Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2024-25: അഞ്ചു ഗോള്‍ ത്രില്ലര്‍!! കലൂരിനെ ഇളക്കി മറിച്ച് ബ്ലാസ്റ്റേഴ്‌സ്, ഒഡീഷ വീണു

കൊച്ചി: ഐഎസ്എല്ലില്‍ അഞ്ചു ഗോളുകള്‍ പിറന്ന ത്രില്ലിങ് മാച്ചില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു ആവേശോജ്വല വിജയം. കലൂരിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യപകുതിയില്‍ 0-1നു പിന്നിലായ ശേഷം രണ്ടാംപകുതിയില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് 3-2ന്റെ ത്രില്ലിങ് ജയം സ്വന്തമാക്കിയത്. 2-2ന്റെ സമനിലയിലേക്കു നീങ്ങിയ കളിയില്‍ ഇഞ്ചുറി ടൈമില്‍ നോവ സദോയിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ കണ്ടെത്തിയത്.

ക്വാമെ പെപ്ര (60ം മിനിറ്റ്), ഹെസൂസ് ജിമനെസ് (73) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു സ്‌കോറര്‍മാര്‍. ജെറി മാവിംതാംഗ (4), ഡോറിയെല്‍റ്റണ്‍ (80) എന്നിവര്‍ ഒഡീഷയുടെ ഗോള്‍ മടക്കുകയായിരുന്നു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. പോയിന്റ പട്ടികയില്‍ ഇതോടെ ടീം എട്ടാം സ്ഥാനത്തേക്കും കയറി.

BLASTERS MATCH

ഞെട്ടിച്ച് ഒഡീഷ മുന്നില്‍

ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വളരെ പോസിറ്റീവായാണ് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. പക്ഷെ നാലാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ സ്തബ്ധരാക്കി ഒഡീഷ അക്കൗണ്ട് തുറന്നു. ഒരു ലക്കി ഗോളെന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജെറി മാവിംതാംഗയാണ് ഒഡീഷയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.

സ്വന്തം ഹാഫില്‍ നിന്നും ഒഡീഷ ഡിഫന്‍ഡര്‍ ക്ലിയര്‍ ചെയ്ത ബോള്‍ നേരെ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനരികെയാണ് ലാന്‍ഡ് ചെയ്തത്. കുത്തിയുയര്‍ന്ന ബോള്‍ ഒഡീഷ താരം ഡോറിയെല്‍റ്റണ്‍ തല കൊണ്ട് മറിച്ചു നല്‍കിയപ്പോള്‍ ജെറി തന്റെ കാല്‍ കൊണ്ട് ഇതു ഗോളി സച്ചിന്‍ സുരേഷിനെ നിസ്സഹായനാക്കി വലയിലേക്കു തട്ടിയിടുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ റഹീം അലി ലോങ്‌റേഞ്ചറിലൂടെ ടീമിന്റെ ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഗോളിക്കു ഭീഷണിയുയര്‍ത്താതെ നേരെ ഗാലറിയില്‍ ചെന്നു പതിക്കുകയായിരുന്നു.

ആക്രമണമേറ്റെടുത്ത് ബ്ലാസ്റ്റേഴ്‌സ്

തുടക്കത്തില്‍ തന്നെ ലീഡ് വഴങ്ങിയ ശേഷം അല്‍പ്പമൊന്നു പതറിയെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമാണ് കണ്ടത്.

12ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ ഒരു ഗോള്‍ശ്രമം ബ്ലോക്ക് ചെയ്യപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി കോര്‍ണറിനൊടുവില്‍ ബോള്‍ ഫ്രെഡ്ഡിയുടെ കാലിലേക്ക്. അദ്ദേഹം അതു ഗോള്‍ ലക്ഷ്യമാക്കി തൊടുത്തെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. ഗോളാക്കേണ്ടിയിരുന്ന മികച്ച അവസരം തന്നെയായിരുന്നു ഇത്. തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഗോള്‍ദാഹത്തോടെ കളിച്ചത്.

അവസരം തുലച്ചു

24ാം മിനിറ്റില്‍ സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സിനു വീണ്ടുമൊരു അവസരം. പക്ഷെ ഇതും ഗോളാക്കി മാറ്റാനായില്ല. ബോക്‌സിനു തൊട്ടരികില്‍ നിന്നും ക്വാമെ പെപ്രയാണ് വലയിലേക്കു ഷോട്ടുതിര്‍ക്കാന്‍ ശ്രമിച്ചത്. പക്ഷെ മൊര്‍ത്താദ ഫോള്‍ ഇതു ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്നു ബ്ലാസ്റ്റേഴ്‌സിനു അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ഡ്രിങ്ക്‌സ് ബ്രേക്കിനു ശേഷം 30ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഹോര്‍മിപാം ലോങ്‌റേഞ്ചറിലൂടെ ഗോള്‍ നേടാനാണ് തുനിഞ്ഞത്.

