ലണ്ടന്‍: കളിക്കളത്തില്‍ മാന്യമായ കളി കാഴ്ചവെച്ച താരങ്ങള്‍ക്കാണ് ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ് നല്കിവന്നിരുന്നത്. എന്നാല്‍, ഇതാദ്യമായി ഒരു കളിയില്‍നിന്നും വിട്ടുനിന്നതിനാണ് ജര്‍മന്‍ താരം ലെനാര്‍ട്ട് തൈയ്ക്ക് ഇത്തവണ ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചത്. തുര്‍ക്കി ക്ലബ്ബ് ബിബി എര്സുറുമിന്റെ താരമാണ് ഇപ്പോള്‍ ലെനാര്‍ട്ട് തൈ. നേരത്തെ വിവിവി വെല്നോയുടെ താരമായിരുന്നു.
വിവിവി വെല്നോയ്ക്കു വേണ്ടി കളിക്കുന്നതിനിടെ പിഎസ് വി ഐന്തോവനെതിരെ ലെനാര്‍ട്ട് ഒരു കളിയില്‍നിന്നും വിട്ടുനിന്നിരുന്നു. ഇതാണ് അവാര്‍ഡ് പരിഗണനയ്ക്കര്ഹനാക്കിയത്. ഡിഎന്‍എ യോജിക്കുന്നതിനാല്‍ ഒരു ലുക്കീമിയ രോഗിക്കുവേണ്ടി സ്റ്റെം സെല്‍ നല്‍കാനായാണ് താരം കളിക്കളത്തില്‍നിന്നും വിട്ടുനിന്നത്. താരത്തിന്റെ പ്രവര്‍ത്തി അന്ന് ലോകത്തിന്റെ കൈയ്യടി നേടിയിരുന്നു.
ലെനാര്‍ട്ട് സ്റ്റെം സെല്‍ നല്കാന് പോയതറിഞ്ഞ് സ്റ്റേഡിയത്തിലെ മുഴുവന്‍ കാണികളും ഒരു മിനിറ്റുനേരം എഴുന്നേറ്റുനിന്ന് കൈയ്യടിച്ചാണ് സ്നേഹം അറിയിച്ചത്. അറിയപ്പെടുന്ന ഫുട്ബോള്‍താരം സ്റ്റെം സെല്‍ ഡോണറായത് നെതര്‍ലന്‍ഡിസില്‍ സ്റ്റെം സെല്‍ ദാതാക്കളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. തനിക്ക് ലഭിച്ച വലിയ ബഹുമതിയാണ് ഇതെന്ന് അവാര്‍ഡ് സ്വീകരിച്ച് ലെനാര്‍ട്ട് പറഞ്ഞു.
രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് സഹായം വേണമെന്നറിഞ്ഞപ്പോള്‍ അതിനേക്കാള്‍ പ്രാധാന്യം മറ്റൊന്നിനും തോന്നിയില്ല. തനിക്ക് പിന്നാലെ ആയിരക്കണക്കിന് സ്റ്റെം സെല്‍ താദാക്കള് നെതര്‍ലന്‍ഡിസില്‍ രജിസ്റ്റര്‍ ചെയ്തു. തന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ് അതെന്നും ലെനര്‍ട്ട് വ്യക്തമാക്കി.