Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2024-25: നോവയുടെ ഗോള്‍, പിന്നാലെ 2 ചുവപ്പ് കാര്‍ഡ്!! കഷ്ടിച്ചു രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്

ന്യൂഡല്‍ഹി: ഐഎസ്എല്ലിലെ നിര്‍ണായകമായ എവേ മല്‍സരത്തില്‍ കഷ്ടിച്ചു രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ പഞ്ചാബ് എഫ്സിക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട ജയിച്ചുകയറിയത്. ആദ്യപകുതിയുടെ 44ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നോവ സദോയ് നേടിയ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്.

രണ്ടാംപകുതിയില്‍ രണ്ടു പേര്‍ ചുവപ്പ്കാര്‍ഡ് കണ്ടതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതു പേരായി ചുരുങ്ങിയിരുന്നു. എന്നാല്‍ ഒരു ഗോളിന്റെ ലീഡ് ഒരുവിധം കാത്തുസൂക്ഷിച്ച മഞ്ഞപ്പട ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമാണ് കണ്ടതെങ്കില്‍ രണ്ടാംപകുതിയില്‍ പഞ്ചാബായിരുന്നു ബെസ്റ്റ് ടീം.

BLASTERS- PUNJAB MATCH

നന്നായി തുടങ്ങി മഞ്ഞപ്പട

അഗ്രസീവ് ഫുട്‌ബോളിലൂടെ തുടക്കത്തില്‍ തന്നെ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചത്. കോര്‍ണറുകള്‍ വഴങ്ങിയാണ് പഞ്ചാബ് ഇവയെല്ലാം തടഞ്ഞുനിര്‍ത്തിയത്.

13, 16 മിനിറ്റുകളില്‍ തുടരെ രണ്ടു കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇവ മഞ്ഞപ്പടയ്ക്കു മുതലാക്കാനായില്ല. ആദ്യത്തെ 20 മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമാണ് കണ്ടത്. മറുഭാഗത്ത് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ പഞ്ചാബിനായില്ല.

കിടിലന്‍ സേവ്

27ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ ബ്ലാസ്റ്റേഴ്‌സിനു അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം. ഇടതു വിങിലൂടെയുള്ള നോവയുടെ അതിവേഗ മുന്നേറ്റം ബോക്‌സിനത്തുള്ള പഞ്ചാബിന്റെ കാലില്‍ തട്ടിത്തെറിച്ചു. നേരെ ലൂണയുടെ കാലിലേക്കാണ് പന്ത് വന്നത്. സെക്കന്റ് പോസ്റ്റ് ലക്ഷ്യമിട്ട് വെടിയുണ്ട കണക്കെയുള്ള ഷോട്ടാണ് ലൂണ തൊടുത്തത്.

വലയില്‍ തുളഞ്ഞു കയറുമെന്നു കരുതപ്പെട്ട ഷോട്ട് പഞ്ചാബ് ഗോളി മുഹീത് ഷബീര്‍ ഇടതു വശത്തേക്കു മുഴൂനീളെ ഡൈവ് ചെയ്ത് വായുവില്‍ ഒരു കൈ കൊണ്ട് പുറത്തേക്കു തട്ടിയകറ്റുകയായിരുന്നു. മുഹീതിന്റെ ഈ വണ്ടര്‍ സേവ് ഇല്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് ഉറപ്പായും 1-0നു മുന്നിലെത്തുമായിരുന്നു.

കൗണ്ടര്‍ അറ്റാക്ക്

രണ്ടു മിനിറ്റിനകം പഞ്ചാബിന്റെ അപകടകരമായ ഒരു കൗണ്ടര്‍ അറ്റാക്ക്. എന്നാല്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് മഞ്ഞപ്പടയുടെ രക്ഷയ്‌ക്കെത്തി. കോര്‍ണറിനൊടുവില്‍ ലഭിച്ച ബോളുമായിട്ടായിരുന്നു പഞ്ചാബിന്റെ മിന്നല്‍ നീക്കം.

