പനജി: ഐഎസ്എല്‍ ആറാം സീസണിലെ നാലാം മത്സരത്തില്‍ ഗോവ എഫ്സിയും ചെന്നൈയിന് എഫ്സിയും തമ്മില്‍ ബുധനാഴ്ച ഏറ്റുമുട്ടും. ഗോവയുടെ ഹോം മൈതാനമായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7.30നാണ് മത്സരം. കഴിഞ്ഞതവണത്തെ ഫൈനലിസ്റ്റുകളായ ഗോവ ഇക്കുറിയും അതേ നിലവാരത്തിലുള്ള ടീമുമായി അങ്കത്തിനിറങ്ങുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകളേറെ.
ഗോവ കോച്ച് സെര്‍ജിയോ ലൊബേറയ്ക്കും ചെന്നൈയിന് കോച്ച് ജോണ്‍ ഗ്രിഗറിക്കും ടീമിനൊപ്പം ഇത് മൂന്നാം സീസണാണ്. അതുകൊണ്ടുതന്നെ പരസ്പരം നന്നായി അറിയാവുന്ന രണ്ടു ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഫലപ്രവചനം അസാധ്യമാകും. ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയിന് 6 തവണയും ഗോവ നാല് തവണയും ജയിച്ചു. പുതിയ സീസണില്‍ ടീം എത്രമാത്രം ഒരുങ്ങിയിട്ടുണ്ടെന്ന് ആദ്യ മത്സരത്തോടെ ഏറെക്കുറെ വ്യക്തമാകും.
ഫിറ്റ്നെസ് രഹസ്യം അതുതന്നെ, എല്ലാം മാറിയത് 2013നു ശേഷം... വെളിപ്പെടുത്തി കോലി
ഫെറാന്‍ കൊറോമിനാസ് എന്ന ഗോളടിയന്ത്രത്തിലാണ് ഇക്കുറിയും ഗോവയുടെ പ്രതീക്ഷകള്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍ 40 കളികളിലായി 34 ഗോള്‍ നേടിയ ഫെറാന്‍ കൊറോമിനാസ് തന്നെയാകും ടീമിന്റെ തുറുപ്പുചീട്ട്. മുഹമ്മദ് നവാസ് ആയിരിക്കും ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. മൊറോക്കക്കാരന്‍ അഹമ്മദ് ജാഹ, കേരള ബ്ലാസ്റ്റേഴ്സില്നിന്നെത്തിയ സീമന്ലെന് ദുംഗല്‍, ബണ്ടന് ഫെര്‍ണാഡസ്, ജാക്കിചന്ദ് സിങ്, ലെനി റോഡ്രിഗസ്, മന്ദര്‍ റാവു ദേശായി, സ്പാനിഷുകാരന് എഡു ബേദി, ഫഞ്ചുകാരന് ഹ്യൂഗോ ബോമസ് എന്നിവരും ടീമിന്റെ കരുത്താണ്.
കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിറംമങ്ങിയ ചെന്നൈ ടീമിന് ഇക്കുറി തിരിച്ചുവരണം. ആറ് പുതിയ വിദേശ കളിക്കാര്‍ ടീമിലെത്തിയിട്ടുണ്ട്. വിശാല്‍ കെയ്ത്ത്, ലാലിയാന്‍സുവാല ചങ്തെ, എഡ്വിന് വന്‍സ്പോള്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ടീമിലുണ്ട്. ഇത് പുതിയ ടീമാണെന്നാണ് പരിശീലകന്റെ പ്രതികരണം. അതുകൊണ്ടുതന്നെ ജയത്തോടെ പുതിയ തുടക്കമിടാന്‍ കഴിയുമെന്നും ചെന്നൈയിന് പ്രതീക്ഷിക്കുന്നു.