കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും മോഹന്‍ ബഗാനോട് നാണംകെട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നാണംകെട്ടത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ശേഷിക്കുന്ന പ്ലേ ഓഫ് പ്രതീക്ഷകള്‍ കൂടി അവസാനിപ്പിക്കുന്ന ജയമാണ് മോഹന്‍ ബഗാന്‍ നേടിയെടുത്തത്. ജാമി മക്ലാരന്‍ മോഹന്‍ ബഗാനായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസും വലകുലുക്കി.
4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2-3-1 ഫോര്‍മേഷനിലാണ് മോഹന്‍ ബഗാന്‍ നേരിട്ടത്. തുടക്കം മുതല്‍ മോഹന്‍ ബഗാന്റെ ആധിപത്യമാണ് മത്സരത്തില്‍ കാണാനായത്. തുടക്കം മുതല്‍ പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ഒമ്പതാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പതിയെ ആക്രമണം കടുപ്പിച്ച മോഹന്‍ ബഗാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്റെ മികവ് ആദ്യ സമയങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷക്കെത്തി.
ആധിപത്യം കാട്ടി കളിച്ച മോഹന്‍ ബഗാന്‍ 28ാം മിനുട്ടില്‍ ലീഡെടുത്തു. ഇടത് വശത്ത് നിന്ന് ലഭിച്ച പന്തിനെ ലിസ്റ്റന്‍ ജാമി മക്ലാരന് നല്‍കി. ഗോള്‍ കീപ്പര്‍ സച്ചിനെ മറികടന്ന് മക്ലാരന്‍ പന്ത് വലയിലെത്തിച്ചു. ലീഡ് നേടിയതോടെ മോഹന്‍ ബഗാന്‍ കൂടുതല്‍ ആധിപത്യം കാട്ടി. 37ാം മിനുട്ടില്‍ ലൂണയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ശ്രമം നടത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 40ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ലൂണഅവസരം പാഴാക്കി. തൊട്ടടുത്ത മിനുട്ടില്‍ മോഹന്‍ ബഗാന്‍ ലീഡുയര്‍ത്തി. കുമ്മിന്‍ങ്‌സിന്റെ പാസില്‍ മക്ലാരന്‍ തന്നെയാണ് മോഹന്‍ ബഗാനായി രണ്ടാം ഗോളും നേടിയത്.

ആദ്യ പകുതിയുടെ അവസാന സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന് കാര്യമായൊന്നും ചെയ്യാനാവാതെ പോയതോടെ രണ്ട് ഗോള്‍ ലീഡ് വഴങ്ങി കളം വിടേണ്ടി വന്നു. പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും ബ്ലാസ്‌റ്റേഴ്‌സാണ് മുന്നിട്ട് നിന്നതെങ്കിലും ലക്ഷ്യം കാണുന്നതില്‍ മോഹന്‍ ബഗാന്‍ മിടുക്കുകാട്ടി. 56ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് സുവര്‍ണ്ണാവസരം. ലൂണയുടെ ക്രോസിനെ പിടിച്ചെടുക്കാന്‍ ജിമിനെസിന് സാധിക്കാതെ പോയി. ചെറിയ പാസുകളിലൂടെ ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമം നടത്തുന്നു. എന്നാല്‍ ഫിനിഷിങ്ങില്‍ കൃത്യത കൊണ്ടുവരാന്‍ സാധിക്കുന്നില്ല.
66ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും നിരാശ സമ്മാനിച്ച് മോഹന്‍ ബഗാന്‍ ലീഡുയര്‍ത്തി. ഫ്രീകിക്കില്‍ നിന്ന് ലഭിച്ച പന്തിനെ പ്രതിരോധിക്കുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചു. ഇതോടെ ആല്‍ബെര്‍ട്ടോ റോഡ്രിഗസ് മനോഹരമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. 75ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കോറോയുടെ ഷോട്ട് ഗോള്‍പോസ്റ്റിന് മുകളിലൂടെ പോയി. 77ാം മിനുട്ടിലെ ലൂണയുടെ ഷോട്ടും പോസ്റ്റിന് പുറത്തേക്ക് പോയി.
അവസാന സമയത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ക്കൊന്നും അത്ഭുതം കാട്ടാന്‍ സാധിക്കാതെ പോയതോടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി കൊമ്പന്മാര്‍ക്ക് കളം വിടേണ്ടി വന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.