ഐഎസ്എല്‍: ജംഷഡ്പൂരിനെ കുരുക്കി ചെന്നൈ, സെമി കാണാതെ ജംഷഡ്പൂര്‍ പുറത്ത്

ചെന്നൈ: ഐഎസ്എല്ലിന്റെ സെമി ഫൈനലിലെത്തുകയെന്ന ജംഷഡ്പൂര്‍ എഫ്‌സിയുടെ പ്രതീക്ഷകള്‍ സമനിലയോടെ അവസാനിച്ചു. എവേ മല്‍സരത്തില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരും ഈ സീസണില്‍ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരുമായ ചെന്നൈയ്ന്‍ എഫ്‌സിയുമായി ജംഷഡ്പൂര്‍ ഗോള്‍രഹിത സമനില സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ഒരു മല്‍സരം ബാക്കിനില്‍ക്കെ ജംഷഡ്പൂര്‍ പുറത്തായത്. ജംഷഡ്പൂര്‍ സമനിലയില്‍ കുരുങ്ങിയത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് നേട്ടമായി. സീസണിലെ അവസാന മല്‍സരത്തിന് കാത്തുനില്‍ക്കാതെ നോര്‍ത്ത് ഈസ്റ്റ് സെമിയിലേക്കു മുന്നേറി. ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, മുംബൈ സിറ്റി എന്നിവര്‍ക്കു ശേഷം സെമിയിലെത്തിയ നാലാമത്തെ ടീമാണ് നോര്‍ത്ത് ഈസ്റ്റ്.
ജംഷഡ്പൂര്‍- ചെന്നൈ മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചെങ്കിലും ഇരുടീമുകളും ആവേശകരമായ പോരാട്ടമാണ് നടത്തിയത്. ജയത്തിനു വേണ്ടി ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതി. ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നു പോലും മുതലാക്കാന്‍ കഴിഞ്ഞില്ല. 21ാം മിനിറ്റില്‍ മലയാളി താരം സികെ വിനീതിലൂടെ ചെന്നൈയാണ് ഗോളിലേക്ക് ആദ്യ ഷോട്ട് പരീക്ഷിച്ചത്. എന്നാല്‍ ദുര്‍ബലമായ ഷോട്ട് ഗോളി സുബ്രതാ പാല്‍ അനായാസം പിടിയിലൊതുക്കി. 31ാം മിനിറ്റില്‍ ചെന്നൈ ഗോളി കരണ്‍ജിത്ത് സിങിന്റെ ക്ലോസ് റേഞ്ച് സേവ് ജംഷഡ്പൂരിന് ലീഡ് നിഷേധിക്കുകയായിരുന്നു. നാലു മിനിറ്റിനകം മറ്റൊരു സേവ് കൂടി കരണ്‍ജിത്ത് നടത്തി.
ആദ്യപകുതിയുടെ ആവര്‍ത്തനമാണ് രണ്ടാംപകുതിയിലും കണ്ടത്. ഇരുഗോള്‍മുഖത്തും പന്ത് പല തവണ കയറി ഇറങ്ങിയെങ്കിലും വല മാത്രം കുലുങ്ങിയില്ല. 51ാം മിനിറ്റില്‍ ജംഷഡ്പൂരിന് പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ബോക്‌സിനുള്ളില്‍ വച്ച് ചെന്നൈ താരം ഐസക്ക് പന്ത് കൈകൊണ്ടു തടുത്തെങ്കിലും റഫറിയുടെ കണ്ണില്‍പ്പെട്ടില്ല. നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സൂസൈരാജ് ജംഷഡ്പൂരിനായി വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചതോടെ അവരുടെ സെമി പ്രതീക്ഷകളും അവസാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications