മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലിയുടെ തോല്‍വി ഒരു സംഭവമായി. സ്‌പെയ്‌നിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കേറ്റ തോല്‍വി ഒരു ചരിത്രമാവുകയാണ്. പതിനൊന്ന് വര്‍ഷത്തിനിടെ ലോകകപ്പ്, യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇറ്റലിയേല്‍ക്കുന്ന ആദ്യ തോല്‍വി. അപരാജിതരായി 56 മത്സരങ്ങളാണ് ഇറ്റലിയുടെ റെക്കോര്‍ഡ്.
2006 ല്‍ യൂറോ യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിനോട് 3-1ന് പരാജയപ്പെട്ടതിന് ശേഷം ഇറ്റലിയുടെ ആദ്യ തോല്‍വിയാണിത്. തിയറി ഓന്റി, ക്ലോഡ് മകലെലെ, പാട്രിക് വിയേര എന്നിവരായിരുന്നു പതിനൊന്ന് വര്‍ഷം മുമ്പ് ഇറ്റലിയെ കെട്ടുകെട്ടിച്ചത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയ്ന്‍ ഇറ്റലിയെ മുട്ടുകുത്തിച്ചത് ഇരട്ട ഗോളുകള്‍ നേടിയ ഇസ്‌കോയുടെയും ഒരു ഗോള്‍ നേടിയ അല്‍വാരോ മൊറാട്ടയുടെയും മികവില്‍. രണ്ട്‌തോല്‍വിയിലും ഇറ്റലി ടീമില്‍ ഉണ്ടായിരുന്നത് രണ്ട് പേരാണ്. ഗോളി ബുഫണും ആന്ദ്രെ ബര്‍സാലിയും.
ലോകകപ്പ്, യുറോ യോഗ്യതാ റൗണ്ടുകളില്‍ 24 വര്‍ഷമായി അപരാജിതരായി തുടരുന്ന സ്‌പെയിന്‍ മുന്നേറ്റം തുടരുകയാണ്. 1993 ലാണ് സ്‌പെയിന്‍ അവസാനമായി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പരാജയപ്പെട്ടത്. പീറ്റര്‍ ഷുമൈക്കലും മൈക്കല്‍ ലോഡ്രുപും അണിനിരന്ന ഡെന്‍മാര്‍ക്കിനോടായിരുന്നു 1-0ന് സ്‌പെയ്‌നിന്റെ ആ തോല്‍വി.