Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലപ്പൂട്ട്... പൂനെയ്ക്കെതിരേ വില്ലനായി റഫറിയും (1-1)

1
1022322
ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില | OneInidia Malayalam

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സമനില തെറ്റാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. പൂനെയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് 1-1ന്റെ സമനില കൊണ്ട് തൃപ്തിപ്പെട്ടു. മല്‍സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് വിജയം അര്‍ഹിച്ചിരുന്നെങ്കിലും ഇത്തവണയും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.

കളിക്കു വിപരീതമായി 13ാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ചിലൂടെ പൂനെയാണ് മുന്നിലെത്തിയത്. 42ാം മിനിറ്റില്‍ റഫറിയുടെ മോശം തീരുമാനം മൂലം അര്‍ഹിച്ച പെനാല്‍റ്റി കിക്ക് പോലും നഷ്ടമായ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ സമനില പിടിക്കുകയായിരുന്നു. 61ാം മിനിറ്റില്‍ നിക്കോള ക്രമാറെവിച്ചിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം സമനില കൂടിയാണിത്.

സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായാണ് ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. എന്നാല്‍, അ്ഞ്ച് മല്‍സരങ്ങൡ നിന്ന് രണ്ട് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് പൂനെ.

1

ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റമാണ് തുടക്കത്തില്‍ കണ്ടത്. കളിയുടെ ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം ഓഫ്‌സൈഡില്‍ കുടുങ്ങി. 10ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീത് ലക്ഷ്യം കാണാന്‍ ഷോട്ടുതീര്‍ത്തെങ്കിലും പൂനെ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ് സേവ് ചെയ്തു. 11ാം മിനിറ്റില്‍ സ്ലാവിസ സ്റ്റോജാനോവിക്കിന്റെ മികച്ചൊരു ഷോട്ടും പൂനെ ഗോളി സേവ് ചെയ്യുകയായിരുന്നു. 13ാം മിനിറ്റില്‍ കളിക്ക് വിപരീതമായി മാര്‍ക്കോ സ്റ്റാന്‍കോവിച്ചിലൂടെ പൂനെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. ബോക്‌സിനു സമീപത്തുനിന്ന് ഇടംകാല്‍ കൊണ്ട് തകര്‍പ്പന്‍ ബുള്ളറ്റ് ഷോട്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ നവീന്‍ കുമാറിന് ഒരുപഴുതും നല്‍കാതെ സ്റ്റോന്‍കോവിച്ച് ലക്ഷ്യം കാണുകയായിരുന്നു. ഗോള്‍ വീണതിനു ശേഷമുള്ള ഏഴു മിനിറ്റുകള്‍ കളി നിയന്ത്രിച്ചത് പൂനെയായിരുന്നു.

എന്നാല്‍, കളിയുടെ 20 മിനിറ്റുകള്‍ക്കം ശേഷം ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. സ്റ്റാന്‍കോവിക്കും വിനീതും സഹല്‍ അബ്ദുല്‍ സമദും നിരന്തരം പൂനെ ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 41ാം മിനിറ്റില്‍ സഹലിന്റെ മികച്ചൊരു ഷോട്ട് പൂനെ ഗോള്‍കീപ്പര്‍ കൈകളിലൊതുക്കി. കളിയുടെ 42ാം മിനിറ്റില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. പൂനെ ബോക്‌സിനരികിലുള്ള കൂട്ടപൊരിച്ചിലിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സ് താരം നിക്കോള ക്ലാമെരെവിച്ചിന്റെ ശ്രമമാണ് നാടകീയ രംഗങ്ങളുണ്ടാക്കിയത്. ക്ലാമരെവിച്ചിന്റെ നീക്കം അപ്പീലിനൊടുവില്‍ റഫറി ഗോളനുവദിച്ചു. എന്നാല്‍, പൂനെ താരങ്ങള്‍ റഫറിയുമായി കൊമ്പുകോര്‍ത്തതോടെ റഫറി വീണ്ടും നിലപാട് മാറ്റി. ബ്ലാസ്റ്റേഴ്‌സിന്റെ ഗോളും ഇതോടെ റഫറി നിഷേധിച്ചു.

എന്നാല്‍, അതിന് വ്യക്തമായ കാരണം റഫറിക്കുണ്ടായിരുന്നില്ല. കാരണം, പന്ത് ഗോള്‍വര കണ്ടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പൂനെ താരം കൈ കൊണ്ട് തടുത്താണ് പന്ത് തടുത്തിട്ടിട്ടുള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ ന്യായമായി ലഭിക്കേണ്ട പെനാല്‍റ്റി കിക്കാണ് റഫറിയുടെ മോശം തീരുമാനത്തോടെ നഷ്ടമായത്. ഒന്നാംപകുതിയില്‍ മികച്ച കളി കെട്ടഴിച്ചിട്ടും മോശം റഫറിങ്ങ് ബ്ലാസ്റ്റേഴ്‌സിനെ ഒരു ഗോളിന് പിന്നിലാക്കിയാണ് അവസാനിച്ചത്. രണ്ടാംപകുതിയില്‍ സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം ശക്തമാക്കി. 50ാം മിനിറ്റില്‍ സമദിലൂടെ സമനില ഗോള്‍ നേടാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം പൂനെ ഗോളി ഇല്ലാതാക്കി. ഡൗഗലിലൂടെയും മാറ്റെജ് പോപ്ലറ്റ്‌നിക്കിലൂടെയും ബ്ലാസ്റ്റേഴ്‌സ് നടത്തിയ ശ്രമങ്ങളും പാഴായി.

57ാം മിനിറ്റില്‍ പൂനെയ്ക്ക് ബ്ലാസ്റ്റേഴ്‌സിനു മേല്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. റഫറിയുടെ സംഭാവനയായിരുന്നു പൂനെയുടെ ആ പെനാല്‍റ്റിയെന്ന് ടിവി റീപ്ലേകള്‍ തെളിയിച്ചു. ബ്ലാസ്റ്റേഴ്‌സിന് റഫറിയുടെ ഇരട്ട പ്രഹരം എന്ന് തന്നെ വിശേഷിപ്പിക്കാം... ക്രമാറെവിച്ച് ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍വച്ച് പൂനെയുടെ എമിലാനോ അല്‍ഫറോ ടൊസ്‌കാനോയെ ഫൗളിനിരയാക്കിയെന്നാരോപിച്ചായിരുന്നു പെനാല്‍റ്റി. എന്നാല്‍, അത് അല്‍ഫാറോയുടടെ അഭിനയമാണെന്ന് തെളിഞ്ഞു. റഫറിയുടെ ദയകൊണ്ട് കിട്ടിയ പെനാല്‍റ്റി അല്‍ഫാറോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. അല്‍ഫാറോയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ തട്ടി പന്ത് പുറത്തേക്ക് പോവുകയായിരുന്നു. 61ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് അര്‍ഹിച്ച ഗോള്‍ നേടി. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ക്രമാറെവിച്ച് പൂനെ വലയ്ക്കുള്ളിലേക്കെത്തിക്കുകയായിരുന്നു. മല്‍സരം 1-1. ഗോള്‍ നേടിയതിനു ശേഷവും മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് വിജയഗോള്‍ നേടാനായില്ല.

Story first published: Friday, November 2, 2018, 21:49 [IST]
Other articles published on Nov 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+