ഗുവാഹത്തി: കണ്ണഞ്ചിക്കുന്ന ഗോളും ചുവപ്പ് കാര്‍ഡുമെല്ലാം കണ്ട ഐഎസ്എല്ലിലെ ത്രില്ലിങ് മാച്ചില്‍ നോര്‍ത്ത് ഈസ്റ്റുമായി 1-1ന്‍റെ സമനില സമ്മതിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. സീസണിലെ ആദ്യ എവേ മല്‍സരം കളിക്കാനെത്തിയ മിഖായേല്‍ സ്റ്റാറെയുടെ മഞ്ഞപ്പട ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം ഗോള്‍ മടക്കിയാണ് സമനിലയും വിലപ്പെട്ട പോയിന്റും കൈക്കലാക്കിയത്. 58ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ പിഴവില്‍ നിന്നാണ് അജാറി ഫ്രീകിക്കിലൂടെ നോര്‍ത്ത്ഈസ്റ്റിന്റെ അക്കൗണ്ട് തുറന്നത്.
എന്നാല്‍ പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്‌സ് 66ാം മിനിറ്റില്‍ നോവ സദോയിയുടെ വണ്ടര്‍ ഗോളില്‍ സമനില കൈക്കലാക്കുകയായിരുന്നു. 81ാം മിനിറ്റില്‍ അഷീര്‍ അക്തര്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ നോര്‍ത്ത്ഈസ്റ്റ് പത്തു പേരായി ചുരുങ്ങിയെങ്കിലും ഈ അവസരം മുതലെടുത്ത് വിജയഗോള്‍ കുറിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. ഇഞ്ചുറിടൈമില്‍ വിജയഗോളിനായി രണ്ടു സുവര്‍ണാവസരം ലഭിച്ചെങ്കിലും അയ്മാന്‍ ഇതു നഷ്ടപ്പെടുത്തുകയായിരുന്നു.

സുവര്‍ണാവസരം തുലച്ച് ബ്ലാസ്‌റ്റേഴ്‌സ്
15ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. പക്ഷെ ഡാനിഷ് ഫറൂഖിന്റെ ഫിനിഷിങ് പാളിയതോടെ മഞ്ഞപ്പടയ്ക്കു കളിയില്‍ മുന്നിലെത്താനായില്ല. സഹതാരം നല്‍കിയ പന്തുമായി ഇടതു വിങിലൂടെ നോഹ സദോയിയുടെ മികച്ചൊരു മുന്നേറ്റം.
ബോക്‌സിലേക്കു ഡ്രിബിള്‍ ചെയ്തു കയറിയ ശേഷം സദോയ് ബോക്‌സിനു കുറുകെ ഫറൂഖിനു പാസ് ചെയ്യുകയായിരുന്നു. ആ ബോളിനെ വലയിലേക്കു വഴി തിരിച്ചുവിടേണ്ട ചുമതല മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. പന്തിലേക്കു എത്താന്‍ ഫറൂഖ് ശ്രമിച്ചെങ്കിലും അതു കണക്ട് ചെയ്യാനായില്ല. ഇതോടെ നോര്‍ത്ത് ഈസ്റ്റ് രക്ഷപ്പെടുകയും ചെയ്തു.
വിറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ്
കളിയിലെ ആദ്യത്തെ ഗോളവസരം സൃഷ്ടിച്ച ബ്ലാസ്‌റ്റേഴ്‌സിനെ മിനിറ്റുകള്‍ക്കകം നോര്‍ത്ത്ഈസ്റ്റ് വിറപ്പിച്ചു. 19ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടു മികച്ച ഗോള്‍ ശ്രമങ്ങള്‍ ഡിഫന്‍ഡര്‍ പ്രീതം കോട്ടാല്‍ രക്ഷപ്പെടുത്തുകയായിരുന്നു. അതിവേഗ നീക്കത്തിനൊടുവില്‍ ഇടതു വിങിലൂടെ ബോക്‌സിലേക്കു കുതിച്ചുകയറി അജാറി ഒരു കരുത്തുറ്റ ലോങ്‌റേഞ്ചര്‍ തൊടുത്തു. എന്നാല്‍ പ്രബീര്‍ ദാസ് ഇതു അവസാന നിമിഷം കാല്‍ കൊണ്ട് പുറത്തേക്കു വഴി തിരിച്ചുവിട്ടു.
തുടര്‍ന്നു നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി കോര്‍ണര്‍ കിക്ക്. കോര്‍ണറിനൊടുവില്‍ ഗിലെര്‍മോയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍ പോസ്റ്റിനു മുന്നിലുണ്ടായിരുന്ന കോട്ടാല്‍ ബ്ലോക്ക് ചെയ്തതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിനു ആശ്വാസമായത്.
പുറത്തേക്കടിച്ചു നോവ
26ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടാനുള്ള നല്ലൊരു അവസരം നോവ സദോയ് പുറത്തക്കടിച്ചു പാഴാക്കിയത് ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി. ഫറൂഖ്- ജിമനെസ്- നോവ എന്നീ മൂന്നു പേര്‍ ചേര്‍ന്നായിരുന്നു ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്.
വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ പന്ത് നോവയുടെ കാലിലേക്ക്. ബോക്‌സിനു തൊട്ടികില്‍ വച്ച് പന്ത് സ്വീകരിക്കുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. വലയുടെ വലതു മൂലയിലേക്കു കിടിലനൊരു ലോങ്‌റേഞ്ചറാണ് താരം പരീക്ഷിച്ചത്. പക്ഷെ ഗോള്‍കീപ്പര്‍ക്കു ഭീഷണിയുയര്‍ത്താതെ പന്ത് ലക്ഷ്യം കാണാതെ പുറത്തേക്കു പറന്നു.
ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെടുന്നു
33, 35 മിനിറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റ് ലീഡ് നേുന്നതിനു കൈയെത്തുംദൂരത്തു വരെയെത്തിയെങ്കിലും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. 33ാം മിനിറ്റില്‍ മലയാളി താരം ജിതിന്റെ മിന്നല്‍ നീക്കമാണ് കണ്ടത്. സെന്ററിലൂടെ പറന്നു കയറിയ അദ്ദേഹം വലതു വിങിലുള്ള ഗിലെര്‍മോയ്ക്കു ത്രൂബോള്‍ നല്‍കുകയായിരുന്നു.
പന്തുമായി അദ്ദേഹം അകത്തെത്തിയപ്പോള്‍ മുന്നില്‍ ഗോളി സച്ചിന്‍ സുരേഷ് മാത്രം. ഗിലെര്‍മോ ഗോള്‍ ലക്ഷ്യമിട്ട് ഷോട്ട് തൊടുത്തെങ്കിലും സച്ചിന്‍ അതു ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. പക്ഷെ റഫറി ഇതു ഗോള്‍ കിക്കാണ് വിധിച്ചത്.
രണ്ടു മിനിറ്റിനകം നോര്‍ത്ത് ഈസ്റ്റിന്റെ മറ്റൊരു ഗോള്‍ശ്രമവും സച്ചിന്‍ വിഫലമാക്കി. ബോക്‌സിനു തൊട്ടരികില്‍ നിന്നുള്ള കൂട്ടപ്പൊരിച്ചിലിനിടെ ഗിലെര്‍മോയുടെ പാസിനൊടുവില്‍ അജാറി ഒരു ഗ്രൗണ്ടറാണ് തൊടുത്തത്. വലതു വശത്തേക്കു ഡൈവ് ചെയ്ത സച്ചിന്റെ കൈയില്‍ തട്ടിയ ശേഷം ബോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്കു പോവുകയായിരുന്നു.
ലീഡ് തടഞ്ഞ് ഗോള്‍കീപ്പര്‍
രണ്ടാം പകുതിയിലും ഇരുടീമുകളും അറ്റാക്കിങ് ഗെയിമാണ് കെട്ടഴിച്ചത്. 50ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഉറച്ചൊരു ഗോള്‍ശ്രമം ഗോളി ഗുര്‍മീത് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനകത്തുള്ള കെപി രാഹുലിലേക്കാണ് പന്ത് വന്നത്. അദ്ദേഹം ഇതു ക്ലോസ് ആംഗിളില്‍ നിന്നും വലയിലേക്കു തൊടുത്തങ്കിലും ഗോളി ഗുര്‍മീത് ഇടതുവശത്തേക്കു പറന്ന് വായുവില്‍ കുത്തിയകറ്റി. റീബൗണ്ടില്‍ നിന്നും ജിമനെസിന്റെ ശ്രമം കോര്‍ണറില്‍ കലാശിക്കുകയും ചെയ്തു.

മുന്നിലെത്തി നോര്‍ത്ത്ഈസ്റ്റ്
58ാം മിനിറ്റില്‍ അജാറിയുടെ ഫ്രീകിക്കിലൂടെ നോര്‍ത്ത് ഈസ്റ്റ് കളിയില്‍ മുന്നിലെത്തി. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ വലിയൊരു പിഴവാണ് ഈ ഗോളില്‍ കലാശിച്ചത്. അപകടകരമായ ഏരിയയില്‍ വച്ച് നോര്‍ത്ത്ഈസ്റ്റിനു ഫ്രീകിക്ക് ലഭിച്ചു.
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ മതിലിനു ഇടയിലൂടെ ഗോളിലേക്കാണ് അജാറി ഷോട്ട് പരീക്ഷിച്ചത്. ഇതു കൃത്യമായി സച്ചിന്റെ കൈകളിലേക്കു തന്നെ വരികയും ചെയ്തു. പക്ഷെ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും വഴുതിപ്പോയ ബോള്‍ ഗോള്‍വര കടക്കുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ സച്ചിന്‍ ഇതു ഉടന്‍ ഇതു തിരികെയെടുത്തെങ്കിലും അതു ഗോളായി മാറിക്കഴിഞ്ഞിരുന്നു.
സദോയ്... ഗോള്‍!!
66ാം മിനിറ്റില്‍ നോവ സദോയിയുടെ കിടിലന്‍ ഗോളിലൂടെ മഞ്ഞപ്പട സമനില പിടിച്ചുവാങ്ങി. പകരക്കാരനായി എത്തിയ എയ്മനില്‍ നിന്നും ലഭിച്ച ബോളുമായി വലതുവിങില്‍ നിന്നും സെന്ററിലേക്കു സദോയ് ഓടിക്കയറി. തടയാനെത്തിയ നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ക്കിടയിലൂടെ അദ്ദേഹം തൊടുത്ത കിടിലനൊരു ഇടംകാല്‍ ഷോട്ട് ഗോള്‍കീപ്പറെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞുകയറി (1-1).