കൊച്ചി: പരിക്കേറ്റതിനെ തുടര്‍ന്ന് ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സാഞ്ചസ് വാട്ട് നാട്ടിലേക്ക് മടങ്ങുന്നു. കൊച്ചിയില്‍ നടന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യ 35 മിനിറ്റുകള്‍ക്ക് ശേഷം വാട്ടിനെ കോച്ച് പിന്‍വലിച്ചിരുന്നു. പരിക്ക് ഭേദമാകാത്തിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
സാഞ്ചസിനു പകരം കളത്തിലിറങ്ങിയ ആന്റോണിയോ ജര്‍മ്മന്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിലും ജര്‍മ്മന്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കളിയില്‍ മനോഹരമായ ഒരു ഗോള്‍ നേടുകയും ചെയ്തു.

പരിക്കേറ്റ സാഞ്ചസിനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കി. ചികിത്സയും വിശമവും ആയി ഒരുമാസത്തോളം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നാലു കളികളാണ് ലീഗ് റൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇനി ശേഷിക്കുന്നത്. നിലവില്‍ എട്ടാം സ്ഥാനത്താണെങ്കിലും ഒന്നാം സ്ഥാനത്തുള്ള ഗോവയേക്കാള്‍ കേവലം നാലു പോയന്റുമാത്രം പിന്നിലാണ് കേരളം.
അവശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ജയിക്കാന്‍ കഴിഞ്ഞാല്‍ സെമിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ഒരു ഹോം മത്സരവും മറ്റുള്ളവ എവേ മത്സരങ്ങളുമാണ്. നിലവിലെ ഫോമില്‍, പുതിയ പരിശീലകനായ ടെറി ഫെലാന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും സെമി ഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെയും കണക്കുകൂട്ടല്‍.