റോം: മുന്‍ ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനല്‍റ്റി നഷ്ടപ്പെടുത്തിയാലും തങ്ങള്‍ക്കു ജയിക്കാനാവുമെന്ന് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസ് തെളിയിച്ചു. ഹോം മാച്ചില്‍ ചീവോയെയാണ് യുവന്റസ് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി ചീവോയ്‌ക്കെതിരേ യുവന്റസ് ആധിപത്യം സ്ഥാപിച്ചിരുന്നു.

ഡഗ്ലസ് കോസ്റ്റ (13ാം മിനിറ്റ്), എംറെ ചാന്‍ (45) എന്നിവരാണ് ഒന്നാംപകുതിയില്‍ യുവന്റസിനായി വലകുലുക്കിയത്. 53ാം മിനിറ്റില്‍ റൊണാള്‍ഡോയ്ക്ക് പെനല്‍റ്റയിലൂടെ ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചു. എന്നാല്‍ റോണോയുടെ പെനല്‍റ്റി ഗോളി സ്‌റ്റെഫാനോ സൊറെന്റിനോ ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഈ പെനല്‍റ്റിക്കു മുമ്പ് പല തവണ റൊണാള്‍ഡോയ്ക്കു ഗോള്‍ നേടാനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളിയെ മറികടക്കാനായിരുന്നില്ല. 84ാം മിനിറ്റില്‍ ഡാനിയേല്‍ റുഗാനിയിലൂടെ മൂന്നാം ഗോളും നേടി യുവന്റസ് വിജയമുറപ്പാക്കി. ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള യുവന്റസ് തങ്ങളുടെ ലീഡ് ഒമ്പത് പോയിന്റാക്കി ഉയര്‍ത്തുകയും ചെയ്തു.
ലീഗിലെ മറ്റൊരു കളിയില്‍ മുന്‍ ജേതാക്കളായ എസി മിലാന്‍ 2-0നു ജെനോയെ പരാജയപ്പെടുത്തി. അവസാന അര മണണിക്കൂറിനിടെയായിരുന്നു മിലാന്റെ രണ്ടു ഗോളുകളും. ഫാബിയോ ബോറിനിയും (72ാം മിനിറ്റ്) സൂസ്സോയുമാണ് (83) മിലാന്റെ സ്‌കോറര്‍മാര്‍. അതേസമയം, സ്രാനിഷ് ലീഗിലെ ഏക മല്‍സരത്തില്‍ ഐബര്‍ 3-0നു എസ്പാന്യോളിനെ തകര്‍ത്തുവിട്ടു.