
കന്നിക്കിരീടം തേടി ബ്ലാസ്റ്റേഴ്‌സ്
പഴയ പ്രതാപം നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിന് പിടിച്ചുനില്‍ക്കാന്‍ കിരീടം അത്യാവശ്യമാണ്. രണ്ട് തവണ ഫൈനല്‍ കളിച്ചപ്പോഴും എടികെയോട് തോല്‍ക്കേണ്ടിവന്നു. സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താത്ത ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്ന് തന്നെ പറയാം. 2018-19 സീസണില്‍ ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 2019-2020 സീസണില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാന സീസണില്‍ 10ാം സ്ഥാനക്കാരായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇവിടെ നിന്ന് ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇവാന്‍ വുകാമനോവിച്ചെന്ന പുതിയ പരിശീലകന് കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് കിരീടം പ്രതീക്ഷിക്കുന്നത്. മാര്‍ക്കോ ലെസ്‌കോവിച്ച്, ചെഞ്ചോ, അഡ്രിയാന്‍ ലൂണ, ജോര്‍ജ് പെരേര ഡയസ്, എനെസ് സിപ്പോവിച്ച, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് വിദേശ താരങ്ങളായി ബ്ലാസ്‌റ്റേഴ്‌സിലുള്ളത്. ഗോവക്കാരന്‍ ജെസെല്‍ കര്‍ണെയ്‌റോയാണ് ടീമിനെ നയിക്കുന്നത്. സന്ദീപ് സിങ്, നിഷു കുമാര്‍, സഹല്‍ അബ്ദുല്‍ സമദ്, കെ പ്രശാന്ത്, അബ്ദുല്‍ ഹക്കു, അബിനോ ഗോമസ്, കെ പി രാഹുല്‍ തുടങ്ങിയവരൊക്കെ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്.

എടികെ മോഹന്‍ ബഗാന്‍
എടികെ മോഹന്‍ ബഗാനുമായി ലയിച്ചതോടെ ടീമിന്റെ കരുത്ത് ഇരട്ടിച്ചുവെന്ന് തന്നെ പറയാം. 2014ലും 2016ലും എടികെ ആയിരുന്നപ്പോള്‍ കിരീടം നേടിയ ടീം മോഹന്‍ ബഗാനുമായി ഒന്നായ ശേഷം 2020-21ല്‍ കിരീടം നേടി. ഇത്തവണയും ശക്തമായ താരനിര ടീമിനൊപ്പമുണ്ട്. അന്റോണിയോ ലോപ്പസ് ഹബാസ് എന്ന പരിശീലകനില്‍ പ്രതീക്ഷവെച്ചാണ് എടികെയുടെ വരവ്. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ മുംബൈ സിറ്റിയോട് തോറ്റതിന്റെ ക്ഷീണം മാറ്റാനാവും എടികെ ഇറങ്ങുക. ശക്തമായ വിദേശ താരനിര ടീമിനുണ്ട്. ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിന്‍ലന്‍ഡിന്റെ ജോണി കൗക്കോ, ഫിജിയന്‍ താരം റോയ് കൃഷ്ണ, സ്പാനിഷ് താരം ടിറി എന്നിവരെല്ലാം ടീമിന് പ്രതീക്ഷ നല്‍കുന്നു. റോയ് കൃഷ്ണയാണ് ടീമിന്റെ നായകന്‍. സുബാശിഷ് ബോസിനെപ്പോലെയുള്ള മികച്ച ഇന്ത്യന്‍ താരങ്ങളുടെ കരുത്തും ടീമിനൊപ്പമുണ്ട്.

നേര്‍ക്കുനേര്‍ കണക്കില്‍ എടികെ
നേര്‍ക്കുനേര്‍ കണക്കുകള്‍ പരിശോധിച്ചാല്‍ എടികെ മോഹന്‍ ബഗാന് മുന്‍തൂക്കമുണ്ട്. 14 മത്സരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ച് തവണ എടികെ മോഹന്‍ ബഗാനാണ് ജയിച്ചത്. നാല് തവണ കേരള ബ്ലാസ്‌റ്റേഴ്‌സിനും ജയിക്കാനായി. അഞ്ച് തവണ തുല്യശക്തികളായി സമനില പങ്കിട്ടാണ് പിരിഞ്ഞത്. 15 ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് എടികെയ്‌ക്കെതിരേ നേടിയപ്പോള്‍ 16 എണ്ണമാണ് വഴങ്ങിയത്. നിര്‍ണ്ണായക മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ് എടികെ. പുതിയ പരിശീലകന് കീഴില്‍ എടികെയുടെ തന്ത്രങ്ങളെ മറികടന്ന് ബ്ലാസ്റ്റേഴ്‌സിന് ജയിച്ച് തുടങ്ങാനാവുമോയെന്ന് കണ്ടറിയണം.


Click it and Unblock the Notifications


