മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവെന്റസിനെ പിടിച്ചു കെട്ടുക പ്രയാസം. 2-1ന് ഉദിനിസെയെ വീഴ്ത്തിയ യുവെന്റസ് എട്ട് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ലീഗില്‍ 21 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.
അതേ സമയം മുന്‍ ചാമ്പ്യന്‍മാരായ ഇന്റര്‍മിലാന്‍ നാട്ടുകാര്‍ക്ക് മുന്നില്‍ 1-2ന് കാഗ്‌ലിയാരിയോട് പരാജയപ്പെട്ടു. എ സി മിലാന്‍ എവേ മാച്ചില്‍ 3-1ന് ചീവോയെ കീഴടക്കിയപ്പോള്‍ നാപോളിയുടെ തട്ടകത്തില്‍ എ എസ് റോമ (1-3)യും കരുത്തറിയിച്ചു.

ഉദിനിസെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച യുവെന്റസ് ലീഗ് സീസണിലെ ഏഴാം ജയമാണ് ആഘോഷിച്ചത്. തോറ്റത് ഒരു കളിയില്‍ മാത്രം. പത്തൊമ്പത് ഗോളുകള്‍ അടിച്ച എ എസ് റോമ കഴിഞ്ഞാല്‍ യുവെന്റസാണ് കൂടുതല്‍ ഗോളുകള്‍ നേടിയത് - പതിനെഴെണ്ണം. ഏറ്റവും കുറവ് ഗോളുകള്‍ വഴങ്ങിയതില്‍ ജെനോവക്കൊപ്പമാണ് യുവെന്റസ് - അഞ്ചെണ്ണം.
ഹോം മാച്ചില്‍ ഉദിനിസെക്കെതിരെ മുപ്പതാം മിനുട്ടില്‍ പിറകിലായ യുവെന്റസ് ഒന്ന് ഞെട്ടി. ജാങ്കതോയാണ് ഉദിനിസെക്കായി സ്‌കോര്‍ ചെയ്തത്. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പോളോ ഡിബാലയുടെ ഗോളില്‍ യുവെന്റസ് സമനില പിടിച്ചു. അമ്പത്തൊന്നാം മിനുട്ടില്‍ ഡിബാലയുടെ രണ്ടാം ഗോളില്‍ ജയം ഉറപ്പാക്കി.
തുടരെ ആറാം ലീഗ് കിരീടമാണ് യുവെന്റസ് ലക്ഷ്യമിടുന്നതെന്ന് കോച്ച് മാസിമിലിയാനോ അലെഗ്രി മത്സരശേഷം ആവേശത്തോടെ വ്യക്തമാക്കി. രണ്ടാം സ്ഥാനത്തുള്ള റോമയുമായി ആറ് പോയിന്റ് വ്യത്യാസം, നാപോളിയാകട്ടെ ഏഴ് പോയിന്റ് പിറകില്‍, പക്ഷേ ഈ മാസം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നത് സമ്മതിക്കുന്നു. ശനിയാഴ്ച എ സി മിലാനെയാണ് നേരിടേണ്ടത്. ഈ മാസം 29ന് നാപോളിയുമായി മുഖാമുഖം. ഇതിനിടെ ചാമ്പ്യന്‍സ് ലീഗില്‍ ലിയോണുമായും കളിക്കണം - അലെഗ്രി പറയുന്നു.
സീരി എ ലീഗ് ഫലങ്ങള്‍
ഇന്റര്‍മിലാന്‍ 2-1 കാഗ്‌ലിയാരി
ചീവോ 1-3 മിലാന്‍
ലാസിയോ 1-1 ബൊളോഗ്ന
ഫിയോറന്റീന 0-0 അറ്റ്‌ലാന്റ
സസോലോ 2-1 ക്രൊടോന്‍
നാപോളി 1-3 എ എസ് റോമ
പെസ്‌കാര 1-1 സാംഡോറിയ
യുവെന്റസ് 2-1 ഉദിനിസെ