പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ എഫ്‌സി ഗോവയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏക പക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 46ാം മിനുട്ടില്‍ വിക്ടര്‍ റോഡ്രിക്കസിന്റെ ഫ്രീകിക്കില്‍ നിന്ന് റൗലിന്‍ ബോര്‍ജസാണ് ഗോവയുടെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ ഗോവ തലപ്പത്തേക്കെത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണുള്ളത്.
കരുത്തരായ ഗോവയെ അവരുടെ തട്ടകത്തില്‍ 4-2-2-2 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്. 4-2-3-1 ഫോര്‍മേഷനിലായിരുന്നു ഗോവ ബൂട്ടണിഞ്ഞത്. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമും കാഴ്ചവെച്ചത്. രണ്ട് ടീമിന്റേയും പ്രതിരോധ നിര തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ഗോള്‍ ക്ഷാമം നിറഞ്ഞുനിന്നു. കേരളത്തിന്റെ പ്രതിരോധത്തെ പല തവണ വെല്ലുവിളിക്കാന്‍ ഗോവക്കായി. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് ഗോവ 3നെതിരേ 7 ഗോള്‍ ശ്രമവുമായി ആക്രമണത്തിലും കരുത്തുകാട്ടി.

പ്രകടന മികവില്‍ ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ ഒരുപടി മുന്നിലായിരുന്നു ഗോവ. നിരന്തരം ആക്രമിച്ചുകൊണ്ടിരുന്ന ഗോവയുടെ ശ്രമം 46ാം മിനുട്ടില്‍ ഫലം കണ്ടു. വിക്ടര്‍ റോഡ്രിക്കസിന്റെ ഫ്രീകിക്കില്‍ നിന്ന് റൗലിന്‍ ബോര്‍ജസാണ് ഗോവയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയുടെ അവസാന സമയത്ത് ഗോള്‍ മടക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളെല്ലാം പാളി. ഇതോടെ ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 1-0ന്റെ ലീഡ് ആതിഥേയരായ ഗോവക്കൊപ്പം നിന്നു.
രണ്ടാം പകുതിയില്‍ കൂടുതല്‍ പ്രതിരോധത്തിലൂന്നിയാണ് ഗോവ കളിച്ചത്. 67ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനാവാതെ പോയി. 71ാം മിനുട്ടില്‍ ഗോവയുടെ കാര്‍ലോസിന്റെ ഇടം കാല്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് സേവ് ചെയ്തു. പകരക്കാരെയിറക്കി പ്രതിരോധം കടുപ്പിച്ച ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ സമ്മര്‍ദ്ദത്തിലാക്കി. ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് മാറ്റങ്ങളാണ് രണ്ടാം പകുതിയില്‍ വരുത്തിയത്.
എന്നാല്‍ ഗോള്‍ നേട്ടത്തിലേക്കെത്താന്‍ സാധിക്കാതെ പോയി. എക്‌സ്ട്രാ ടൈമിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം അകന്നുനിന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം ഗോവ സ്വന്തമാക്കി. ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോവ തലപ്പത്തേക്കെത്തി. 7 മത്സരത്തില്‍ നിന്ന് 6ലും ജയിച്ച ഗോവ ഒരു സമനില ഉള്‍പ്പെടെ 19 പോയിന്റോടെയാണ് തലപ്പത്ത് നില്‍ക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ രണ്ടാം തോല്‍വിയാണിത്. 9 മത്സരത്തില്‍ നിന്ന് 17 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. 14നാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.