
ജംഷഡ്പൂര്‍: ഐഎസ്എല്ലിലെ അപ്രസക്തമായ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്കു നാണംകെട്ട തോല്‍വി. എവേ മല്‍സരത്തില്‍ നേരത്തേ തന്നെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ച ജംഷഡ്പൂര്‍ എഫ്‌സിയാണ് ബെംഗളൂരൂവിനെ തരിപ്പണമാക്കിയത്. പ്രാഥമിക റൗണ്ടിലെ അവസാന കളിയില്‍ ജംഷഡ്പൂര്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു ബെംഗളൂരുവിനെ മുക്കുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ജംഷഡ്പൂര്‍ ബെംഗളൂരുവിനെ തരിപ്പണമാക്കിയത്. രണ്ടാം പകുതിയില്‍ ഏഴു മിനിറ്റിനിടെയാണ് ഒന്നിനു പിറകെ ഒന്നായി നാലു ഗോളുകള്‍ അടിച്ചുകൂട്ടി കളി വരുതിയിലാക്കിയത്.
ഇരട്ടഗോളുകള്‍ നേടിയ പാബ്ലോ മൊര്‍ഗാഡോയാണ് ജംഷഡ്പൂരിന്റെ വിജയശില്‍പ്പി. 56, 57 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് (45), മൈക്കല്‍ സൂസൈരാജ് (54), കാര്‍ലോസ് കാല്‍വോ (61) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ബെംഗളൂരുവിന്റെ ആശ്വാസഗോള്‍ 16ാം മിനിറ്റില്‍ തോംഗോസിം ഹാവോക്കിപ്പിന്റെ വകയായിരുന്നു. 26ാം മിനിറ്റില്‍ ബെംഗളൂരുവിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചിരുന്നെങ്കിലും സിസ്‌കോ ഹെര്‍ണാണ്ടസിന്റെ കിക്ക് ഗോളി സുബ്രതാ പാല്‍ വിഫലമാക്കുകയായിരുന്നു.
കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ജംഷഡ്പൂര്‍ അര്‍ഹിച്ച വിജയം കൂടിയാണിത്. ബോള്‍ പൊസെഷനിലും പാസിങിങിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം അവര്‍ എതിരാളികളെ ഏറെ പിന്നിലാക്കി. കളിയുടെ ഗതിക്ക് വിപരീതമായാണ് 16ാം മിനിറ്റില്‍ ബെംഗളൂരു അക്കൗണ്ട് തുറക്കുന്നത്. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ സമനില പിടിച്ചുവാങ്ങിയ ജംഷഡ്പൂര്‍ രണ്ടാം പകുതിയില്‍ ബെംഗളൂരുവിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ഈ മല്‍സരത്തിലെ ജയത്തോടെ ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു.