Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ആദ്യം പിന്നില്‍, പിന്നെ രണ്ടടിച്ച് ജയം; ബംഗളൂരുവിനെ വീഴ്ത്തി മോഹന്‍ ബഗാന് കിരീടം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് മോഹന്‍ ബഗാന്‍. ആവേശകരമായ ഫൈനലില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ 2-1നാണ് മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം ആദ്യം ലീഡെടുത്തത് ബംഗളൂരു എഫ്‌സിയാണെങ്കിലും ഗോള്‍ മടക്കി മോഹന്‍ ബഗാന്‍ ഒപ്പമെത്തി. നിശ്ചിത സമയത്ത് തുല്യത പുലര്‍ത്തിയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 96ാം മിനുട്ടില്‍ ജാമി മക്ലാരന്‍ നേടിയ ഗോളില്‍ മോഹന്‍ ബഗാന്‍ കിരീടം നേടിയെടുക്കുകയായിരുന്നു.

ആദ്യ പകുതി ഗോള്‍രഹിതം

ഗോള്‍രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്. ബംഗളൂരു എഫ്‌സിയുടെ ആധിപത്യമായിരുന്നു ആദ്യ പകുതിയില്‍ കാണാനായത്. 64% പന്തടക്കിവെച്ച ബംഗളൂരു മൂന്നിനെതിരേ 10 ഗോള്‍ശ്രമം നടത്തിയെങ്കിലും ലക്ഷ്യം മാത്രം അകന്ന് നിന്നു. തുടക്കം മുതല്‍ മികച്ച ആക്രമണമാണ് ബംഗളൂരു കാഴ്ചവെച്ചത്. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ മോഹന്‍ ബഗാനും മികവ് കാട്ടി. എന്നാല്‍ പ്രതിരോധ നിരയുടെ മികവ് ഇരു ടീമിനും ആദ്യ പകുതിയില്‍ ഗോള്‍ നിഷേധിച്ചു. അഞ്ചാം മിനുട്ടില്‍ മോഹന്‍ ബഗാന്റെ മുന്നേറ്റം. മന്‍വീര്‍ പന്തുമായി കുതിച്ചെങ്കിലും ഗോളാവുന്നതിന് മുമ്പ് ക്ലിയര്‍ ചെയ്തു.

ഒമ്പതാം മിനുട്ടില്‍ മോഹന്‍ ബഗാന്റെ ജാമി മക്ലാരന്റെ മുന്നേറ്റം. താരത്തിന്റെ ഷോട്ട് ബംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധു സേവ് ചെയ്തു. 14ാം മിനുട്ടില്‍ ബംഗളൂരുവിന്റെ കുതിപ്പ്. എന്നാല്‍ അപകടം സൃഷ്ടിക്കും മുമ്പ് അനിരുദ്ധ് താപ്പ ബ്ലോക്ക് ചെയ്ത് മോഹന്‍ ബഗാന് രക്ഷിച്ചു. 20ാം മിനുട്ടില്‍ ബംഗളൂരുവിന്റെ മുന്നേറ്റം. സുനില്‍ ഛേത്രി ഹെഡ്ഡറിലൂടെ ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും സുബാശിഷ് ബോസിന്റെ ബ്ലോക്ക് മോഹന്‍ ബഗാനെ രക്ഷിച്ചു. കൂടുതല്‍ സമയം പന്തടക്കിവെച്ച് ആധിപത്യം കാട്ടാനാണ് ബംഗളൂരു ശ്രമിച്ചത്.

എന്നാല്‍ ഇരു ടീമിന്റേയും പ്രതിരോധവും ഗോള്‍കീപ്പര്‍മാരും മികവ് കാട്ടിയതോടെ ഗോള്‍ ആദ്യ പകുതിയില്‍ അകന്നു നിന്നു. സന്ദര്‍ശകരായ ബംഗളൂരു മോഹന്‍ ബഗാനെ വിറപ്പിക്കുന്ന പ്രകടനമാണ് ആദ്യ പകുതിയില്‍ കാഴ്ചവെച്ചതെന്ന് പറയാം.

isl final

ലീഡെടുത്ത് ബംഗളൂരു

രണ്ടാം പകുതിയുടെ തുടക്കം തന്നെ ബംഗളൂരുവിന്റെ അധ്വാനത്തിന്റെ ഫലം കണ്ടു. ആദ്യ പകുതിയിലെ ആധിപത്യത്തിന്റെ ഫലമെന്നോളം 50ാം മിനുട്ടില്‍ ബംഗളൂരു മുന്നിലെത്തി. സെല്‍ഫ് ഗോളിലാണ് ബംഗളൂരു മുന്നിലെത്തിയത്. മോഹന്‍ ബഗാന്‍ താരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന് പിഴച്ചപ്പോള്‍ പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു. ക്രോസിനെ പ്രതിരോധിക്കാനുള്ള റോഡ്രിഗസിന്റെ ശ്രമം പാളിയപ്പോള്‍ ഗോളി വിശാല്‍ കെയ്ത്തിനെ മറികടന്ന് പന്ത് വലയിലാവുകയായിരുന്നു.

ഗോള്‍ വഴങ്ങിയതിന് പിന്നാലെ മോഹന്‍ ബഗാന്‍ ചില മാറ്റങ്ങള്‍ വരുത്തി. താപ്പയെ പിന്‍ വലിച്ച് അബ്ദുല്‍ സമദിനേയും കൊളാക്കോയെ മാറ്റി ആഷിഖ് കുരുണിയനേയും കളത്തിലിറക്കി. എന്നാല്‍ പ്രതിരോധം കടുപ്പിച്ച് ബംഗളൂരു മോഹന്‍ ബഗാനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ പൊരുതിക്കളിച്ച മോഹന്‍ ബഗാന് 72ാം മിനുട്ടില്‍ പെനല്‍റ്റി ഭാഗ്യമെത്തി. കിക്കെടുത്ത ജേസന്‍ കുമ്മിങ്‌സിന് പിഴച്ചില്ല. ഇതോടെ 1-1 തുല്യതയിലേക്ക് മത്സരമെത്തി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 എന്ന നിലയില്‍ തുടര്‍ന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്

ജയം പിടിച്ച് മോഹന്‍ ബഗാന്‍

96ാം മിനുട്ടില്‍ മത്സരത്തിന്റെ വിധി കുറിച്ച ഗോള്‍ പിറന്നു. ജാമി മക്ലാരന്‍ മോഹന്‍ ബഗാനായി വലകുലുക്കുകയായിരുന്നു. പിന്നീടുള്ള സമയത്ത് പ്രതിരോധിച്ച് കളിച്ച മോഹന്‍ ബഗാന്‍ 2-1ന്റെ ത്രില്ലിങ് ജയം നേടിയെടുക്കുകയായിരുന്നു. മോഹന്‍ ബഗാന്റെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്. 2022-23 സീസണിലും ബംഗളൂരുവിനെ തോല്‍പ്പിച്ച് കപ്പ് നേടാന്‍ മോഹന്‍ ബഗാന് സാധിച്ചിരുന്നു.

Story first published: Saturday, April 12, 2025, 22:17 [IST]
Other articles published on Apr 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+