Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: 'മൂന്നടിയില്‍' ഈസ്റ്റ് ബംഗാള്‍ ചാരം, തകര്‍പ്പന്‍ ജയത്തോടെ വരവറിയിച്ച് ബ്ലാസ്‌റ്റേഴ്‌സ്

1

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒമ്പതാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ഈസ്റ്റ് ബംഗാളിനെ 3-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് വരവറിയിച്ചത്. ഇവാന്‍ കലിയുഷ്‌നി ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ അഡ്രിയാന്‍ ലൂണയും ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കി. 87ാം മിനുട്ടില്‍ അലക്‌സ് ലിമയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ആശ്വാസ ഗോള്‍ നേടിയത്.

4-4-2 ഫോര്‍മേഷനില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബൂട്ടണിഞ്ഞപ്പോള്‍ 3-4-1-2 ഫോര്‍മേഷനിലാണ് ഈസ്റ്റ് ബംഗാള്‍ കളത്തിലിറങ്ങിയത്. രണ്ട് ടീമും തുടക്കം മുതല്‍ തുല്യ ശക്തികളെപ്പോലെയാണ് പോരാടിയത്. ആദ്യ മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റമാണ് കണ്ടത്. മലയാളി താരം വിപി സുഹൈറിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിന് സമീപത്ത് കൂടി പോയി.

1

ആദ്യ മിനുട്ടുകളില്‍ കൂടുതല്‍ മിനുട്ടുകാട്ടിയ ഈസ്റ്റ് ബംഗാള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ചു. ഈസ്റ്റ് ബംഗാളിന്റെ സുമിത് പാസിയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി പ്രഭ്ഷുഖന്‍ ഗില്‍ തടുത്തു. കുതിപ്പ് തുടര്‍ന്ന ഈസ്റ്റ് ബംഗാളിനായി അലക്‌സ് ലിമയുടെ മിന്നല്‍ ഷോട്ടും ബ്ലാസ്റ്റേഴ്‌സ് ഗോളി തട്ടിയകറ്റി.

പ്രത്യാക്രമണം ബ്ലാസ്‌റ്റേഴ്‌സ് കടുപ്പിച്ചതോടെ മത്സരം കൂടുതല്‍ ആവേശകരമായി. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് പൂട്ടിയയുടെ നീളന്‍ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ഡയമെന്റകോസിനെ ഇവാന്‍ ഗോണ്‍സാലസ് വീഴ്ത്തിയതിന്റെ പേരില്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങളോട് ജിക്‌സന്‍ കയര്‍ത്തു. ഇതോടെ രണ്ട് ടീമിന്റെയും താരങ്ങള്‍ നേര്‍ക്കുനേര്‍ എത്തുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.

41ാം മിനുട്ടില്‍ അഡ്രിയാന്‍ ലൂണയെ വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ ഫ്രീ കിക്ക്. ലൂണയുടെ ഷോട്ട് പോസ്റ്റിലേക്കെത്തിയെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോളി തട്ടിയകറ്റി. ആക്രമണ-പ്രത്യാക്രമണങ്ങള്‍ കണ്ടെങ്കിലും ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോള്‍ നേടാനായില്ല. 57 ശതമാനം പന്തടക്കത്തിലും മൂന്നിനെതിരേ അഞ്ച് ഗോള്‍ശ്രമത്തിലും ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നു.

1

രണ്ടാം പകുതിയുടെ തുടക്കം ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മികച്ച ചില നീക്കങ്ങളുണ്ടായി. 52ാം മിനുട്ടില്‍ അപ്പോസ്തലിന്റെ ക്രോസില്‍ ലൂണയുടെ ഗംഭീര ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കമല്‍ജിത്ത് സിങ് തട്ടിയകറ്റി. 56ാം മിനുട്ടില്‍ പൂട്ടിയയുടെ മുന്നേറ്റം. രണ്ട് ഈസ്റ്റ് ബംഗാള്‍ താരങ്ങളെ മറികടന്ന് പന്തുമായി മുന്നേറിയ പൂട്ടിയ അപോസ്തലസിന് പാസ് നല്‍കിയെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യം കാണുന്നില്ല.

ആക്രമണം തുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് 72ാം മിനുട്ടില്‍ മുന്നിലെത്തി. ഹര്‍മന്‍ജോത് ഖാബ്ര നീട്ടി നല്‍കിയ പാസിനെ ഹാഫ് വോളിയിലൂടെ ലൂണ വലയിലെത്തിക്കുകയായിരുന്നു. ലീഡെടുത്തതോടെ കടന്നാക്രമണം തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സ് 82ാം മിനുട്ടില്‍ ലീഡുയര്‍ത്തി. പൂട്ടിയക്ക് പകരമെത്തിയ ഇവാന്‍ കലിയുഷ്‌നി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി. ഈ സീസണില്‍ ടീമിലേക്കെത്തിയ താരമാണ് അദ്ദേഹം.

1

അവസാന മിനുട്ടുകളിലേക്കെത്തിയപ്പോള്‍ പോരാട്ടം മുറുകി. 87ാം മിനുട്ടില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഗോള്‍ മടക്കി. ആക്രമണം തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് 89ാം മിനുട്ടില്‍ മൂന്നാം ഗോള്‍ നേടി. കോര്‍ണര്‍ കിക്കിലൂടെ ഉയര്‍ന്നെത്തിയ പന്തിനെ ഇവാന്‍ കലിയുഷ്‌നി ഗോളാക്കി മാറ്റുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ തട്ടകത്തില്‍ 3-1ന്റെ തകര്‍പ്പന്‍ ജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം.

Story first published: Friday, October 7, 2022, 21:41 [IST]
Other articles published on Oct 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+