ജംഷഡ്പൂര്‍: ഐഎസ്എല്ലിലെ 73ാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ എടിക്കെയ്ക്കു മികച്ച വിജയം. ടോപ്പ് ഫോറിനു പുറത്തുള്ള ജംഷഡ്പൂര്‍ എഫ്സിയെയാണ് അവരുടെ കാണികള്‍ക്കു മുന്നില്‍ എടിക്കെ കീഴടക്കിയത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് എടിക്കെയുടെ വിജയം. ഇരട്ടഗോളുകള്‍ നേടിയ റോയ് കൃഷ്ണയാണ് എടിക്കെയുടെ വിജയശില്‍പ്പി. മറ്റൊരു ഗോള്‍ എഡു ഗാര്‍ഷ്യയുടെ വകയായിരുന്നു. ലീഗില്‍ എടിക്കെയുടെ ഹാട്രിക്ക് വിജയം കൂടിയാണിത്. മാത്രമല്ല ജംഷഡ്പൂരിന്റെ മൈതാനത്തു എടിക്കെ ഇതാദ്യമായാണ് വെന്നിക്കൊടി പാറിച്ചത്.
ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടിയ സന്ദര്‍ശകര്‍ രണ്ടാം പകുതിയില്‍ രണ്ടു വട്ടം കൂടി ജംഷഡ്പൂരിന്റെ വല ചലിപ്പിച്ച് ജയവും വിലപ്പെട്ട മൂന്നു പോയിന്റും കൈക്കലാക്കുകയായിരുന്നു. രണ്ട്, 75 മിനിറ്റുകളിലായിരുന്നു റോയ് കൃഷ്ണയുടെ ഗോളുകള്‍. 59ാം മിനിറ്റിലാണ് ഗാര്‍ഷ്യ ലക്ഷ്യം കണ്ടത്. ഈ വിജയത്തോടെ നേരത്തേ പോയിന്റ് പട്ടികയില്‍ മൂന്നാമതായിരുന്ന എടിക്കെ തലപ്പത്തേക്കുയര്‍ന്നു. നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്സി, എഫ്സി ഗോവ എന്നിവരെയാണ് എടിക്കെ പിന്തള്ളിയത്. ഗോവയ്ക്കും എടിക്കെയ്ക്കും 30 പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ശരാശരി എടിക്കെയെ ഒന്നാംസ്ഥാനക്കാരാക്കുകയായിരുന്നു.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റോയ് കൃഷ്ണയിലൂടെ എടിക്കെ മുന്നിലെത്തി. ജംഷഡ്പൂര്‍ താരം സന്ദീപ് മാന്ഡിക്കു വന്ന പിഴവാണ് ഗോളിനു വഴിവച്ചത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ സന്ദീപ് നല്കിയ ബാക്ക് പാസ് നേരെ കൃഷ്ണയ്ക്ക്. പന്ത് കിട്ടിയ കൃഷ്ണ ജംഷഡ്പൂര്‍ താരം മെമോയെയും ഗോളിയെയും മറികടന്ന് ഷോട്ടുതിര്‍ക്കുകയായിരുന്നു. 13ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ഗോളി സുബ്രതാ പാലിന്റെ സേവ് എടിക്കെയ്ക്കു രണ്ടാം ഗോള്‍ നിഷേധിച്ചു. കൃഷ്ണയുടെ ഗോള്‍ശ്രമമാണ് ഗോളി വിഫലമാക്കിയത്. ലീഡുയര്‍ത്താന്‍ തുടര്‍ന്നും ആദ്യ പകുതിയില്‍ മികച്ച ചില അവസരങ്ങള്‍ എടിക്കെയ്ക്കു ലഭിച്ചെങ്കിലും ജംഷഡ്പൂര്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
54ാം മിനിറ്റില്‍ ജിതേന്ദ്ര സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തുപോയതോടെ ജംഷഡ്പൂരിന്റെ അംഗബലം പത്തായി ചുരുങ്ങി. ഇതോടെ എടിക്കെയ്ക്കു കാര്യങ്ങള്‍ കുറേക്കൂടി അനായാസമാവുകയും ചെയ്തു. 59ാം മിനിറ്റില്‍ ഗാര്‍ഷ്യയിലൂടെ എടിക്കെ ലീഡുയര്‍ത്തി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ കൃഷ്ണ നല്കിയ പാസ് ഗാര്‍ഷ്യ അനായാസം വലയിലേക്കു പ്ലേസ് ചെയ്തു. 75ാം മിനിറ്റില്‍ എടിക്കെയുടെ വിജയമുറപ്പാക്കി കൃഷ്ണ മൂന്നാം ഗോളും നേടി. ഗാര്‍ഷ്യയുടെ മനോഹരമായ ത്രൂബോള്‍ പിടിച്ചെടുത്ത് ഒറ്റയ്ക്കു ബോക്സിനകത്തേക്കു കയറിയ കൃഷ്ണ ഗോളിക്ക് ഒരു പഴുതും നല്‍കാതെ പന്ത് വലയിലേക്ക് വഴി തിരിച്ചുവിട്ടു.