മധ്യനിരയില്‍ നിന്നും പന്തുമായി ഒറ്റയ്ക്കു ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ പറന്നെത്തിയ നിഹാല്‍ സുധീഷിനു മുന്നില്‍ ഗോളി സച്ചിന്‍ മാത്രം. ഓട്ടത്തിനിടെ തന്നെ ബോളിനെ വലയിലേക്കു പായിക്കാന്‍ നിഹാല്‍ ശ്രമിച്ചെങ്കിലും ഇതു സച്ചിന്‍ സുരേഷ് സമര്‍ഥമായി ശരീരം കൊണ്ട് ബ്ലോക്ക് ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു.

മുന്നിലെത്തി ബ്ലാസ്റ്റേഴ്‌സ്

ആദ്യ പകുതി ഗോള്‍രഹിതമായി പിരിയുമെന്നിരിക്കെ 44ാം മിനിറ്റില്‍ നോവയുടെ പെനല്‍റ്റി ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. ഇടതു വിങിലൂടെ പന്തുമായി പഞ്ചാബ് ബോക്‌സിലേക്കു കയറിയ അദ്ദേഹത്തെ സുരേഷ് മീട്ടേയ് പിറകില്‍ നിന്നും ഫൗള്‍ ചെയ്തിടുകയായിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി റഫറി പെനല്‍റ്റിയും വിധിച്ചു. ഗോളിയെ കാഴ്ചക്കാരനാക്കി നോവ ഈ പെനല്‍റ്റി അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

NOA

ആഞ്ഞടിച്ച് പഞ്ചാബ്

ആദ്യപകുതിയില്‍ കളി നിയന്ത്രിച്ചത് ബ്ലാസ്റ്റേഴ്‌സാണെങ്കില്‍ രണ്ടാം പകുതിയില്‍ പഞ്ചാബിന്റെ ഊഴമായിരുന്നു. നിരന്തരമുള്ള ആക്രമണങ്ങളിലൂടെ അവര്‍ ബ്ലാസ്റ്റേഴ്‌സിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി.

ഇതോടെ മഞ്ഞപ്പടയ്ക്കു പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിയേണ്ടി വരികയും ചെയ്തു. കൂടുതല്‍ സമയവും പന്ത് പഞ്ചാബിന്റെ കാലുകളിലായിരുന്നു. ഇരുവിങിലൂടെയും അവര്‍ നിരന്തരം ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്കു ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തു.

ചുവപ്പ് കാര്‍ഡ്

57ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി കൊണ്ട് മിലോസ് ഡ്രിന്‍സിച്ച് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും വാങ്ങി പുറത്തായി. ഇടതു വിങിലൂടെ മുന്നേറിയ ലിയോണിനെ ബോക്‌സിനു അടുത്തു വച്ച് ഫൗള്‍ ചെയ്തതിനാണ് ഡ്രിന്‍സിച്ചിനു വീണ്ടുമൊരു മഞ്ഞക്കാര്‍ഡ് നല്‍കി റഫറി പുറത്തു പോവാന്‍ ആവശ്യപ്പെട്ടത്.

വീണ്ടും ചുവപ്പ് കാര്‍ഡ്

പത്തു പേരെ വച്ച് പഞ്ചാബിന്റെ വേലിയേറ്റങ്ങള ഒരു വിധം തടഞ്ഞുനിര്‍ത്തവെയാണ് 75ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു വീണ്ടുമൊരു ചുവപ്പ് കാര്‍ഡ് കിട്ടിയത്. കൗണ്ടര്‍ അറ്റാക്കിനിടെ പന്തുമായി കുതിച്ച ലിയോണിനെ സ്വന്തം ഹാഫില്‍ വച്ച് തല കൊണ്ട് അപകടകരമാം വിധത്തില്‍ തല കൊണ്ട് ഇടിച്ചിട്ടതിനാണ് എയ്ബാന്‍ബ ഡോലിങിനു നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടിയത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതു പേരായി ചുരുങ്ങുകയും ചെയ്തു.

Story first published: Sunday, January 5, 2025, 21:40 [IST]
Other articles published on Jan 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+