ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും ആവേശകരമായ ടൂര്‍ണമെന്റായ ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ അനിശ്ചികമായി മാറ്റിവച്ചു. സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ചരിത്രത്തിലാദ്യമായി ഐഎസ്എല്‍ മുടങ്ങിയിരിക്കുന്നത്.
ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) എഫ്എസ്ഡിഎല്ലമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്. പക്ഷെ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇതു പുതുക്കാനുള്ള നീക്കങ്ങളൊന്നും എഐഎഫ്എഫിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

ഇതേ തുടര്‍ന്നാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (FSDL) ഐഎസ്എല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്. അവര്‍ ഇക്കാര്യം എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിക്കുകയും ചെയ്തിരിക്കുകയാണ്.
എഐഎഫ്എഫിന്റെ കരട് ഭരണഘടനാ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി ഈ മാസം 14ന് വരാനിരിക്കുകയാണ്. അതു വരെ മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്എസ്ഡിഎല്ലുമായി യാതൊരു ചര്‍ച്ചകളും പാടില്ലെന്നു സുപ്രീം കോടതി എഐഎഫ്എഫിനോടു നിര്‍ദേശിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ടൂര്‍ണമെന്റ് അനിശ്ചിതമായി നിര്‍ത്തുകയെന്ന കടുപ്പമേറിയ തീരുമാനവും അവര്‍ സ്വീകരിച്ചത്.

15 വര്‍ഷത്ത കരാറില്‍ എഐഎഫ്എഫുമായി 2010ലാണ് എംആര്‍എ ഒപ്പുവച്ചത്. ഇതു പ്രകാരം പ്രതിവര്‍ഷം 50 കോടി രൂപ എഐഎഫ്എഫിനു എഫ്എസ്ഡിഎല്‍ നല്‍കി വരികയും ചെയ്തു. ഫെഡറേഷന്റെ ദൈനംദിന ചെലവുകള്‍ക്കാള്‍ക്കായും ഫുട്‌ബോള്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമാണ് അവര്‍ ഈ തുക ചെലവഴിച്ചിരുന്നത്.
യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളുടെ മാതൃകയില്‍ 2014ലാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ ഉള്‍പ്പെടുത്തി ഐഎസ്എല്ലിനു തുടക്കമാവുന്നത്. പിന്നീട് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ലീഗായി ഇതു അംഗീകരിക്കപ്പെടുകയും ചെയ്തു.
എഐഎഫ്എഫ് നേരിട്ടു സംഘടിപ്പിക്കുന്ന ഐ ലീഗിനെ പിന്തള്ളിയാണ് ഐഎസ്എല്‍ നമ്പര്‍ വണ്ണായി മാറിയത്. ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പില്‍ പോലും പിന്നീട് ഐഎസ്എല്ലിലെ പ്രകടനം മാനദണ്ഡമായി മാറിയിരുന്നു.
11 സീസണുകളാണ് ഐഎസ്എല്ലില്‍ ഇതിനകം പൂര്‍ത്തിയായത്. 13 ടീമുകള്‍ മാറ്റുരച്ച കഴിഞ്ഞ സീസണില്‍ കിരീടമുയര്‍ത്തിയത് മോഹന്‍ ബഗാനാണ്. അധിക സമയത്തേക്കു നീണ്ട ത്രില്ലറില്‍ ബെംഗളൂരു എഫ്‌സിയെ 2-1നു വീഴ്ത്തിയാണ് ബഗാന്‍ നാലാം കിരീടം ചൂടിയത്. ഇതോടെ നാലു ട്രോഫികളെന്ന മുംബൈ സിറ്റിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ബഗാന്‍ എത്തുകയും ചെയ്തു.