Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയെസ്റ്റയെ കരക്കിരുത്തി, ബാഴ്‌സ തോല്‍വി ചോദിച്ചു വാങ്ങി

മാഡ്രിഡ്: സൂപ്പര്‍ താരം ലയണല്‍ മെസിയില്ലെങ്കില്‍ ബാഴ്‌സലോണ ശരാശരി ടീം മാത്രമോ ? സ്പാനിഷ് ലാ ലിഗയില്‍ സെല്‍റ്റ വിഗോയുടെ ഗ്രൗണ്ടില്‍ 4-3ന് ബാഴ്‌സലോണ തോറ്റതോടെ ഈചോദ്യം വീണ്ടും ഉയര്‍ന്നിരിക്കുന്നു. എന്നാല്‍, മെസിയുടെ അഭാവമല്ല കോച്ച് ലൂയിസ് എന്റിക്വെയുടെ തന്ത്രങ്ങളുടെ കുഴപ്പമാണ് തോല്‍വിക്ക് കാരണമെന്ന വാദം ഉയരുന്നു. ബാഴ്‌സലോണയില്‍ റോട്ടേഷന്‍ സമ്പ്രദായമാണ് എന്റിക്വെ പരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി സെല്‍റ്റവിഗോക്കെതിരെ ആന്ദ്രെ ഇനിയെസ്റ്റയെയും ഇവാന്‍ റാകിറ്റിചിനെയും ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തിയില്ല.

മെസിയില്ലാത്ത സാഹചര്യത്തില്‍ ബാഴ്‌സയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇനിയെസ്റ്റയെ പോലുള്ള പരിചയ സമ്പന്നന്‍ തീര്‍ച്ചയായും ആദ്യലൈനപ്പില്‍ കളിക്കേണ്ടതുണ്ട്. ബാഴ്‌സയില്‍ ഇനിയെസ്റ്റക്ക് അറുനൂറാം മത്സരമെന്ന പ്രത്യേകതയും സെല്‍റ്റവിഗോക്കെതിരായ ഫിക്ചറിനുണ്ടായിരുന്നു. എന്നാല്‍, എന്റിക്വെ ആര്‍ദ ടുറാനും റാഫീഞ്ഞക്കും മധ്യനിരയുടെ ചുമതല നല്‍കി. നെയ്മര്‍ക്ക് മെസിയുടെ റോളും. പ്ലേമേക്കറുടെ റോളില്‍ നെയ്മറിന് കൂടുതല്‍ അവസരമുണ്ടായെങ്കിലും ആര്‍ദ ടുറാനും റാഫീഞ്ഞയും മങ്ങിയതോടെ പാളി. നെയ്മറിന് പലപ്പോഴും ഡീപിലേക്കിറങ്ങി കളിക്കേണ്ട ഗതികേടായി.

lionelmessi

ആദ്യ പത്ത് മിനുട്ടില്‍ മാത്രമാണ് ബാഴ്‌സക്ക് ആധിപത്യമുള്ള കളി കാഴ്ചവെക്കാനായത്. സിസ്റ്റോ (22), ലാഗോ അസ്പാസ് (31) എന്നിവരുടെ ഗോളുകളില്‍ സെല്‍റ്റ മുന്നില്‍ കയറി. മുപ്പത്തിമൂന്നാം മിനുട്ടില്‍ സെല്‍ഫ് ഗോളില്‍ ബാഴ്‌സ 3-0ന് പിറകിലായി. പതിനൊന്ന് മിനുട്ടിനിടെ മൂന്ന് ഗോളുകള്‍. രണ്ടാം പകുതിയില്‍ ഇനിയെസ്റ്റയെ കളത്തിലിറക്കിയാണ് കോച്ച് തിരിച്ചുവരവിന് കോപ്പ് കൂട്ടിയത്. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ എത്തിയതോടെ കളി മാറി. ജെറാര്‍ഡ് പീക്വെയുടെ ഇരട്ടഗോളും നെയ്മറുടെ പെനാല്‍റ്റി ഗോളും ബാഴ്‌സക്ക് പ്രതീക്ഷയേകി. എന്നാല്‍, എഴുപത്തേഴാം മിനുട്ടില്‍ ഹെര്‍നാണ്ടസ് നേടിയ ഗോള്‍ സെല്‍റ്റയുടെ വിജയം അടിവരയിട്ടു. തോല്‍വിയുടെ ഉത്തരവാദിത്വം ബാഴ്‌സ കോച്ച് എന്റിക്വെ ഏറ്റെടുത്തു.

സ്പാനിഷ് ലാ ലിഗയില്‍ 15 പോയിന്റ് വീതമുള്ള അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍മാഡ്രിഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബാഴ്‌സ പതിമൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്. പതിനാല് പോയിന്റോടെ സെവിയ്യ ബാഴ്‌സക്ക് മുകളിലുണ്ട്.

മത്സരഫലങ്ങള്‍

വലന്‍ഷ്യ 0-2 അത്‌ലറ്റിക്കോ മാഡ്രിഡ്

സെല്‍റ്റവിഗോ 4-3 ബാഴ്‌സലോണ

റയല്‍മാഡ്രിഡ് 1-1 എയ്ബര്‍

മലാഗ 2-1 അത്‌ലറ്റികോ ബില്‍ബാവോ

എസ്പാനിയോള്‍ 0-0 വിയ്യാറയല്‍

Story first published: Tuesday, October 4, 2016, 13:33 [IST]
Other articles published on Oct 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+