പൂനെ: ഹെംഗ്ബര്‍ട്ടിന്റെ വേഗ ഗോളിന് സിസോകോയിലൂടെ പൂനെയുടെ പോരാട്ടവീര്യമുള്ള മറുപടി. ഐ എസ് എല്ലില്‍ തുടരെ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്. മൂന്നാം മിനുട്ടില്‍ ഫ്രഞ്ച് സെന്റര്‍ബാക്ക് ഹെംഗ്ബര്‍ട്ടാണ് ബ്ലാസ്റ്റേഴ്‌സിന് ആവേശകരമായ ലീഡ് ഗോള്‍ സമ്മാനിച്ചത്. പൂനെ അറുപത്തെട്ടാം മിനുട്ടില്‍ മുഹമ്മദ് സിസോകോയുടെ ഗോളില്‍ ഒപ്പമെത്തി (1-1).
മെഹ്താബ് ഹുസൈന്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോളിന് വഴിയൊരുങ്ങിയത്. അസ്‌റാക്ക് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ഗോളിന് ശ്രമിച്ചെങ്കിലും അത് രാവണന്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍, പന്ത് ഹെംഗ്ബര്‍ട്ടിന് മുന്നില്‍ ഹെംഗ്ബര്‍ട്ടിന് പിഴച്ചില്ല (1-0). ഐ എസ് എല്ലില്‍ ഹെംഗ്ബര്‍ട്ടിന്റെ ആദ്യ ഗോളായി ഇത്.

പൂനെയ്ക്കായി സിസോകോ നേടിയ ഗോള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചാണ് വലയില്‍ കയറിയത്. മാര്‍ക്വു താരം ആരോണ്‍ ഹ്യൂസിന് ഡിഫന്‍ഡിംഗില്‍ ചെറിയ പിഴവ് സംഭവിച്ചുവെന്ന് പറയാം.
കേരള ബ്ലാസ്റ്റേഴ്‌സ് 4-4-1-1 ശൈലിയാണ് പയറ്റിയത്. സന്ദീപ് നന്ദി ഗോള്‍വല കാത്തപ്പോള്‍ പ്രതിരോധത്തില്‍ പതിവ് പോലെ ഹൊസു കുരിയാസ്, ഹെംഗ്ബര്‍ട്, ഹ്യൂസ്, ജിങ്കാന്‍. മധ്യനിരയില്‍ ഫ്രാന്‍സിന്റെ ഡക്കന്‍സ് നാസന്‍, അസ്‌റാക്, മെഹ്താബ്, റഫീഖ് എന്നിവര്‍. ഏക സ്‌ട്രൈക്കറായി മുഹമ്മദ് റാഫിയും സപ്പോര്‍ട്ടിംഗ് റോളില്‍ മൈക്കല്‍ ചോപ്രയും.
എഫ് സി പൂനെ സിറ്റി 4-2-3-1 ശൈലിയിലാണ് ടീമിനെ വിന്യസിപ്പിച്ചത്. അര്‍മേനിയന്‍ ഗോള്‍കീപ്പര്‍ എദെല്‍ ബെറ്റെയാണ് വല കാത്തത്. പ്രതിരോധത്തില്‍ ഇടത് വിംഗില്‍ നാരായണ്‍ ദാസും വലത് വിംഗില്‍ രാഹുല്‍ ശങ്കര്‍ ബെക്കെയും. സെന്റര്‍ ബാക്ക് പൊസിഷനുകളില്‍ ഗൗരമാംഗി സിംഗും ധര്‍മരാജ് രാവണനും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായ സിസോകോയും ബ്രൂണോ ഹെറെയ്‌റോ ഏരിയാസും പ്രതിരോധത്തിനും അറ്റാക്കിംഗ് മീഡിയോസിനും മധ്യത്തിലായി കളിച്ചു അരാറ്റ ഇസുമി, ജൊനാഥന്‍ ലൂക്ക, ജീസസ് റോഡ്രിഗസ് ടാറ്റോ എന്നിവര്‍. ഏക സ്‌ട്രൈക്കറായി ഡ്രമാന്‍ ട്രോറെയും.