ബാഴ്‌സലോണ: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി വിലയിരുത്തപ്പെടുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്ക് ഗോളടി മികവില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമായി. യൂറോപ്പില്‍ തുടര്‍ച്ചയായ 11-ാം സീസണില്‍ മുപ്പതോ അതിലധികമോ ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയത്. കഴിഞ്ഞദിവസം റയല്‍ വയ്യാഡോളിഡിനെതിരെ ബാഴ്‌സലോണ്ക്കുവേണ്ടി ഒരു ഗോള്‍ നേടിയതോടെയാണ് മെസ്സി 30 ഗോള്‍ തികച്ചത്.
മെസ്സിക്ക് മുന്‍പ് യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയിരുന്നു. ഈ സീസണില്‍ ഇതുവരെ 21 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ 9 എണ്ണംകൂടി നേടിയാല്‍ തുടര്‍ച്ചയായ 12 സീസണുകളില്‍ മുപ്പതോ അതിലധികമോ ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതി ഒറ്റയ്ക്ക് സ്വന്തമാക്കും. ഈ സീസണിലാണ് ക്രിസ്റ്റിയാനോ യുവന്റസിലെത്തിയത്.

റയല്‍ വയ്യാഡോളിഡിനെതിരായ മത്സരത്തിന്റെ 43-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ലയണല്‍ മെസ്സി ടീമിനെ വിജയത്തിലേക്കും നയിച്ചു. അതേസമയം, 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സ്‌കോര്‍ ചെയ്യാന്‍ മെസ്സിക്ക് കഴിഞ്ഞില്ല. സുവാരസ്, റാക്കിറ്റിച്ച് എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ വിശ്രമം നല്‍കിയാണ് ബാഴ്സ കളത്തിലിറങ്ങിയത്. ജയത്തോടെ ലാ ലീഗയില്‍ 24 മത്സരങ്ങളില്‍ നിന്ന് 54 പോയന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്താണ്. ഏഴ് പോയിന്റ് പിന്നിലായി റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.