Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഫറിയുടെ ചതിക്ക് ബ്ലാസ്റ്റേഴ്‌സ് കൊടുത്തു... ബ്ലാസ്റ്റേഴ്‌സ് ഡാ, ജയത്തിനു തുല്യം, ഈ സമനില

ചെന്നൈ: ഐഎസ്എല്ലിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് 1-1നു പിടിച്ചുകെട്ടി. 89ാം മിനിറ്റില്‍ റഫറിയുടെ മോശം തീരുമാനത്തെ തുടര്‍ന്ന് ചെന്നൈ മുന്നിലെത്തിയെങ്കിലും മഞ്ഞപ്പടയ്ക്ക് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. ഇഞ്ചുറിടൈമില്‍ മലയാളി താരം സി കെ വിനീത് മഞ്ഞപ്പടയുടെ രക്ഷകനായി. വിനീതിന്റെ ഉജ്ജ്വല ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചുവാങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ വിനീതിന്റെ തുടര്‍ച്ചയായ രണ്ടാം ഗോള്‍ കൂടിയാണിത്. ജയത്തിനു തുല്യമായ സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് ഈ കളിയില്‍ കൈക്കലാക്കിയത്.

കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ കളിച്ച അതേ ടീമിനെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ നിലനിര്‍ത്തുകയായിരുന്നു. ഇരുടീമും വളരെ ശ്രദ്ധയോടെയാണ് മല്‍സരം തുടങ്ങിയത്. ആദ്യ 20 മിനിറ്റില്‍ ഗോളിലേക്ക് ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ മഞ്ഞപ്പടയ്ക്കും ചെന്നൈക്കുമായില്ല. കൂടുതല്‍ സമയം പന്ത് കൈവശം കളിക്കാനായിരുന്നു ഇരുടീമുകളുടെയും ശ്രമം. പന്തടക്കത്തില്‍ ചെന്നൈക്കായിരുന്നു മേല്‍ക്കൈ.

Football

23ാം മിനിറ്റില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ സി കെ വിനീത് നല്‍കിയ ത്രൂബോളുമായി മുന്നോട്ട് കയറി കറേജ് പെക്യുസന്‍ പന്ത് ബോക്‌സിനുള്ളിലേക്കു മറിച്ചുനല്‍കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജാക്കിച്ചാന്ദ് പന്ത് സ്വീകരിക്കുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. എന്നാല്‍ പന്ത് സ്റ്റോപ്പ് ചെയ്ത ശേഷം ജാക്കിച്ചാന്ദ് തൊടുത്ത ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പുറത്തുപോവുകയായിരുന്നു.

പിന്നീട് ചെന്നൈ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് റെക്കൂബയെ പരീക്ഷിച്ചില്ല. അതിനു മുമ്പ് ഇവ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. 42ാം മിനിറ്റില്‍ മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോയ്ക്ക് കളിക്കളത്തില്‍ നിന്നും പിന്മാറേണ്ടിവന്നു. പകരക്കാരനായി സാമുവല്‍ ഷതാബിനെ മഞ്ഞപ്പട കളത്തിലിറക്കി. താരത്തിന്റെ ഐഎസ്എല്‍ അരങ്ങേറ്റം കൂടിയാണിത്.

ഒന്നാംപകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാംപകുതി. ഇരുടീമും ഗോളിനായി ഒന്നിനു പിറകെ ഒന്നായി മുന്നേറ്റം നടത്തിയപ്പോള്‍ പന്ത് ഇരുഗോള്‍മുഖത്തും നിമിഷനേരം കൊണ്ടു കയറിയിറങ്ങി. 57ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സെല്‍ഫ് ഗോളില്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ചെന്നൈ താരം മെയ്ല്‍സണ്‍ ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച പന്ത് ഗോള്‍കീപ്പര്‍ പിടിയിലൊതുക്കുകയായിരുന്നു. 72ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടുമൊരു ഗോളവസരം. അതിവേഗ നീക്കത്തിനൊടുവില്‍ ബോക്‌സിന് തൊട്ടരികില്‍ നിന്ന് പെക്ക്യൂസന്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ചെന്നൈ ഗോളി കരണ്‍ജിത്ത് സിങ് ഒരു വിധം തടുത്തിടുകയായിരുന്നു.

81ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ റെക്കൂബ ആദ്യമായി പരീക്ഷിക്കപ്പെട്ടു. ചെന്നൈ താരം നെല്‍സണിന്റെ ബുള്ളറ്റ് ഷോട്ട് റെക്കൂബ ബ്ലോക്ക് ചെയ്തിടുകയായിരുന്നു.
89ാം മിനിറ്റില്‍ ചെന്നൈക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചത്. ബോക്‌സിനുള്ളില്‍ വച്ച് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍ പന്ത് ബ്ലോക്ക് ചെയ്തപ്പോള്‍ അത് റഫറി ഹാന്റ്‌ബോളെന്നു വിധിച്ച് ചെന്നൈക്ക് അനൂകൂലമായി പെനല്‍റ്റി അനുവദിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ റെനെ മിഹെലിവിച്ച് അനായാസം പന്ത് വലയിലാക്കുകയും ചെയ്തു.

മല്‍സരം 0-1ന് ബ്ലാസ്‌റ്റേഴ്‌സ് കൈവിടുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ വിനീത് ടീമിന്റെ ഹീറോയായത്. നേരത്തേ പെനല്‍റ്റിക്കു വഴി വച്ച ജിങ്കന്‍ ഗോളവസരമൊരുക്കി ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. വലതുവിങിലൂടെയുടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ജിങ്കന്‍ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് വിനീത് വലയിലേക്ക് തട്ടിയിട്ടപ്പോള്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ ഇളകിമറിഞ്ഞു. റഫറിയുടെ ചതിക്ക് ബ്ലാസ്റ്റേഴ്‌സ് കൊടുത്ത പ്രഹരം കൂടിയായിരുന്നു ഈ ഗോള്‍.

Story first published: Friday, December 22, 2017, 22:15 [IST]
Other articles published on Dec 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+