മിലാന്‍: 2018 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറെ ശ്രദ്ധേയമായ ഇറ്റലി-സ്‌പെയിന്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു (1-1). ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ സ്‌പെയിന്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തി. അമ്പത്തഞ്ചാം മിനുട്ടില്‍ വിടോലോയുടെ ഗോളില്‍ സ്‌പെയിന്‍ അര്‍ഹിക്കുന്ന ലീഡ് ഗോള്‍ നേടി. എന്നാല്‍, അവസാന ശ്വാസം വരെ പൊരുതുന്ന അസൂറിപ്പട എണ്‍പത്തിരണ്ടാം മിനുട്ടില്‍ പെനാല്‍റ്റി ഗോളില്‍ സമനില പിടിച്ചെടുത്തു.
എഴുപത്തിമൂന്ന് ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ സ്‌പെയിന്‍ അതിവേഗ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയ ഗോളിന് മുന്നില്‍ അത്രമാത്രം പരീക്ഷിക്കപ്പെട്ടില്ല. കര്‍വായാല്‍, പീക്വെ, റാമോസ്, അല്‍ബ എന്നിവരായിരുന്നു സ്പാനിഷ് പ്രതിരോധനിരയില്‍. കോകെ, ബുസ്‌ക്വുറ്റ്‌സ്, ഇനിയെസ്റ്റ എന്നിവര്‍ക്കൊപ്പം മചിന്‍ പെരെസും മധ്യനിര നിയന്ത്രിച്ചു. ഡിയഗോ കോസ്റ്റയും ഡേവിഡ് സില്‍വയും സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍മാര്‍. എണ്ണയിട്ട യന്ത്രം പോലെ സ്‌പെയിന്‍ നിര ഇടപഴകിക്കളിച്ചപ്പോള്‍ ഇറ്റലിക്ക് പന്ത് കിട്ടാതെയായി.

വല്ലപ്പോഴും മാത്രം അസൂറിപ്പട എതിര്‍ഗോള്‍മുഖത്തേക്ക് പ്രത്യാക്രമണം നടത്തി. ആദ്യപകുതിയില്‍ മൂന്ന് സുവര്‍ണാവസരങ്ങള്‍ സ്‌പെയിന്‍ പാഴാക്കിയിരുന്നു. രണ്ടാം പകുതിയില്‍ സമ്മര്‍ദമേറിയതോടെ ഇറ്റലി ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണിന് വന്ന പിഴവാണ് സ്പാനിഷ് ഗോളില്‍ കലാശിച്ചത്. എന്നാല്‍, സ്‌പെയിന്‍ പ്രതിരോധ ഭടന്‍ സെര്‍ജിയോ റാമോസ് ബോക്‌സിനുള്ളില്‍ എദെറിനെ വീഴ്ത്തിയത് ഇറ്റലിക്ക് പിടിവള്ളിയായി. പെനാല്‍റ്റി നേടിയെടുത്ത ആതിഥേയര്‍ ഡി റോസിയുടെ പിഴവറ്റ ഷോട്ടില്‍ സമനില കണ്ടെത്തി.
ഗ്രൂപ്പ് ജിയില്‍ അല്‍ബാനിയ 2-0ന് ലിചെന്‍സ്റ്റനെയും ഇസ്രാഈല്‍ 2-1ന് മാസിഡോണിയെയും തോല്‍പ്പിച്ചു. ആറ് പോയിന്റോടെ അല്‍ബാനിയയാണ് മുന്നില്‍. സ്‌പെയിനിനും ഇറ്റലിക്കും രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ നാല് പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനത്ത്.
മറ്റ് മത്സരഫലങ്ങള്‍
ആസ്ത്രിയ 2-2 വെയില്‍സ്
മൊള്‍ഡോവ 0-3 സെര്‍ബിയ
റി.അയര്‍ലന്‍ഡ് 1-0 ജോര്‍ജിയ
ഐസ്‌ലന്‍ഡ് 3-2 ഫിന്‍ലന്‍ഡ്
കൊസോവോ 0-6 ക്രൊയേഷ്യ
തുര്‍ക്കി 2-2 ഉക്രൈന്‍