Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: സെമിയില്‍ രക്ഷകനായി സഹല്‍, ഒറ്റ ഗോളില്‍ ജംഷഡ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്

1

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ പാദ സെമി ഫൈനലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 38ാം മിനുട്ടില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിലാണ് കേരളത്തിന്റെ മഞ്ഞപ്പട വിജയം നേടിയെടുത്തത്. 15ാം തീയ്യതി നടക്കുന്ന രണ്ടാം സെമിയില്‍ സമനില പിടിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് ഫൈനല്‍ ടിക്കറ്റെടുക്കാം.

4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2-3-1 ഫോര്‍മേഷനിലാണ് ജംഷഡ്പൂര്‍ നേരിട്ടത്. തുടക്കം മുതല്‍ സെമിയുടെ ആവേശം നിറഞ്ഞ് നില്‍ക്കുന്ന പോരാട്ടമാണ് ഇരു ടീമും കാഴ്ചവെച്ചത്. തുടക്കത്തിലേ ജംഷഡ്പൂരിന്റെ കുതിപ്പായിരുന്നു. 10ാം മിനുട്ടില്‍ ലീഡ് നേടാന്‍ ജംഷഡ്പൂരിന് ലഭിച്ച സുവര്‍ണ്ണാവസരം ഡാനിയല്‍ ചുക്കു പാഴാക്കി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധിച്ച കുതിപ്പിനൊടുവില്‍ ചുക്കു തൊടുത്ത ഷോട്ട് ഗോള്‍പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി.

1

20ാം മിനുട്ടില്‍ ലഭിച്ച മറ്റൊരു അവസരവും ചുക്കു പാഴാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ പിഴവില്‍ ലഭിച്ച പന്തിനെ പിടിച്ചെടുത്ത് ചുക്കു ഷോട്ട് തൊടുത്തെങ്കിലും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. 25ാം മിനുട്ടില്‍ ജംഷഡ്പൂര്‍ ടീമില്‍ ആദ്യ മാറ്റം വരുത്തി. സെമിന്‍ലെന്‍ ഡങ്കലിന് പകരം മൊബഷീര്‍ റഹ്‌മാന് അവസരം നല്‍കി. 34ാം മിനുട്ടില്‍ ബോക്‌സിന് തൊട്ട് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കിനെ മനോഹരമായി ഗ്രീഗ് സ്റ്റീവാര്‍ട്ട് മൊബഷീര്‍ റഹ്‌മാന്റ കാലിലേക്കെത്തിച്ചെങ്കിലും റഹ്‌മാന്റെ ദുര്‍ബലമായ ഷോട്ട് പുറത്തേക്ക്.

1

38ാം മിനുട്ടില്‍ ജംഷഡ്പൂരിന്റെ നെഞ്ചുതകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. അല്‍വാരോ വാസ്‌ക്കസ് നീട്ടിനല്‍കിയ ക്രോസിനെ തട്ടിയകറ്റാന്‍ റിക്കി ലല്ലവാവ്മ ഹെഡ് ചെയ്തകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പന്ത് പിടിച്ചെടുത്ത സഹല്‍ അഡ്വാന്‍സ്ഡായി എത്തിയ ജംഷഡ്പൂര്‍ ഗോളി ടിപി രഹനേഷിന്റെ തലക്ക് മുകളിലൂടെ പന്ത് പോസ്റ്റിലെത്തിച്ചു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 1-0ന്റെ ലീഡുമായാണ് ബ്ലാസ്‌റ്റേഴ്‌സ് പിരിഞ്ഞത്.

1

രണ്ടാം പകുതിയില്‍ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു കൂട്ടരും ഇറങ്ങിയത്. 60ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ജംഷഡ്പൂര്‍ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 65ാം മിനുട്ടില്‍ ജംഷഡ്പൂര്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. 72ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. 84ാം മിനുട്ടില്‍ സഹലിനെ തിരിച്ചുവിളിച്ച് വിന്‍സി ബറോറ്റോയെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. അവസാന മിനുട്ടിലും ബ്ലാസ്‌റ്റേഴ്‌സ് കോട്ട ഭേദിക്കാന്‍ ജംഷഡ്പൂരിന് സാധിക്കാതെ വന്നതോടെ ആദ്യ പാദ സെമി ഫൈനലില്‍ 1-0ന്റെ ജയം ബ്ലാസ്റ്റേഴ്‌സിന് സ്വന്തം.

1

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനല്‍ കളിച്ചത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ ജയം നേടിയതും കൂടുതല്‍ ഗോളടിച്ചതും കൂടുതല്‍ തുടര്‍ ജയങ്ങള്‍ നേടിയതുമെല്ലാം (10) ഈ സീസണിലായിരുന്നു. നാലാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ സെമി ടിക്കറ്റെടുത്തത്. 20 മത്സരത്തില്‍ 9 ജയം നേടുകയും ഏഴ് സമനില നേടുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് നാല് മത്സരം മാത്രമാണ് തോറ്റത്. 34 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. 34 ഗോളുകള്‍ എതിര്‍ പോസ്റ്റില്‍ കയറ്റാന്‍ ബ്ലാസ്റ്റേഴ്സിനായപ്പോള്‍ 24 ഗോളുകളാണ് വഴങ്ങിയത്.

1

ഇതുവരെ സെമിയില്‍ ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല. രണ്ട് തവണ സെമിയില്‍ എത്തിയപ്പോഴും ഫൈനല്‍ ടിക്കറ്റെടുക്കാന്‍ കേരളത്തിന്റെ മഞ്ഞപ്പടക്ക് സാധിച്ചിരുന്നു. 2014, 2016 സീസണിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിച്ചത്. രണ്ട് തവണയും കിരീട ഭാഗ്യം ഉണ്ടായില്ല. ഇത്തവണ വലിയ പ്രതീക്ഷയിലാണ് ടീമുള്ളത്. 18 മത്സരത്തില്‍ നിന്ന് എട്ട് ഗോളുമായി ജോര്‍ജി ഡിയാസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വേട്ടക്കാരില്‍ മുന്നില്‍. 20 മത്സരത്തില്‍ നിന്ന് എട്ട് ഗോള്‍ നേടിയ അല്‍വാരോ വാസ്‌ക്കസാണ് രണ്ടാം സ്ഥാനത്ത്.

അതേ സമയം ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായാണ് ജംഷഡ്പൂര്‍ സെമിയിലേക്കെത്തിയത്. 20 മത്സരത്തില്‍ നിന്ന് 13 ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമടക്കം 43 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. 19 മത്സരത്തില്‍ നിന്ന് 10 ഗോളുമായി ഗ്രേഗ് സ്റ്റീവാര്‍ട്ടാണ് ജംഷഡ്പൂരിന്റെ ഗോള്‍ വേട്ടക്കാരില്‍ തലപ്പത്ത്.

Story first published: Friday, March 11, 2022, 21:41 [IST]
Other articles published on Mar 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+