Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പത്ത് പേരുമായി ഡല്‍ഹി വിറപ്പിച്ചു, ഷൂട്ടൗട്ടില്‍ തടിതപ്പി കേരളം ഫൈനലില്‍, ഈ കളി മതിയോ കപ്പടിക്കാന്‍?

ഡല്‍ഹി: കൊച്ചിയിലെ ഐ എസ് എല്‍ ഫൈനലില്‍ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടിക്കറ്റെടുത്തിരിക്കുന്നു, കേരളക്കരയുടെ സ്വപ്നസാഫല്യം !

ഗോളുകള്‍ മാറി മറിഞ്ഞ പോരില്‍ അധികസമയത്തിന്റെ അനിശ്ചിതത്വവും പിന്നിട്ട് ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനമോസിനെ കീഴടക്കി ഐ എസ് എല്ലില്‍ രണ്ടാം തവണ ഫൈനല്‍ ബെര്‍ത് സ്വന്തമാക്കുന്നത്. ഷൂട്ടൗട്ടില്‍ 3-0നായിരുന്നു ജയം. നിശ്ചിത-അധിക സമയങ്ങളില്‍ ഇരുപാദ സ്‌കോര്‍ 2-2ന് തുല്യം. ആദ്യ പാദം കൊച്ചില്‍ 1-0ന് ജയിച്ച ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിയിലെ രണ്ടാം പാദത്തില്‍ 2-1ന് പിറകില്‍ പോയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

നിശ്ചിത സമയത്ത് ഡല്‍ഹിക്കായി മാഴ്‌സലീഞ്ഞോയും റോച്ചയും ഗോള്‍ നേടി. കേരളത്തിനായി ഡക്കന്‍സ് നാസോണായിരുന്നു സ്‌കോറര്‍. ഇരുപത്തേഴാം മിനുട്ടില്‍ മിലന്‍ സിംഗ് ചുവപ്പ് കണ്ടതോടെ ശേഷിക്കുന്ന സമയം പത്ത് പേരുമായാണ് ഡല്‍ഹി പൊരുതിയത്.

kerala-blasters-vs-delhi-dynamos

ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് എതിരാളി. പ്രഥമ എഡിഷനിലും ഇവര്‍ തന്നെയായിരുന്നു ഫൈനല്‍ കളിച്ചത്. അന്ന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.

സ്‌പോട് കിക്കില്‍ പിഴച്ച് ഡല്‍ഹി..

ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോഴെ ഡല്‍ഹിക്കാരുടെ മുഖം കറുപ്പണിഞ്ഞു. കോച്ച് സംബ്രോട്ട കളിക്കാര്‍ക്ക് ഊര്‍ജം നല്‍കാനുണ്ടായിരുന്നെങ്കിലും ഹോം ഗ്രൗണ്ടില്‍ ഷൂട്ടൗട്ട് നേരിടുക കഠിനംതന്നെ. ആദ്യ മൂന്ന് കിക്കും ഡല്‍ഹിക്കാര്‍ പാഴാക്കിയതോടെ കേരള ടീമിന് കാര്യങ്ങള്‍ എളുപ്പമായി. ആദ്യ കിക്കെടുത്ത മാര്‍ക്വു താരം ഫ്‌ളോറന്റ് മലൂദയുടെ ഷോട്ട് ഗ്യാലറിയിലേക്കാണ് പോയത്. രണ്ടാം കിക്കെടുത്ത പെലിസാരിയും അതേ വഴിക്ക് പന്തടിച്ച് മലൂദക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ! ടെന്‍ഷന്‍ മുഴുവന്‍ പേറി ഇബ്രാഹിം നാസെ കിക്കെടുത്തത് ദുര്‍ബലമായി. ഇടത്തേക്ക് പറന്ന് ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി മത്സരത്തില്‍ തന്റെ ഏക ഹീറോയിസം കാണിച്ചു.

കേരളത്തിന്റെ ആദ്യ കിക്കെടുത്തത് ഹൊസുവായിരുന്നു. ബുള്ളറ്റ് ഷോട്ട് നെറ്റിന്റെ മുകള്‍ഭാഗത്ത് തറച്ച് കയറിയപ്പോള്‍ ഡല്‍ഹി ഗോളി കാഴ്ചക്കാരനായി. ജെര്‍മെയിന്‍ എടുത്ത രണ്ടാം കിക്ക് ഗോളി ഇടത്തേക്ക് വീണ് തടഞ്ഞു. ദുര്‍ബലമായ ഗ്രൗണ്ടറായിരുന്നു അത്. എന്നാല്‍ ബെല്‍ഫോര്‍ട്ടും റഫീഖും പിഴവില്ലാത്ത കിക്കെടുത്ത് ജയം ഉറപ്പിച്ചു.

പ്ലീസ് സന്ദീപ് നന്ദിയെ ഹീറോയാക്കരുത് !

