ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത കളിയുമായി ലെസ്റ്റര്‍ സിറ്റിയുടെ ഗംഭീര തിരിച്ചുവരവ്. ടോപ് ഫൈവില്‍ മത്സരരംഗത്തുള്ള ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റി തകര്‍ത്തുവിട്ടു. ആദ്യ പകുതിയില്‍ 2-0ന് മുന്നിലായിരുന്ന ലെസ്റ്റര്‍ മത്സരം ഒരു മണിക്കൂറിലെത്തിയപ്പോള്‍ കാല്‍ഡസന്‍ ഗോളുകള്‍ക്ക് മുന്നിലായി. കഴിഞ്ഞ സീസണില്‍ ലെസ്റ്ററിനെ ലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്‌ട്രൈക്കര്‍ ജാമി വാര്‍ഡി ഇരട്ട ഗോളുകളുമായി ഫോമിലേക്കുയര്‍ന്നു.
28, 60 മിനുട്ടുകളിലാണ് വാര്‍ഡിയുടെ ഡബിള്‍. ഡ്രിങ്ക് വാട്ടര്‍ മുപ്പത്തൊമ്പതാം മിനുട്ടില്‍ സീസണിലെ ആദ്യ ലീഗ് ഗോള്‍ നേടി. അറുപത്തെട്ടാം മിനുട്ടില്‍ ബ്രസീലിയന്‍ താരം ഫിലിപ് കൊട്ടിഞ്ഞോയാണ് യുര്‍ഗന്‍ ക്ലോപിന്റെ ടീമിന്റെ മുഖം രക്ഷിക്കാന്‍ ഒരു ഗോള്‍ മടക്കിയത്. പരിശീലകസ്ഥാനത്ത് നിന്ന് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ചാമ്പ്യന്‍മാരുടെ മികവിലേക്ക് തിരിച്ചുവരുന്ന കാഴ്ചയായിരുന്നു. അപ്രതീക്ഷിത തോല്‍വിയില്‍ ലിവര്‍പൂളിന് ടോപ് ഫോറിലേക്ക് തിരിച്ചെത്താനുള്ള അവസരം നിഷേധിക്കപ്പെട്ടു. 26 മത്സരങ്ങളില്‍ 49 പോയിന്റുള്ള ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്താണ്. 50 പോയിന്റുള്ള ആഴ്‌സണലും 52 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് തൊട്ട് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിന് 53 ഉം ഒന്നാംസ്ഥാനത്തുള്ള ചെല്‍സിക്ക് 63ഉം പോയിന്റ്.
ഇരുപത്താറ് മത്സരങ്ങളില്‍ 24 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റി പതിനഞ്ചാം സ്ഥാനത്തേക്ക് കയറി. ലീഗില്‍ ശേഷിക്കുന്ന പന്ത്രണ്ട് മത്സരങ്ങളില്‍ വിജയക്കുതിപ്പ് തുടരാനായാല്‍ ലെസ്റ്ററിന് ആദ്യ പത്തില്‍ ഇടം പിടിക്കാനാകും. റാനിയേരി പുറത്തായതോടെ താത്കാലിക കോച്ച് ക്രെയ്ഗ് ഷെക്‌സ്പിയറാണ് ലെസ്റ്ററിന് തന്ത്രമൊരുക്കുന്നത്.

കളിയിലെ കണക്കുകള്‍
1- നടപ്പ് സീസണില്‍ ലെസ്റ്റര്‍ സിറ്റി ആദ്യം ഗോള്‍ നേടിയ ആറ് മത്സരത്തിലും ജയിച്ചിട്ടുണ്ട്. ലിവര്‍പൂളിനെതിരെയും ആ ശീലം തുടര്‍ന്നു.
2- ഡിസംബര്‍ 31ന് ശേഷം ലെസ്റ്റര്‍ സിറ്റി ആദ്യ ഗോള്‍ നേടുന്നത് ലിവര്‍പൂളിനെതിരെ ജയിച്ചപ്പോഴാണ്. ജാമി വാര്‍ഡിയാണ് പ്രീമിയര്‍ ലീഗില്‍ 637 മിനുട്ടുകള്‍ക്ക് ശേഷം ലെസറ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയത്.
3- പന്ത്രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് കോട്ടീഞ്ഞോ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. വാട്‌ഫോഡിനെതിരെ നവംബറിലായിരുന്നു അവസാന ഗോള്‍.
4- ലെസ്റ്റര്‍ സിറ്റിയുടെ വില്‍ഫ്രഡ് എന്‍ദിദി ലിവര്‍പൂളിനെതിരെ പതിനൊന്ന് ടാക്ലിംഗുകള്‍ നടത്തിയത് സീസണിലെ രണ്ടാമത്തെ മികച്ച ഡിഫന്‍ഡിംഗാണ്. ഒരു മത്സരത്തില്‍ കൂടുതല്‍ ടാക്ലിംഗ് നടത്തിയത് ചെല്‍സിയുടെ എന്‍ഗോലോ കാന്റെയാണ് - 14 ടാക്ലിംഗുകള്‍. കാന്റെ ലെസ്റ്ററിന്റെ മുന്‍ താരമാണ്. ജനുവരിയില്‍ ലിവര്‍പൂളിനെതിരെ തന്നെയായിരുന്നു കാന്റെയുടെയും ടാക്ലിംഗ് മഹാമഹം.
5- സീസണില്‍ ലിവര്‍പൂളിന്റെ അഞ്ച് തോല്‍വികളില്‍ നാലും റെലഗേഷന്‍ സോണില്‍ നില്‍ക്കുന്ന ക്ലബ്ബുകള്‍ക്കെതിരെ ആയിരുന്നു. ബണ്‍ലി, സ്വാന്‍സി, ഹള്‍ സിറ്റി, ഇപ്പോള്‍ ലെസ്റ്റര്‍ സിറ്റിയും !
ഗോള്‍ നില
ലെസ്റ്റര്‍ സിറ്റി 3-1 ലിവര്‍പൂള്‍
പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ് ക്രമത്തില്‍)
ചെല്‍സി 26 63
ടോട്ടനം 26 53
മ.സിറ്റി 25 52
ആഴ്‌സണല്‍ 25 50
ലിവര്‍പൂള്‍ 26 49