നാപോളിയെ മലര്‍ത്തിയടിച്ചു, ഇറ്റാലിയന്‍ കപ്പ് ഫൈനലിനരികെ യുവെന്റസ്
ടുറിന്‍: ഇറ്റാലിയന്‍ കപ്പ് സെമിഫൈനലിന്റെ ആദ്യ പാദം ജയിച്ച് യുവെന്റസ്. നാപ്പോളിക്കെതിരെ സ്വന്തം തട്ടകത്തില്‍ 3-1നാണ് യുവെന്റസിന്റെ ജയം. . ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് യുവെന്റസ് രണ്ടാം പകുതിയില്‍ നേടിയ മൂന്ന് ഗോളുകളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയത്. പോളോ ഡിബാല രണ്ട് പെനാല്‍റ്റി ഗോളുകള്‍ (47,69 മിനുട്ടുകള്‍) നേടിയപ്പോള്‍ ഗോണ്‍സാലോ ഹിഗ്വെയിനും (64 മിനുട്ട്) യുവെന്റസിനായി ലക്ഷ്യം കണ്ടു. മുപ്പത്താറാം മിനുട്ടില്‍ ജോസ് കാലിയോന്‍ നേടിയ ഗോളിലാണ് നാപോളി ലീഡെടുത്തത്.
ഏപ്രില്‍ അഞ്ചിനാണ് നാപോളിയുടെ തട്ടകത്തില്‍ വെച്ചുള്ള റിട്ടേണ്‍ ലെഗ്. രണ്ട് ഗോളുകളുടെ കടം വീട്ടിയാലെ നാപോളിക്ക് ഫൈനല്‍ സാധ്യതയുള്ളൂ.

ടീമുകള്‍ തമ്മില്‍ വാക്‌പോര്...
റഫറിയുടെ മോശം തീരുമാനങ്ങളാണ് നാപോളിയുടെ പരാജയത്തിന് കാരണമെന്ന് ടീം ഡയറക്ടര്‍ ക്രിസ്റ്റിയാനോ ഗ്യുന്റോ തുറന്നടിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ നാണിച്ച് തല താഴ്ത്തിയ ദിവസമാണിതെന്നും ഗ്യുന്റോ പറഞ്ഞു.
എന്നാല്‍, തന്റെ ടീം പെനാല്‍റ്റി അര്‍ഹിച്ചിരുന്നുവെന്ന് യുവെന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രി തിരിച്ചടിച്ചു. പെനാല്‍റ്റി ലഭിച്ചില്ലെങ്കിലും തന്റെ ടീം ജയിച്ചു കയറുമെന്നും അലെഗ്രി പറഞ്ഞു.

ഹിഗ്വെയിന്റെ ഗോള്‍...
നാപോളി വിട്ടതിന് ശേഷം പലതവണ മുഖാമുഖം വന്നെങ്കിലും മുന്‍ ക്ലബ്ബിനെതിരെ ഹിഗ്വെയിന്‍ നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഹിഗ്വെയിന്‍ നാപോളി വിടുന്നത്. 36 സീരി എ ഗോളുകളുമായി ടോപ് സ്‌കോററായ ഹിഗ്വെയിനെ നാപോളി ആദ്യം വിട്ടുകൊടുത്തിരുന്നില്ല.

മിലിചിന്റെ നീക്കം ക്ലിക്കായി...
പരുക്ക് കാരണം ഒക്ടോബര്‍ മുതല്‍ കളത്തിന് പുറത്തായിരുന്ന പോളിഷ് സ്‌ട്രൈക്കര്‍ അര്‍കാഡിയുസ് മിലിച് നാപോളിക്കായി സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ തിരിച്ചെത്തി. മിലിചിന്റെ നീക്കമാണ് നാപോളിക്ക് ലീഡ് ഗോളിന് വഴിയൊരുങ്ങിക്കിയത്.

ആദ്യ പെനാല്‍റ്റി...
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ യുവെന്റസ് സമനില നേടി. ബോക്‌സിനുള്ളില്‍ ഖാലിദു കോലിബാലി നടത്തിയ അനാവശ്യ ടാക്ലിംഗില്‍ ഡിബാല വീണു. ഇതാണ് ആദ്യ പെനാല്‍റ്റിക്കാധാരം. കിക്കെടുത്ത ഡിബാലക്ക് പിഴച്ചില്ല. അധികം താമസിയാതെ നാപോളി ഗോളി പെപെ റെയ്‌നയുടെ പിഴവ് മുതലെടുത്ത് ഹിഗ്വെയിന്‍ യുവെന്റസിനെ മുന്നിലെത്തിച്ചു (2-1).

വിവാദം ഗോളടിക്കുന്നു...
മൂന്നാംഗോള്‍ വിവാദമായി. കൊളംബിയന്‍ താരം യുവാന്‍ കൊഡ്രാഡോയെ നാപോളി ഗോളി പെപെ റെയ്‌ന വീഴ്ത്തിയെന്ന നിരീക്ഷണത്തിലാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
എന്നാല്‍ ടി വി റീപ്ലേയില്‍ റെയ്‌ന പന്തില്‍ തൊടുമ്പോള്‍ കൊഡ്രാഡോക്ക് പന്തില്‍ കോണ്‍ടാക്ടില്ലെന്ന് വ്യക്തമായിരുന്നു. തങ്ങള്‍ക്ക് പെനാല്‍റ്റി നിഷേധിച്ച റഫറി യുവെന്റസിന് അനുകൂലമായി നിന്നുവെന്ന ആരോപണമാണ് നാപോളി പ്രധാനമായും ഉന്നയിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications