For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2024-25: ഹീറോയും വില്ലനുമായി പെപ്ര!! അവസാന 20 മിനിറ്റില്‍ കളി തോറ്റ് മഞ്ഞപ്പട

മുംബൈ: ഐഎസ്എല്ലില്‍ ഗോള്‍മഴ കണ്ട ത്രില്ലറില്‍ മുംബൈ സിറ്റിക്കെതിരേ പൊരുതി വീണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആറു ഗോളുകള്‍ പിറന്ന മുംബൈ അരീനയില്‍ 4-2ന്റെ മിന്നുന്ന ജയമാണ് മുംബൈ ആഘോഷിച്ചത്. ഇരട്ടഗോളുകള്‍ നേടിയ ഗ്രീക്ക് താരം നിക്കോളാസ് കാര്‍ളിസാണ് മുംബൈയുടെ ഹീറോ. ഒമ്പത്, 55 മിനിറ്റുകളിലാണ് താരം വല കുലുക്കിയത്. നതാന്‍ റോഡ്രിഗസ് (75), ക്യാപ്റ്റന്‍ ലാലിയന്‍സുവാല ചാങ്‌തെ (90) എന്നിവരും മുംബൈയുടെ ഗോള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ മടക്കിയത് ജിമനെസും (57), ക്വാമെ പെപ്രയുമായിരുന്നു (71).

0-2നു പിന്നിട്ടു നിന്ന ശേഷം രണ്ടാംപകുതിയില്‍ ശക്തമായി തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോള്‍ മടക്കി ഒപ്പമെത്തിയിരുന്നു. എന്നാല്‍ ജഴ്‌സിയൂരി ഗോള്‍ ആഘോഷിക്കാനുള്ള ശ്രമത്തെ തുടര്‍ന്നു പെപ്രയ്ക്കു ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ കളി മാറുകയായിരുന്നു. പത്തു പേരായി ചുരുങ്ങിയ മഞ്ഞപ്പടയെ കടന്നാക്രമിച്ച മുംബൈ രണ്ടു ഗോളുകള്‍ കൂടി നേടി ജയം പിടിച്ചെടുക്കുകയായിരുന്നു.

mumbai city

അക്കൗണ്ട് തുറന്ന് മുംബൈ

ആദ്യ വിസില്‍ മുതല്‍ അറ്റാക്കിങ് ഫുട്‌ബോളാണ് മുംബൈയും ബ്ലാസ്‌റ്റേഴ്‌സും പുറത്തെടുത്തത്. പന്ത് കൈവശം വച്ചു കളിക്കാതെ ഇരുവിങകളിലൂടെയും ആക്രമണം നെയ്‌തെടുക്കാനാണ് ഇരുടീമുകളും ശ്രമിച്ചത്. ഇതോടെ ഏതു നിമിഷവും ഗോള്‍ വീഴുമെന്ന പ്രതീതിയുണ്ടാവുകയും ചെയ്തു. മഞ്ഞപ്പടയേക്കാള്‍ ആതിഥേയരായ മുംബൈയാണ് കൂടുതല്‍ മികച്ച ഗോളവസരങ്ങള്‍ തുറന്നെടുത്തത്.

ഒമ്പതാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് മുംബൈ കളിയില്‍ മുന്നിലെത്തി. അതിമനോഹരമായ നീക്കത്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. വലതു മൂലയിലൂടെ പന്ത് കാലില്‍ കോര്‍ത്ത് വാല്‍പൂയ ബോക്‌സിനകത്തേക്കു കയറി. തുടര്‍ന്ന് ചാങ്‌തെയ്ക്കു അദ്ദേഹത്തിന്റെ മനോഹരമായ ത്രൂ ബോള്‍.

വലതു വിങിലൂടെ കയറിയ ചാങ്‌തെ താഴ്ന്ന ഒരു ക്രോസാണ് മധ്യത്തിലേക്കു നല്‍കിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ നാലു പേര്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നെങ്കിലും ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കാര്‍ളിസ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സോം കുമാറിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി വലയിലേക്കു ബോള്‍ പ്ലേസ് ചെയ്യുകയായിരുന്നു.

പൊരുതിക്കളിച്ച് മഞ്ഞപ്പട

തുടക്കത്തില്‍ തന്നെ ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും മഞ്ഞപ്പട തളര്‍ന്നില്ല. സമനില ഗോളിനനായി അവര്‍ നിരന്തരം പൊരുതുന്നതാണ് പിന്നീടുള്ള മിനിറ്റുകളില്‍ കണ്ടത്. പക്ഷെ അവരുടെ നീക്കങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. ഗോള്‍കീപ്പറെ കാര്യമായി പരീക്ഷിക്കാന്‍ 30 മിനിറ്റോളം മഞ്ഞപ്പടയ്ക്കു കഴിഞ്ഞതുമില്ല. മറുഭാഗത്ത് ലീഡ് നേടിയ മുംബൈയാവട്ടെ കൂടുതല്‍ സമയം പന്ത് കൈവശം കളിക്കാനാണ് അവര്‍ ശ്രമിച്ചത്.

26ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ഗോള്‍ മടക്കാന്‍ മഞ്ഞപ്പടയ്ക്കു അവസരം. ഫൗളിനെ തുടര്‍ന്ന് ബോക്‌സിന് അരികില്‍ വച്ച് ടീമിന് അനുകൂലമായി ഫ്രീകിക്ക്. വളരെ താഴ്ന്ന ഒരു ഫ്രീകിക്കിലൂടെ ഗോള്‍ നേടാനാണ് അഡ്രിയാന്‍ ലൂണ ശ്രമിച്ചത്. പക്ഷെ ഫസ്റ്റ് പോറ്റ് ലക്ഷ്യമാക്കി അദ്ദേഹം തൊടുത്ത ഷോട്ട് പോസ്റ്റിനു പുറത്തു കൂടി പുറത്തേക്കു പോവുകയായിരുന്നു.

BLASTERS MUMBAI

മുംബൈയ്ക്കു പെനല്‍റ്റി

55ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ ദുഷ്‌കരമാക്കിക്കൊണ്ട് മുംബൈ ലീഡുയര്‍ത്തി. പെനല്‍റ്റിയിലൂടെയാണ് മുംബൈ രണ്ടാം ഗോള്‍ കണ്ടെത്തി. വലതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ഈ പെനല്‍റ്റി.

ബോക്‌സിനുള്ളില്‍ ക്വാമെ പെപ്ര പന്ത് കൈകൊണ്ട് തട്ടിയതിനെ തുടര്‍ന്നായിരുന്നു റഫറി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഇതിനെതിരേ ശക്തമായി പ്രതിഷേധിച്ചെങ്കിലും റഫറി വഴങ്ങി. പെനല്‍റ്റിയെടുത്ത കാര്‍ലിസ് കിടിലനൊരു ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വല കുലക്കുകയായിരുന്നു.

ഗോള്‍ മടക്കി മഞ്ഞപ്പട

മുംബൈ ലീഡുയര്‍ത്തി തൊട്ടടുത്ത മിനിറ്റില്‍ തന്നെ വീണ്ടുമൊരു പെനല്‍റ്റി. ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമായിരുന്നു തീരുമാനം. പെപ്രയെ ബോക്‌സിനകത്തു ഫൗള്‍ ചെയ്തു വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. മുംബൈ ഗോള്‍കീപ്പര്‍ക്കു യാതൊരു പഴുതു നല്‍കാതെ ജിമനെസ് മികച്ചൊരു പെനല്‍റ്റി ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ്

70ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടേണ്ടതായിരുന്നു. പക്ഷെ ജിമനെസന്റെ ഫ്രീകിക്ക് ഇടതു പോസ്റ്റില്‍ ഇടിച്ചു തെറിക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ മഞ്ഞപ്പട സമനില ഗോള്‍ പിടിച്ചുവാങ്ങി.

അതിവേഗ നീക്കത്തിനൊടുവില്‍ ഇടതു വിങില്‍ നിന്നും ലീണ ബോക്‌സിനു കുറുക നല്‍കിയ ക്രോസ് പറക്കും ഹെഡ്ഡറിലൂടൈ പെപ്ര വലയിലെത്തിക്കുകയായിരുന്നു. പക്ഷെ ജഴ്‌സിയൂരി ഗോള്‍നേട്ടം ആഘോഷിച്ചതോടെ തുടര്‍ച്ചയായി രണ്ടാമത്തെ മഞ്ഞക്കാര്‍ഡും വാങ്ങി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പത്തു പേരായി ചുരുങ്ങുകയും ചെയ്തു.

ലീഡ് തിരിച്ചുപിടിച്ച് മുംബൈ

പെപ്രയുടെ ചുവപ്പ് കാര്‍ഡ് കാരണം പത്തു പേരായി മാറിയതോടെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് മുംബൈ കളിയില്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ഇടതുമൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്കിനൊടുവില്‍ ലഭിച്ച ബോള്‍ നതാന്‍ റോഡ്രിഗസ് മികച്ചൊരു സൈഡ് വോളിയിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

നാലാം ഗോള്‍

90ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയുറപ്പാക്കി മുംബൈ നാലാം ഗോളും കണ്ടെത്തി. പെനല്‍റ്റിയില്‍ നിന്നായിരുന്നു വിജയമുറപ്പിച്ച ഗോള്‍ അവര്‍ കണ്ടെത്തിയത്. പന്തുമായി വലതു വിങിലൂടെ ഓടിക്കയറിയ മുംബൈ താരം മന്‍സോറോയെ ബോക്‌സിനുള്ളില്‍ വച്ച് ബ്ലാസ്‌റ്റേഴ്‌സ് താരം വിബിന്‍ പിറകില്‍ നിന്നും ഫൗള് ചെയ്തു വീഴ്ത്തുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി മുംബൈ ക്യാപ്റ്റന്‍ ചാങ്‌തെ വലയിലേക്കു അടിച്ചുകയറ്റിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പതനം പൂര്‍ത്തിയായി.

Story first published: Sunday, November 3, 2024, 21:48 [IST]
Other articles published on Nov 3, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+