ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയില്‍ കിരീടപ്പോരാട്ടം മുറുകുമ്പോള്‍ ബാഴ്‌സലോണയ്ക്ക് കടുത്ത തിരിച്ചടി നല്‍കി അന്റോണി ഗ്രിസ്മാന്റെ പരിക്ക്. വലത് കാലിന്റെ മസിലിന് പരിക്കേറ്റ വിവരം ബാഴ്‌സലോണ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഗ്രിസ്മാന്റെ അഭാവം ബാഴ്‌സലോണയ്ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പാണ്.
36 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്. 35 മത്സരത്തില്‍ നിന്ന് 80 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് പട്ടികയില്‍ തലപ്പത്ത്.സീസണില്‍ രണ്ട് മത്സരം മാത്രം അവശേഷിക്കെ സൂപ്പര്‍ താരത്തിന് പരിക്കേറ്റത് ബാഴ്‌സലോണയെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. ലാലിഗയിലെ ഇനിയുള്ള മത്സരങ്ങളില്‍ ഗ്രിസ്മാന്‍ കളിക്കില്ലെന്നുറപ്പാണ്. എന്നാല്‍ ആവിശ്യത്തിന് വിശ്രമം നല്‍കി ഓഗസ്റ്റില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ലീഗിലൂടെ ഗ്രിസ്മാനെ തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ.

ഈ സീസണില്‍ അത്‌ലറ്റികോ മാഡ്രിഡ് വിട്ടാണ് ഗ്രിസ്മാന്‍ ബാഴ്‌സലോണയിലെത്തിയത്. 35 മത്സരത്തില്‍ നിന്ന് ഒമ്പത് ഗോളും അദ്ദേഹം നേടി. എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ ഗ്രിസ്മാന് സാധിച്ചിരുന്നില്ല. നേരത്തെ ഗ്രിസ്മാനെ ബാഴ്‌സലോണ കൈവിടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അത്‌ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റനിരയിലെ കുന്തമുനയായിരുന്ന ഗ്രിസ്മാന് പക്ഷേ ബാഴ്‌സയില്‍ ഈ മികവ് കാട്ടാനായില്ല. ലൂയിസ് സുവാരസ് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സമയത്ത് മെസ്സിക്കൊപ്പം ഗ്രിസ്മാന് പലവട്ടം അവസരം നല്‍കിയെങ്കിലും ഒന്നും മുതലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഇതോടെയാണ് ഗ്രിസ്മാന്റെ കൂടുമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഒടുവില്‍ ഇതിനോട് ഗ്രിസ്മാന്‍തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. ബാഴ്‌സലോണയില്‍ തുടരുമെന്നും ക്ലബ്ബ് വിടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ലാലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തില്‍ 90ാം മിനുട്ടില്‍ ഗ്രിസ്മാനെ പകരക്കാരനായി ഇറക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.ഗ്രിസ്മാനെ അപമാനിക്കുന്ന നടപടിയാണ് ബാഴ്‌സലോണ പരിശീലകന്‍ നത്തിയതെന്ന തരത്തിലായിരുന്നു അന്ന് പ്രതിഷേധം ഉയര്‍ന്നത്.
ഇതിനിടെ ലയണല്‍ മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹവും ശക്തമായി നിലനില്‍ക്കുന്നു. മെസ്സിയുടെ ബാഴ്‌സയുമായുള്ള കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. കരാര്‍ പുതുക്കാന്‍ മെസ്സിക്ക് താല്‍പ്പര്യമില്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍ ബാഴ്‌സലോണ പ്രസിഡന്റ് ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. മെസ്സി ബാഴ്‌സലോണയ്‌ക്കൊപ്പം വിരമിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കോവിഡ് കാലത്തെ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സി ബാഴ്‌സലോണ മാനേജ്‌മെന്റുമായി ഉടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുമാറ്റ അഭ്യൂഹങ്ങള്‍ ശക്തമായത്.