ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ആറ് മത്സരങ്ങളില്‍ മാറ്റം വരുത്തി. വിവിധ കാരണങ്ങളാലാണ് മത്സരങ്ങളില്‍ മാറ്റം വരുത്തിയതെന്ന് ഐഎസ്എല്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ 12ന് ഗുവാഹത്തിയില്‍ നടക്കാനിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിന്‍ എഫ്‌സി മത്സരം ഫിബ്രുവരി 25ന് അതേ സ്റ്റേഡിയത്തില്‍ നടക്കും. പൗരത്വ നിയമ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു മത്സരം മാറ്റിയത്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഒരു മത്സരത്തില്‍ക്കൂടി മാറ്റം വരുത്തിയിട്ടുണ്ട്. ജനുവരി 2ന് ജംഷേഡ്പൂര്‍ എഫ്‌സിയുമായി നടക്കേണ്ടിയിരുന്ന മത്സരം ഫിബ്രുവരി 10-ാം തീയതിയിലേക്കാണ് മാറ്റിയത്. സ്റ്റേഡിയം ഖേലോ ഇന്ത്യ ഗെയിംസിനായി നല്‍കിയതിനെ തുടര്‍ന്നാണ് ഐഎസ്എല്‍ മത്സരം നമാറ്റിയത്. ജനുവരി 2 മുതല്‍ 22 വരെയാണ് ഖേലോ ഇന്ത്യ ഗെയിംസ് നടക്കുന്നത്.

ചെന്നൈയിന്‍, ബെംഗളുരു ടീമുകള്‍ തമ്മിലുള്ള മത്സരം ഫിബ്രുവരി 7-ാം തീയതിയിലേക്കും നോര്‍ത്ത് ഈസ്റ്റ്, കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം ഫിബ്രുവരി 9-ാം തീയതിയിലേക്കും മാറ്റി. ഫിബ്രുവരി 12 നടക്കേണ്ടിയിരുന്ന ഹൈദരാബാദ്, ജംഷേദ്പൂര്‍ മത്സരം ഫിബ്രുവരി 13ലേക്ക് മാറ്റി. ഫിബ്രുവരി 13ന് നടക്കേണ്ടിയിരുന്ന ഗോവ, മുംബൈ മത്സരം ഫിബ്രുവരി 21-ാം തീയതിലേക്കും മാറ്റി.