ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന (18-12-2020) പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ. മികച്ച ഫോമില്‍ കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ആറ് മത്സരത്തില്‍ രണ്ട് ജയവും നാല് സമനിലയും വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് ഒരു മത്സരം പോലും തോറ്റിട്ടില്ല. അതേ സമയം ജംഷഡ്പൂര്‍ 6 മത്സരത്തില്‍ 1 മത്സരത്തില്‍ ജയിച്ചപ്പോള്‍ നാല് മത്സരത്തില്‍ സമനില വഴങ്ങുകയും ഒരു മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആധിപത്യം വടക്കു കിഴക്കന്‍മാര്‍ക്ക് തന്നെ.
മുന്നേറ്റം തുടരാന്‍ നോര്‍ത്ത് ഈസ്റ്റ്
ഇതുവരെ തോല്‍ക്കാത്ത നോര്‍ത്ത് ഈസ്റ്റ് വലിയ ആത്മവിശ്വാസത്തോടെയാണ് ജംഷഡ്പൂരിനെതിരേ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ 1-0ന് തോല്‍പ്പിച്ചായിരുന്നു നോര്‍ത്ത് ഈസ്റ്റ് വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് 2-2 സമനില വഴങ്ങിയ വടക്കുകിഴക്കന്‍മാര്‍ മൂന്നാം മത്സരത്തില്‍ ആതിഥേയരായ ഗോവയോട് 1-1 സമനിലയും പിടിച്ചു. നാലാം മത്സരത്തില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബ് എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോല്‍പ്പിച്ചത്. അഞ്ചാം മത്സരത്തില്‍ ശക്തരായ ബംഗളൂരുവിനെ 2-2 സമനിലയില്‍ പൂട്ടിയ അവര്‍ അവസാന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിനെ ഗോള്‍രഹിത സമനിലയിലും തളച്ചു. താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത് ടീമിന്റെ പ്രതീക്ഷകളെ ഉയര്‍ത്തുന്നു.

ജംഷഡ്പൂരിന് തുടര്‍ ജയം വേണം
തോല്‍വി വഴങ്ങിയത് കുറവാണെങ്കിലും സമനിലപ്പൂട്ട് അഴിക്കേണ്ടത് ജംഷഡ്പൂരിന് അത്യാവശ്യമാണ്. ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയങ്ങള്‍ നേടിയാലേ ആദ്യ നാലിലേക്ക് ഉയരാന്‍ ജംഷഡ്പൂരിന് സാധിക്കൂ. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 2-1ന് തോറ്റ ജംഷഡ്പൂര്‍ രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 2-2 സമനില പങ്കിട്ടു. മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോടും 1-1 സമനില പങ്കിട്ട അവര്‍ നാലാം മത്സരത്തില്‍ തോല്‍വി അറിയാതെ കുതിച്ച എടികെ മോഹന്‍ ബഗാനെ 2-1നാണ് കീഴടക്കിയത്. അഞ്ചാം മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് ഗോള്‍രഹിത സമനിലയും വഴങ്ങി. അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് 1-1 സമനില വഴങ്ങിയാണ് ജംഷഡ്പൂര്‍ വടക്കുകിഴക്കന്‍മാര്‍ക്കെതിരേ ഇറങ്ങുന്നത്. ഏത് വമ്പന്മാരെയും വീഴ്ത്താന്‍ ജംഷഡ്പൂരിന് കഴിയുമെന്നതിനാല്‍ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.