പെനല്‍റ്റിയില്ല

35ാം മിനിറ്റില്‍ പെപ്രയിസൂടെ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ചൊരു ഗോള്‍ നീക്കം. പന്തുമായി ബോക്‌സിലേക്കു വന്ന പെപ്രയെ ഒഡീഷ ഡിഫന്‍ഡര്‍ ഫോള്‍ ടാക്കിള്‍ ചെയ്‌തെങ്കിലും റഫറി പെനല്‍റ്റി നല്‍കിയില്ല. കലൂരിലെ കാണികള്‍ പെനല്‍റ്റിക്കായി ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നെങ്കിലും ഇതു ഗോള്‍കിക്കില്‍ മാത്രം കലാശിക്കുകയായിരുന്നു.

40ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനു വീണ്ടുമൊരു പെനല്‍റ്റി ലഭിക്കുമെന്നു തോന്നിച്ചെങ്കിലും അതു നോവയുടെ മഞ്ഞക്കാര്‍ഡിലാണ് കലാശിച്ചത്. ഇടതു വിങിലൂടെ ബോളുമായി ഒറ്റയ്ക്കു പറന്നെത്തിയ സദോയിയെ തടയാന്‍ ഒഡീഷ ഗോളി അമരീന്ദര്‍ മുന്നോട്ടു കയറിയെത്തി. ഇതിനിടെ നോഹ ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു. പക്ഷെ ഗോളിയുടെ ടച്ചില്ലാതെയാണ് മനപ്പൂര്‍വ്വം താരം ബോക്‌സില്‍ വീണതെന്നു വ്യക്തമായതോടെ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുക്കുകയായിരുന്നു.

ഒപ്പമെത്തി ബ്ലാസ്റ്റേഴ്‌സ്

രണ്ടാംപകുതിയിലും ഗോളിനായി ഇരമ്പിക്കളിച്ച ബ്ലാസ്റ്റേഴ്‌സ് 60ാം മിനിറ്റില്‍ പെപ്രയിലൂടെ സമനില ഗോള്‍ പിടിച്ചുവാങ്ങി. സഹതാരം നല്‍കിയ മനോഹരമായ ത്രൂബോളുമായി ഒറ്റയ്ക്കു ബോക്‌സിലേക്കു കയറിയ പെപ്രയ്ക്കു മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. തടയാന്‍ ശ്രമിച്ച അമരീന്ദര്‍ താഴെ വീണപ്പോള്‍ പന്തുമായി കുതിച്ച പെപ്ര വലതു മൂലയില്‍ നിന്നും ഒഴിഞ്ഞ വലയിലേക്കു ബോള്‍ പ്ലേസ് ചെയ്തു (1-1).

BLASTERS MATCH

മഞ്ഞപ്പട മുന്നില്‍

73ം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി കളിയില്‍ മുന്നിലെത്തി. പകരക്കാരനായി ഇറങ്ങിയ ഹൊസൂസ് ജിമനെസിന്റെ വകയായിരുന്നു കിടിലന്‍ ഗോള്‍. വലതു വിങില്‍ നിന്നും ലൂണ നല്‍കിയ ക്രോസ് ബോക്‌സിനുള്ളില്‍ നിന്നും സദോയ് ഹെഡ്ഡറിലൂടെ ജിമനെസിനു കൈമാറി. ഗോളിയെ നിസ്സഹായനാക്കി അദ്ദേഹം ഇതു വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റി (2-1).

സമനില പിടിച്ചുവാങ്ങി ഒഡീഷ

പക്ഷെ ലീഡ് കാത്തുസൂക്ഷിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. 80ാം മിനിറ്റില്‍ ഡോറിയെല്‍റ്റണിന്റെ ഗോളില്‍ ഒഡീഷ സമനില പിടിച്ചുവാങ്ങി. ബോക്‌സിനു തൊട്ടരികില്‍ വച്ച് ലഭിച്ച ഫ്രീകിക്കിനൊടുവിലായിരുന്നു താരം ലക്ഷ്യം കണ്ടത്. ആദ്യം ഗോള്‍ പോസ്റ്റിലും പിന്നീട് ഗോളി സച്ചിന്റെ കൈകളിലും തട്ടിത്തെറിച്ച റീബൗണ്ടിനു ശേഷമാണ് മൂന്നാമത്തെ ശ്രമം ഡോറിയെല്‍റ്റണ്‍ ഗോളാക്കിയത്.

വിജയഗോള്‍

ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ നോവയുടെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ത്രില്ലിങ് വിജയം സ്വന്തമാക്കി. ബോക്‌സിന്റെ ഇടതു ഭാഗത്തു ന്നും സദോയ് തടുത്ത ഷോട്ട് ഒഡീഷ താരം റഹീം അലി ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കാലില്‍ തട്ടിയുയര്‍ന്ന് സ്വന്തം ബോക്‌സില്‍ താഴ്ന്നിറങ്ങുകയായിരുന്നു.

Story first published: Monday, January 13, 2025, 21:45 [IST]
Other articles published on Jan 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+