സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ടീമില്‍ അധികമാരും വാഴ്ത്തിയിട്ടില്ലാത്ത ഒരു ഹീറോയെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരം ജാവിയര്‍ സാവിയോള. ബാഴ്‌സയ്ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ബാഴസയ്ക്കു വേണ്ടി 172 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള സാവിയോള 72 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. സ്‌പോര്‍ട്ട്‌ബൈബിളുമായി സംസാരിക്കവെയാണ് ബാഴ്‌സയില്‍ വേണ്ടത്ര കൈയടി കിട്ടാതെ പോയ താരത്തെക്കുറിച്ച് സാവിയോള സംസാരിച്ചത്
ലയണല്‍ മെസ്സി, സാവി ഹെര്‍ണാണ്ടസ്, ആന്ദ്രെസ് ഇനിയേസ്റ്റ് തുടങ്ങിയ വമ്പന്‍ കളിക്കാരുടെ സാന്നിധ്യം കാരണം ശ്രദ്ധിക്കപ്പെടാതെ പോയ താരം മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സാണെന്നാണ് സാവിയോള പറയുന്നത്.
താരസമ്പന്നമായ ബാഴ്‌സലോണ ടീമിലെ വാഴ്ത്തപ്പെടാതെ പോയ ഹറോയാണ് അദ്ദേഹമെന്നും അര്‍ജന്റീന്‍ സൂപ്പര്‍ താരം പറയുന്നു. സ്പാനിഷ് ഫുട്‌ബോളിലെ ബദ്ധവൈരികളായ ബാഴ്‌സയ്ക്കും റയല്‍ മാഡ്രിഡിനും വേണ്ടി കളിക്കാന്‍ ഭാഗ്യമുണ്ടായ ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് സാവിയോള.

ബുസ്‌ക്വെറ്റ്‌സിനെ പുകഴ്ത്തി
സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് അസാധാരണ കഴിവുള്ള ഫുട്‌ബോളറായിരുന്നു. കളിക്കളത്തില്‍ വളരെയധികം ബുദ്ധിശാലിയുമായിരുന്നു അദ്ദേഹം. അതു വാക്കുകള്‍ക്കും അപ്പുറമാണ്. ബാഴ്‌സലോണയിലെയും ഇപ്പോള്‍ ഇന്റര്‍ മയാമിയിലേയും ബുസ്‌ക്വെറ്റ്‌സിന്റെ മല്‍സരങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കു ഇതു മനസ്സിലാവും. എത്ര സ്വാഭാവികമായിട്ടാണ് അദ്ദേഹം കളിക്കുന്നതെന്നു നിങ്ങള്‍ തിരിച്ചറിയും. ബുദ്ധിമുട്ടേറിയ കാര്യം പോലും വളരെ സിംപിളായി നമുക്കു തോന്നുമെന്നും ജാവിയര്‍ സാവിയോള വ്യക്തമാക്കി.
ബാഴ്‌സലോണ ടീമിലെ മറ്റു പല വമ്പന്‍ താരങ്ങളെയും പോലെ വലിയൊരൂ പ്രൊഫൈല്‍ ഇല്ലാത്തതു കാരണം പല തവണ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. കളിയില്‍ അദ്ദേഹമുണ്ടാക്കിയിരുന്ന ഇംപാക്ട് വളരെ വലുതായിരുന്നു. ചില മല്‍സരങ്ങളില്‍ അസാധാരണ പ്രകടനമാണ് ബുസ്‌ക്വെറ്റ്‌സ് കാഴ്ച വച്ചിട്ടുള്ളത്.

പക്ഷെ സാവി, ഇനിയേസ്റ്റ, മെസ്സി എന്നിവരടങ്ങുന്ന ടീമില്‍ കളിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ വരും. കാരണം ഈ മൂന്നു പേരുമാണ് ഗോളുകള്‍ സ്‌കോര്‍ ചെയ്യാറുള്ളത്. ബുസ്‌ക്വെറ്റ്‌സ് എത്ര മാത്രം കഴിവുള്ള താരമാണെന്നു ആളുകള്‍ പ്രശംസിക്കാറുണ്ട്. പക്ഷെ യഥാര്‍ഥത്തില്‍ ലഭിക്കേണ്ടിയിരുന്ന അംഗീകാരം അദ്ദേഹത്തിനു ലഭിച്ചതായി തനിക്കു എല്ലായ്‌പ്പോഴും തോന്നാറുണ്ടെന്നും സാവിയോള കൂട്ടിച്ചേര്‍ത്തു.
ബാഴ്‌സയുടെ യൂത്ത് അക്കാദമിയിലൂടെ ഉയര്‍ന്നുവന്ന താരമാണ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കൂടിയായ ബുസ്‌ക്വെറ്റ്‌സ്. 15 വര്‍ഷത്തോളം ബാഴ്‌സ മധ്യനിരയിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. വിവിധ ടൂണമെന്റുകളിലായി ബാഴ്‌സയ്ക്കു വേണ്ടി 722 മല്‍സരങ്ങളില്‍ താരം കളിച്ചുണ്ട്. മൂന്നു യുവേഫ ചാംപ്യന്‍സ് ലീഗ് വിജയങ്ങളില്‍ പങ്കാളിയാവാനും ബുസ്‌ക്വെറ്റ്‌സിനു സാധിച്ചു. കൂടാതെ ഒമ്പതു ലാ ലിഗ കിരീടവിജയത്തിലും ഏഴു സൂപ്പര്‍ കോപ്പയിലും ഏഴു കിങ്‌സ് കപ്പിലും അദ്ദേഹം പങ്കാളിയാവുകയും ചെയ്തു.