മിഷന്‍ മുംബൈ... ഹ്യൂമേട്ടനും സംഘവും വീണ്ടുമിറങ്ങുന്നു, ലക്ഷ്യം മൂന്നാം ജയം
മുംബൈ: ഐഎസ്എല്ലില്‍ തകര്‍പ്പന്‍ ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് ഞായറാഴ്ച വീണ്ടുമിറങ്ങുന്നു. എവേ മല്‍സരത്തില്‍ മികച്ച ഫോമിലുള്ള മുംബൈ സിറ്റിയുമായാണ് മഞ്ഞപ്പട അങ്കം കുറിക്കുന്നത്. മുംബൈയില്‍ ഞായറാഴ്ച രാത്രി എട്ടു മണിക്കാണ് കിക്കോഫ്.
കഴിഞ്ഞ എവേ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരേ മൂന്നു ഗേളുകള്‍ക്കു കശക്കിയെറിഞ്ഞതിന്റെ ആവേശത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം എവേ മല്‍സരത്തിനിറങ്ങുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മുംബൈയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ മൂന്നു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. മുംബൈഅഞ്ചാമതും ബ്ലാസ്‌റ്റേഴ്‌സ് ഏഴാമതുമാണ്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ മഞ്ഞപ്പടയ്ക്ക് മികച്ച പ്രകടനം നടത്തിയേ തീരൂ.

ഹ്യൂമേട്ടന്റെ തിരിച്ചുവരവ്
സീസണില്‍ ആദ്യമായി ഫോമിലേക്ക് തിരിച്ചെത്തിയ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്റെ മാസ്മരിക പ്രകടനമാണ് ഡല്‍ഹിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് ആധികാരിക ജയം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ തൊട്ടുമുമ്പത്തെ കളികളിലെല്ലാം ഒരു ഗോള്‍ പോലും നേടാന്‍ കഴിയാതിരുന്ന ഹ്യൂം ഡല്‍ഹിക്കെതിരേ തകര്‍പ്പന്‍ ഹാട്രിക് നേടിയാണ് ഈ കുറവ് നികത്തിയത്.
മുംബൈക്കെതിരേ ഞായറാഴ്ച നടക്കുന്ന കളിയിലും ഹ്യൂമേട്ടന്റെ ഗോളടിമികവ് തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തലയ്‌ക്കേറ്റ പരിക്ക് വകവയ്ക്കാതെ കളിച്ചാണ് ഡല്‍ഹിക്കെതിരേ ഹ്യൂം ഹാട്രിക് നേടിയത്.

കാര്യമായ മാറ്റമുണ്ടാവില്ല
ഡല്‍ഹിക്കെതിരേ കളിച്ച ബ്ലാസ്റ്റേഴ്‌സ് ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കോച്ച് ഡേവിഡ് ജെയിംസ് ആഗ്രഹിക്കുന്നില്ല. വിന്നിങ് കോമ്പിനേഷനെ തന്നെ ഞായറാഴ്ചയും പരീക്ഷിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
കഴിഞ്ഞ മല്‍സരത്തിനിടെ പരിക്കേറ്റു കളം വിട്ട ബള്‍ഗേറിയന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് മുംബൈക്കെതിരേ കളിക്കാനുള്ള സാധ്യത കുറവാണ്. ബെര്‍ബ പുറത്തിരിക്കുകയാണെങ്കില്‍ പകരം ഡച്ച് യുവ സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസ് പ്ലെയിങ് ഇലവനിലെത്തും.

