ചാവേറുകള്‍ ആരൊക്കെയാകും ? വെട്ടിവീഴ്ത്തുന്നതു നാസണോ വിനീതോ ? ഹോസുട്ടനില്ലല്ലോ ? റിനോ ഇറങ്ങുമോ ?
കൊച്ചി: കലാശക്കളിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ആരൊക്കെയായിരിക്കും അന്തിമ പോരിനിറങ്ങുന്ന ആദ്യ 11 ചാവേറുകള്‍ എന്നതാണു പ്രസക്തമായ ചോദ്യം. ഓരോ മത്സരത്തിലും കളിക്കാരേയും ലൈനപ്പും മാറ്റി മാറ്റി പരീക്ഷിക്കുന്ന സ്റ്റീവ് കോപ്പല്‍ ഫൈനലിനു വേണ്ടി കരുതി വച്ചിരിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയാകും.
മുന്‍ ചാംപ്യന്മാരും ടൂര്‍ണമെന്റിലെ കരുത്തന്മാരുമായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ ഫൈനലില്‍ നേരിടുമ്പോള്‍ സാധാരണ തന്ത്രങ്ങള്‍ മതിയാകില്ല. സ്വന്തം ഗ്രൗണ്ടില്‍ വിജയിക്കണമെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് കടുത്ത പോരാട്ടം തന്നെ നേരിടേണ്ടി വരും.
എന്തൊക്കെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ തന്ത്രങ്ങള്‍. ലൈനപ്പ് എങ്ങനെയായിരിക്കും. കിരീടത്തിലേക്കുള്ള ദുരം താണ്ടാന്‍ കോപ്പല്‍ ഒരുക്കിവച്ചിരിക്കുന്ന സമവാക്യം എന്തായിരിക്കും. ആരൊക്കെയായിരിക്കും ആ സമവാക്യം മൈതാനത്തു നടപ്പാക്കുക.

മുന്‍ നിരയില്‍ ബെല്‍ഫോര്‍ട്ടിനേയും ഡങ്കന്‍ നാസണേയും തന്നെയായിരിക്കും തുടക്കത്തില്‍ നിയോഗിക്കുക. രണ്ടു പേരും മികച്ച ഫോമിലാണ്. മധ്യനിരയില്‍ വിനീത്, അസ്രാക് മെഹമ്മദ്, മെഹ്താബ് ഹുസൈന്‍, മുഹമ്മദ് റഫീഖ്, പ്രതിരോധത്തില്‍ ജിംഘാന്‍, ഹ്യൂസ്, ഹെങ്ബര്‍ട്, കാഡിയോ, ബാറിനു താഴെ ഗ്രഹാം സ്റ്റാക്കോ നന്ദിയോ

കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ ഹോസുവിനു പകരം ആര് പ്രതിരോധ നിരയില്‍ ഇറങ്ങും എന്നതാണു ചോദ്യം. ഹ്യൂസിനും ഹെങ്ബര്‍ട്ടിനും ജിംഘനുമൊപ്പം കാഡിയോ കോട്ടകാക്കാനെത്താനാണു സാധ്യതയേറെ. മലയാളി താരം റിനോ ആന്റോയെ ഫൈനലില്‍ കോപ്പല്‍ പരീക്ഷിക്കാനുള്ള സാധ്യത കുറവാണ്.

ഇരു വിങ്ങുകളിലൂടെയും ആക്രമിച്ചു കയറുന്ന ശൈലിയാണു കോപ്പല്‍ സാധാരണ നടപ്പാക്കാറ്. ഇതു തുടരുയാണെങ്കില്‍ ഇരുവിങ്ങുകളിലൂടെയും വിനീതും റഫീഖും നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ണായകമാകും. കഴിഞ്ഞ മത്സരത്തില്‍ റഫീഖിന്റെ ഭാഗത്തു നിന്നു മികച്ച മുന്നേറ്റങ്ങള്‍ കണ്ടിരുന്നു.

ഡങ്കന്‍ നാസണും കെര്‍വിന്‍സ് ബെല്‍ഫോര്‍ട്ടും ലക്ഷ്യം കണ്ടെത്തിയാല്‍ കൊല്‍ക്കത്ത കൊച്ചിയില്‍ നിന്നു തലകുനിച്ചു മടങ്ങേണ്ടിവരും. ഇരുവരും മികച്ച ഫോമില്‍ കളിക്കുന്നു. സബ്‌സ്റ്റിറ്റിയൂഷനില്‍ ജര്‍മന്‍ എത്തുകയും ജര്‍മന്‍ പാസുകള്‍ക്കു തയാറാകുകയും ചെയ്താല്‍ മ്ത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര കൊല്‍ക്കത്തയ്ക്കു തലവേദനയാകും.

മധ്യനിരയില്‍ കളിവരാത്തതാണു പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനു തലവേദനയാകുന്നത്. മെഹ്താബ് ഹുസൈന്‍ പ്രതീക്ഷയ്‌ക്കൊത്തുയരുന്നില്ല. അസ്‌റാഖ് മെഹമ്മത് തമ്മില്‍ ഭേദമാണ്. മധ്യനിര പാളുമ്പോള്‍ പ്രതിരോധനിര കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരുന്നു.

പ്രതിരോധമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തി. ഹ്യൂസിന്റെ നേതൃത്വത്തിലുള്ള നിരയില്‍ മിഡ്ഫീല്‍ഡറായ ഹോസു മാത്രമാണ് അല്‍പം ദുര്‍ബലനായിരുന്നത്. കാഡിയോയൊ റിനോയൊ എത്തുന്നതോടെ ഈ കുറവു പരിഹരിക്കാനായേക്കും.

ബാറിനു താഴെ ആര്... കഴിഞ്ഞ മത്സരത്തില്‍ മികച്ച സേവുകള്‍ നടത്തുകയും ടൈ ബ്രേക്കറില്‍ ഒരു കിക്ക് തടഞ്ഞിട്ട് ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്ത നന്ദിക്കു തന്നെയാണു സാധ്യത. സ്റ്റാക്കും മികച്ച ഫോമിലാണ്.

മൂര്‍ച്ചയേറിയ ആക്രമണ നിരയാണു കൊല്‍ക്കത്തയുടെ കരുത്ത്. ഹ്യൂമും പോസ്റ്റിഗയും സമീക് ദൂത്തിയും ചേരുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധം വളരെയധികം കഷ്ടപ്പെടേണ്ടിവരും.

സ്റ്റീഫണ്‍ പിയേഴ്സണും ബോര്‍ഗ ഫെര്‍ണാണ്ടസുമടങ്ങുന്ന കൊല്‍ക്കത്ത മധ്യനിരയും ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയും തമ്മിലായിരിക്കും മത്സരം. ഷോട്പാസുകളിലൂടെ മുന്നേറി ആക്രമണ നിരക്കു കൃത്യമായി പന്തെത്തിക്കുത്ത കൊല്‍ക്കത്ത മധ്യനിരയെക്കൂടി പൂട്ടേണ്ട ഉത്തരവാദിത്വം ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ നിരയ്ക്കുണ്ടാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications