Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഡൈനാമോ'സ് ഫ്യൂസാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്... മഞ്ഞപ്പടയ്ക്ക് ജയം അനിവാര്യം, പോരാട്ടം ദില്ലിയില്‍

ദില്ലി: ഐഎസ്എല്ലില്‍ പുതിയ കോച്ച് ഡേവിഡ് ജെയിംസിനു കീഴില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബുധനാഴ്ച രാത്രി എട്ടിനു നടക്കുന്ന എവേ മല്‍സരത്തില്‍ മഞ്ഞപ്പട പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും. സീസണില്‍ ഇതുവരെ എട്ടു മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനു സ്വന്തമായുള്ളത്. 10 ടീമുകളുള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ എട്ടാംസ്ഥാനത്തു നില്‍ക്കുന്ന മഞ്ഞപ്പടയ്ക്ക് ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് സെമി ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്.

മറുഭാഗത്ത് ഡല്‍ഹിയുടെയും സ്ഥിതി പരിതാപകരമാണ്. എട്ടു കളികളില്‍ നിന്നും നാലു പോയിന്റ് മാത്രമുള്ള ഡല്‍ഹിക്കും ഇനിയുള്ളത് ജീവന്‍മരണ പോരാട്ടമാണ്. സെമി സാധ്യത കാത്തു സൂക്ഷിക്കണമെങ്കില്‍ സ്വന്തം മൈതാനത്ത് ബ്ലാസ്‌റ്റേഴ്‌സിനെതിരേ അവര്‍ക്കു ജയിച്ചേ തീരൂ.

എവേ മല്‍സരത്തില്‍ ജയിച്ചിട്ടില്ല

എവേ മല്‍സരത്തില്‍ ജയിച്ചിട്ടില്ല

ഈ സീസണിലെ ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള മല്‍സരങ്ങളില്‍ കൂടുതലും ഹോംഗ്രൗണ്ടായ കൊച്ചിയിലായിരുന്നു. ആകെ കളിച്ച എട്ടു കളികളില്‍ രണ്ടെണ്ണം മാത്രമായിരുന്നു എവേ മല്‍സരങ്ങള്‍. ഇതില്‍ രണ്ടിലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. ആദ്യ എവേ മല്‍സരത്തില്‍ എഫ്‌സി ഗോവയോട് 2-5ന്റെ ദയനീയ പരാജയമേറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ കളിയില്‍ സമനില വഴങ്ങുകയായിരുന്നു.
മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ 1-1ന്റെ സമനിലയാണ് മഞ്ഞപ്പട നേടിയത്. സീസണിലെ ആദ്യ എവേ ജയമാണ് ബുധനാഴ്ച ഡല്‍ഹിക്കെതിരേ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

വിനീത് പുറത്തു തന്നെ

വിനീത് പുറത്തു തന്നെ

ടീമിന്റെ കുന്തമുനയായ മലയാളി താരം സി കെ വിനീത് ഡല്‍ഹിക്കെതിരേയും ബ്ലാസ്റ്റേഴ്‌സിനായി കളിക്കാനുള്ള സാധ്യത കുറവാണ്. പരിക്കുമൂലം വിശ്രമിക്കുന്ന വിനീതിന് കൊച്ചിയില്‍ ബെംഗളൂരു എഫ്‌സി, പൂനെ സിറ്റി എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു മല്‍സരങ്ങളും നഷ്ടമായിരുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു മലയാളി താരവും ഡഫന്ററുമായ റിനോ ആന്റോയും ഡല്‍ഹിക്കെതിരേ കളിക്കുന്ന കാര്യം സംശയത്തിലാണ്. സസ്‌പെന്‍ഷന്‍ മൂലം കഴിഞ്ഞ മല്‍സരത്തില്‍ പുറത്തു നിന്ന ഡിഫന്റര്‍ ലാകിച്ച് പെസിച്ച് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാവും.

വന്നു, കണ്ടു, കീഴടക്കി

വന്നു, കണ്ടു, കീഴടക്കി

ജനുവരിയില്‍ ടീമിനൊപ്പം ചേര്‍ന്ന ഉഗാണ്ടന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കെസീത്തോ പൂനെയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തിലൂടെ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറിയിരുന്നു. രണ്ടാംപകുതിയില്‍ പകരക്കാരനായി കളത്തിലിറങ്ങിയ കെസീത്തോ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോളിനു വഴിയൊരുക്കിയതും കിസീത്തോയായിരുന്നു.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പോരായ്മായിരുന്ന മികച്ചൊരു മിഡ്ഫീല്‍ഡറുടെ അഭാവം. ഈ കുറവ് നികത്താന്‍ തനിക്കാവുമെന്ന് കഴിഞ്ഞ മല്‍സരത്തില്‍ കിസീത്തോ തെളിയിച്ചിരുന്നു. ഡല്‍ഹിക്കെതിരേ ആദ്യ ഇലവനില്‍ തന്നെ താരത്തെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

 ഇനി ജെയിംസിന്റെ ഊഴം

ഇനി ജെയിംസിന്റെ ഊഴം

പ്രഥമ സീസണിലെ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനും കോച്ചുമായിരുന്ന ഡേവിഡ് ജെയിംസിനെ അടുത്തിടെയാണ് തിരിച്ചുവിളിച്ചത്. റെനെ മ്യുളെന്‍സ്റ്റീന്‍ പരിശീലകസ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് ജെയിംസിനെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കോച്ചായി നിയമിക്കുകയായിരുന്നു. ബെംഗളൂരുവിനെതിരായ ദയനീയ തോല്‍വിക്കു ശേഷമായിരുന്നു മ്യുളെന്‍സ്റ്റീന്‍ പടിയിറങ്ങിയത്.
ജെയിംസിന് കീഴിലെ ആദ്യ മല്‍സരം ബ്ലാസ്റ്റേഴ്‌സ് മോശമാക്കിയില്ല. കൊച്ചിയില്‍ പൂനെയെ 1-1ന് തളച്ചു കൊണ്ടാണ് ജെയിംസിനു കീഴില്‍ മഞ്ഞപ്പട തുടങ്ങിയത്. ഇനിയാണ് ജെയിംസിനു മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന മഞ്ഞപ്പടയെ വിജയികളുടെ സംഘമാക്കി മാറ്റുകയെന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുള്ളത്.

ജിങ്കന്റെ മോശം ഫോം

ജിങ്കന്റെ മോശം ഫോം

കഴിഞ്ഞ മൂന്നു സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ഏറ്റവും വിശ്വസ്തനായ താരമായിരുന്ന സന്ദേഷ് ജിങ്കന്‍ ഈ സീസണില്‍ ആരാധകരെ നിരാശപ്പെടുത്തുകയാണ്. യഥാര്‍ഥ ജിങ്കന്റെ നിഴല്‍ മാത്രമാണ് ഈ സീസണില്‍ ഇതുവരെ കാണാനായത്. തുടര്‍ച്ചയായി രണ്ടു കളികളില്‍ ജിങ്കന്‍ പെനല്‍റ്റി വഴങ്ങുകയും ചെയ്തിരുന്നു.
ഈ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ജിങ്കന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഇതിനകം മൂന്നു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള ജിങ്കന്‍ ഡല്‍ഹിക്കെതിരേ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കാര്‍ഡ് കൂടി ലഭിച്ചാല്‍ മുംബൈ സിറ്റിക്കെതിരായ അടുത്ത കളിയില്‍ താരത്തിനു പുറത്തിരിക്കേണ്ടിവരും.

Story first published: Tuesday, January 9, 2018, 11:39 [IST]
Other articles published on Jan 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+