെ മെസ്സിയുടെ പാസില്‍ നിന്നാണ് തോമസ് അവൈല്‍സ് അക്കൗണ്ട് തുറന്നത്. എന്നാല്‍ 18ാം മിനിറ്റില്‍ അവൈല്‍സ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ മയാമി ടീം 10 പേരായി ചുരുങ്ങുകയും ചെയ്തു.
26ാം മിനിറ്റില്‍ മിത്തിയ ഇലേനിച്ചിലൂടെ ന്യൂയോര്‍ക്ക് സമനില ഗോള്‍ കണ്ടെത്തി. രണ്ടാം പകുതി തുടങ്ങി 10 മിനിറ്റിനകം മാര്‍ട്ടിനസിലൂടെ ന്യൂയോര്‍ക്ക് ആദ്യമായി കളിയില്‍ ലീഡ് നേടി. എന്നാല്‍ കളി തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ ഇഞ്ചുറിടൈമില്‍ ടെലാസ്‌കോ സെഗോവിറ്റയുടെ ഗോളില്‍ മയാമി സമനില പിടിച്ചുവാങ്ങുകയായിരുന്നു.