വിനീത് എവിടെ?
ആരാധകരുടെ പ്രിയതാരവും മലയാളി സ്‌ട്രൈക്കറുമായ സികെ വിനീത് എവിടെയാണെന്നാണ് ഏവരും ചോദിക്കുന്നത്. പരിക്കുമൂലം അവസാന മൂന്നു കളികളിലും താരം കളിച്ചിരുന്നില്ല. നിര്‍ണായക മല്‍സരങ്ങളില്‍ ഗോള്‍ നേടാന്‍ മിടുക്കനായ വിനീത് ഞായറാഴ്ച ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമല്ല.
വിനീത് മടങ്ങിയെത്തിയാല്‍ ജാക്കിച്ചാന്ദ് സിങ്, സിയാം ഹംഗല്‍ എന്നിവരിലൊരാളെ ടീമില്‍ നിന്നൊഴിവാക്കിയേക്കും.

ജെയിംസിന്റെ വരവ്
പ്രഥമ സീസണില്‍ ടീമിന്റെ ക്യാപ്റ്റനും കോച്ചുമായ മുന്‍ ഇംഗ്ലണ് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിനു വലിയ പ്രചോദനമായിട്ടുണ്ട്. ജെയിംസ് കോച്ചായ ശേഷമുള്ള രണ്ടു മല്‍സരങ്ങളിലും മഞ്ഞപ്പട തോറ്റിട്ടില്ല. പൂനെ സിറ്റിക്കെതിരേ സമനിലയോടെ തുടങ്ങിയ ജെയിംസ് ഡല്‍ഹിക്കെതിരേ ആദ്യ ജയവും കൈക്കലാക്കിയിരുന്നു.
ഡല്‍ഹിക്കെതിരേ നടത്തിയതു പോലെ മറ്റൊരു ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം ബ്ലാസ്റ്റേ്‌ഴ്‌സ് ടീമില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

കിസീത്തോ ഇംപാക്ട്
ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിപണി തുറന്നപ്പോള്‍ ടീമുമായി കരാര്‍ ഒപ്പുവച്ച ഉഗാണ്ടര്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ ഇതിനകം തന്റെ വരവറിയിച്ചു കഴിഞ്ഞു. പൂനെ സിറ്റിക്കെതിരേ രണ്ടാംപകുതുയില്‍ പകരക്കാരമായി ഇറങ്ങി കിസീത്തോ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു.
മികച്ചൊരു പ്ലേമേക്കര്‍ക്കു വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരിപ്പാണ് കിസീത്തോയിലൂടെ അവസാനിച്ചത്. പൂനെയ്‌ക്കെതിരേ നടത്തിയ ഉജ്ജ്വല പ്രകടനത്തെ തുടര്‍ന്ന് ഡല്‍ഹിക്കെതിരേയുള്ള കഴിഞ്ഞ മല്‍സരത്തില്‍ കിസീത്തോയെ കോച്ച് ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു.
മുംബൈക്കെതിരേും കിസീത്തോ ആദ്യ ഇലവനില്‍ തന്നെ ഉണ്ടാവുമെന്നുറപ്പാണ്.

മുംബൈ ശക്തമായ ടീം
ഡല്‍ഹിക്കെതിരായ മല്‍സരത്തേക്കാള്‍ കടുപ്പമായിരിക്കും ഞായറാഴ്ച മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം. ശക്തമായ പ്രതിരോധ നിരയാണ് മുംബൈക്കുള്ളത്. കൂടാതെ മുംബൈയുടെ മുന്നേറ്റ നിരയും മികച്ചതാണ്.
അഞ്ചു ഗോളുകളുമായി ഇന്ത്യന്‍ താരം ബല്‍വന്ത് സിങാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ബ്രസീലിയന്‍ താരം തിയാഗോ സാന്റോസ് നാലു ഗോളുകള്‍ നേടിയിട്ടുണ്ട്.
എവര്‍ട്ടന്‍ സാന്റോസ്-അക്കിലെ എമാന എന്നിവരടങ്ങിയ മുംബൈയുടെ മധ്യനിരയിലും കരുത്തുറ്റതാണ്. അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളിലും മുംബൈ തോല്‍വിയറിഞ്ഞിട്ടില്ല. രണ്ടെണ്ണത്തില്‍ ജയിച്ച മുംബൈ ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications