ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ ഞായര്‍ ദിനത്തിലെ (13-12-2020) രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍. സീസണില്‍ വമ്പിനൊത്ത് ഉയരാന്‍ കഴിയാത ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്താനുറച്ചാവും ബംഗളൂരുവിന്റെ വരവ്. നാല് മത്സരം കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒരു മത്സരം പോലും ജയിച്ചില്ല. രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് കേരള ടീം ഉള്ളത്. അതേ സമയം തോല്‍വി അറിയാതെയാണ് ബംഗളൂരുവിന്റെ വരവ്. നാല് മത്സരത്തില്‍ നിന്ന് 1 ജയവും മൂന്ന് സമനിലയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണവര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഹോട്ട്‌സ്റ്റാര്‍,ഏഷ്യനെറ്റ് പ്ലസ് മത്സരം തത്സമയം കാണാം.
ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണ്ണായകം
വീമ്പുകളുടെയും അവകാശവാദങ്ങളുടെയും അതിപ്രസരം കൊണ്ട് സീസണിനെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഈ മികവ് ഗ്രൗണ്ടില്‍ കാണിക്കാന്‍ സാധിക്കുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് 1-0ന് തോറ്റ് തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി 2-2 സമനില പങ്കിട്ടു. മൂന്നാം മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍രഹിത സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തില്‍ ആതിഥേയരായ ഗോവയോട് 3-1ന് തോറ്റാണ് ശക്തരായ ബംഗളൂരുവിനെ നേരിടാനെത്തുന്നത്. മികച്ച താരനിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ബാക്കരി കോനി,ലാല്‍റുത്താര,കോസ്റ്റ നമോയിന്‍സു തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്ന പ്രതിരോധത്തിന് പിഴവുകളേറെ. മുന്നേറ്റത്തില്‍ ഫക്കുന്‍ഡോ പെരെയ്‌റ,ഗാരി ഹൂപ്പര്‍,ജോര്‍ദാന്‍ മുറെ എന്നിവരെല്ലാം ഇനിയും ഫോമിലേക്കുയരേണ്ടതുണ്ട്.

ചാമ്പ്യന്‍ നിരയുമായി ബംഗളൂരു
ഐഎസ്എല്ലിലെ ഏറ്റവും ശക്തരായ താരനിരയുള്ള ടീമാണ് ബംഗളൂരു. താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഗോവയോട് 2-2 സമനില വഴങ്ങിയായിരുന്നു ബംഗളൂരുവിന്റെ തുടക്കം. രണ്ടാം മത്സരത്തിലും സമനിലക്കുരുക്കഴിക്കാന്‍ ബംഗളൂരുവിനായില്ല. ഹൈദരാബാദ് എഫ്‌സിയോട് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. മൂന്നാം മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ബംഗളൂരു അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-2 സമനില വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഇറങ്ങുന്നത്. മുന്നേറ്റത്തില്‍ സുനില്‍ ഛേത്രി,ആഷിഖ് കുരുണിയന്‍ എന്നിവര്‍ തിളങ്ങുന്നുണ്ട്. വിദേശ താരങ്ങളായ ക്രിസ്റ്റ്യന്‍ ഓപ്‌സെത്,ഡെഷ്‌റോന്‍ ബ്രൗണ്‍ എന്നിവര്‍ മികവിനൊത്ത് ഉയര്‍ന്നാല്‍ തടുത്തു നിര്‍ത്തുക ബ്ലാസ്‌റ്റേഴ്‌സിന് പ്രയാസമാവും.