ഡല്‍ഹിയുടെ മൂന്നാം കിക്ക് ഇടത്തേക്ക് ഡൈവ് ചെയ്ത് തട്ടിയിട്ടതിന് സന്ദീപ് നന്ദിക്ക് ഫുള്‍ മാര്‍ക്ക് നല്‍കാം. പക്ഷേ കളിയിലെ ഹീറോ നന്ദിയാണെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക് ! ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിയുടെ മൈതാനത്ത് വഴങ്ങിയ രണ്ട് ഗോളുകളും സന്ദീപ് നന്ദിയുടെ മണ്ടത്തരത്തില്‍ നിന്നായിരുന്നു. നിര്‍ണായകമായ മത്സരത്തില്‍ സ്‌കൂള്‍ നിലവാരം പോലുമില്ലാത്ത പ്രകടനമായിരുന്നു നന്ദിയുടേത്. ഡല്‍ഹിക്കാര്‍ ആദ്യ രണ്ട് കിക്കും പുറത്തേക്കടിച്ചതോടെ തന്നെ മത്സരം ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായിരുന്നു. അതിനാല്‍ സന്ദീപ് നന്ദിയല്ല ബ്ലാസ്റ്റേഴ്‌സിന്റെ താരം.

ജിങ്കനെ എങ്ങനെ മറക്കും

പ്രതിരോധ നിരയില്‍ ഗോളി സന്ദീപ് നന്ദി ദുര്‍ബല സാന്നിധ്യമായതോടെ ടെന്‍ഷന്‍ മുഴുവനും ഹെംഗ്ബര്‍ട്ടിനും ഹ്യൂസിനും ജിങ്കനുമായിരുന്നു. ഗോള്‍ മേഖലവിട്ട് ഗോളി സ്ഥാനം തെറ്റി കയറിപ്പോകുന്ന പതിവിനിടെ രണ്ട് ഗോളുകള്‍ വീണു. മൂന്നാം ഗോളിനും വലിയ സാധ്യതയുണ്ടായിരുന്നു. എഴുപത്തേഴാം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്നുയര്‍ന്നു വന്ന പന്ത് മലൂദയുടെ ബാക് ഹെഡറില്‍ വലയില്‍ കയറേണ്ടതായിരുന്നു.അതാകട്ടെ ഗോള്‍ലൈനില്‍ നിന്ന് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ജിങ്കന്‍ ഹെഡറിലൂടെ ക്ലിയര്‍ ചെയ്ത് വിടുകയായിരുന്നു. അത് ഗോളായിരുന്നെങ്കില്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീളില്ലായിരുന്നു.

ഡല്‍ഹി തോല്‍ക്കുന്നില്ല...

എന്തൊരു ടീം ! ടൂര്‍ണമെന്റിലുടനീളം നിറഞ്ഞു നിന്നു ഡല്‍ഹിയുടെ വെള്ളപ്പട. സ്‌പെയ്‌നില്‍ റയല്‍മാഡ്രിഡിനെ അനുസ്മരിപ്പിക്കുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സംബ്രോട്ടയുടെ വെള്ളപ്പട. ഗോള്‍ വഴങ്ങിയാല്‍ ഉടന്‍ അത് തിരിച്ചടിക്കും. സമ്മര്‍ദങ്ങള്‍ക്കൊന്നും വഴങ്ങാതെയുള്ള കേളീ ശൈലി. പ്രതിരോധത്തില്‍ നിന്ന് അതിവേഗം അറ്റാക്കിംഗിലേക്ക് വരുന്ന രീതി. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇരുപത്തേഴാം മിനുട്ടില്‍ പത്ത് പേരായി ചുരുങ്ങിയതിന് ശേഷമായിരുന്നു ഡല്‍ഹി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒരിക്കലും അമിത പ്രതിരോധത്തിലേക്ക് പോകാതെ അവര്‍ കളിച്ചു. ഡിഫന്‍സില്‍ മൂന്ന് പേരെ നിര്‍ത്തി മധ്യനിരയില്‍ അഞ്ച് പേര്‍ക്ക് ഇടം നല്‍കി സംബ്രോട്ട പ്ലാന്‍ മാറ്റിയപ്പോള്‍ കേരള നിര കുഴങ്ങി. മലൂദയായിരുന്നു ടീമിന്റെ ബ്രെയിന്‍. പന്ത് പിടിച്ചെടുത്ത് മലൂദ നല്‍കിയ പാസുകളില്‍ അപകടം ഒളിച്ചിരുന്നു. മാഴ്‌സലീഞ്ഞോ എത്ര തവണയാണ് ഗോളിനടുത്തെത്തിയത്. ഫിനിഷിംഗിലെ പോരായ്മ കൊണ്ട് മാത്രം ഡല്‍ഹി അര്‍ഹിക്കുന്ന ജയം നേടാനാകാതെ പോയി. പത്ത് പേരുമായി ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ക്ഷീണിതരെ പോലെയാണ്. സബ്സ്റ്റിറ്റിയൂഷനെല്ലാം നേരത്തെ നടത്തിപ്പോയതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. പക്ഷേ ഭാഗ്യം കൂടെയുണ്ടായിരുന്നു.

Story first published: Thursday, December 15, 2016, 10:03 [IST]
Other articles published on Dec 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+