കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണില്‍ കൊച്ചി വിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം കോഴിക്കോട്ടേക്കു കൂടുമാറുകയാണെന്ന വാര്‍ത്തകള്‍ മലബാറിലെ കാല്‍പ്പന്തുകളി പ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രഥമ ഐഎസ്എല്‍ സീസണ്‍ മുതല്‍ കൊച്ചി കേന്ദ്രീകരിച്ച് കളിത്തുന്ന ഫ്രാഞ്ചൈസിയാണ് മഞ്ഞപ്പട. അതുകൊണ്ടു തന്നെ കോഴിക്കോട്ടേക്കുള്ള അവരുടെ ചേക്കേറല്‍ തീര്‍ത്തും അപ്രതീക്ഷിതവുമായിരുന്നു.
കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം ഹോംഗ്രൗണ്ടാക്കി പുതിയ ഐഎസ്എല്‍ സീസണില്‍ പന്തുതട്ടാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലാന്‍. പക്ഷെ ഈ നീക്കം നടക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിനു പിന്നിലെ കാരണമെന്താണെന്നും കോഴിക്കോടല്ലെങ്കില്‍ മലബാറിലെ അടുത്ത ഓപ്ഷന്‍ ഏതാണെന്നും നമുക്കു നോക്കാം.

Photocredit/Keralablasters
എന്തു കൊണ്ട് വേദി സംശയത്തില്‍?
പി്ച്ചിന്റെ മോശം അവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു വേദിയാവാന്‍ ഇപ്പോഴും പൂര്‍ണമായി സജ്ജമായിട്ടില്ലെന്നാണ് ഏറ്റവും പുതിയ വിവരം. അടുത്തിടെ സൂപ്പര്‍ ക്രോസ് ചാംപ്യന്‍ഷിപ്പിന് ഈ സ്റ്റേഡിയം വേദിയായിരുന്നു. ഇതു കാരണം ഗ്രൗണ്ടും പിച്ചുമെല്ലാം ആകെ താറുമാറാവുകയും ചെയ്തു.
ഇതു പൂര്‍വ്വ സ്ഥിതിയിലാക്കി ഫെബ്രുവരി ആദ്യവാരം കേരളാ ബ്ലാസ്റ്റേഴ്‌സിനു കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും അതു സാധ്യമാവുമോയെന്നതു കണ്ടു തന്നെ അറിയണം. നിലവിലെ സാഹചര്യത്തില്‍ ഇവിടെ മല്‍സരങ്ങള്‍ നടത്തുകയെന്നത് അസാധ്യം തന്നെയാണ്.
കൊച്ചി വിടാന്‍ കാരണമെന്ത്
2014ലെ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ മുതല്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ട്. ഇവിടെ വലിയ രീതിയിലുള്ള ആരാധക പിന്തുണയും അവസാനത്തെ സീസണ്‍ വരെ മഞ്ഞപ്പടയ്ക്കു ലഭിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചി വിട്ട് കോഴിക്കോട്ടേക്കു ചേക്കേറാനുള്ള കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്.
ആദ്യത്തേത് സ്റ്റേഡിയത്തില്‍ തുടങ്ങിവച്ച നവീകരണ പ്രവര്‍ത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നതാണ്. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കേരളത്തിലേക്കു കൊണ്ടു വരുന്നതിനു മുന്നോടിയായി ഇവിടെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു.
പക്ഷെ മെസ്സിയുടെ വരവ് യാഥാര്‍ഥ്യമായില്ലെന്ന് മാത്രമല്ല, തുടങ്ങി വച്ച നവീകരണ പ്രവര്‍ത്തികള്‍ മുടങ്ങുകയും ചെയ്തു. എല്‍ഇഡി ഫ്‌ളഡ്‌ലിറ്റുകളടക്കം ഇനിയും ഇവിടെ സ്ഥാപിക്കാനുണ്ട്. ടണലുകളും ഡ്രസിങ് റൂമുകളുമെല്ലാം താറുമാറാവുകയും ചെയ്തിരിക്കുന്നു. ഇവയെല്ലാമാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടാനുള്ള ആദ്യത്തെ കാരണം.
രണ്ടാമത്തേത് കൊച്ചിയില്‍ മല്‍സരങ്ങള്‍ നടത്തുമ്പോഴുള്ള ഭാരിച്ച ചെലവാണ്. കോഴിക്കോട്ട് മല്‍സരങ്ങള്‍ നടത്തുന്നതിനേക്കാള്‍ ഇരട്ടിയോളം കൊച്ചിയില്‍ ആവശ്യമായി വരികയും ചെയ്യും. ഇതും ബ്ലാസ്‌റ്റേഴ്‌സിനെ കോഴിക്കോട്ടേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.
കോഴിക്കോടല്ലെങ്കില്‍ അടുത്ത ഓപ്ഷന്‍
കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ കളിക്കുകയെന്ന മോഹം നടന്നില്ലെങ്കില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു മുന്നില്‍ മറ്റൊരു ഓപ്ഷന്‍ കൂടിയുണ്ട്. അത് മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയമാണ്.
അടുത്തിടെ കേരളാ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ക്കു ഈ സറ്റേഡിയം വേദിയായിരുന്നു. അതുകൊണ്ടുതന്നെ കോഴിക്കോട് സജ്ജമല്ലെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിനു ഈ വേദി മികച്ച ഓപ്ഷന്‍ തന്നെയാണ്. പക്ഷെ ഇവിടേക്കു മാറ്റുമ്പോഴുള്ള പ്രധാന പ്രശ്‌നം പൊതുഗതാഗത സൗകര്യങ്ങളുടെ കുറവും സമീപത്തുള്ള ആഡംബര ഹോട്ടലുകളുടെ അഭാവവുമാണ്.