ISL 2020-21: കൊമ്പുകോര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തയ്യാര്‍, ഐഎസ്എല്‍ മത്സരങ്ങള്‍ എവിടെ കാണാം?
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിന് വെള്ളിയാഴ്ച്ച (നവംബര്‍ 20) തുടക്കമാവും. വമ്പന്മാരുടെ പോരാട്ടമാണ് ആദ്യം. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി എടികെ മോഹന്‍ ബഗാന്‍ എഫ്‌സിയുമായി കൊമ്പുകോര്‍ക്കും. ഇത്തവണ 11 ക്ലബുകളാണ് ഐഎസ്എല്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ നിരയിലെ പുതിയ അംഗമായി കടന്നുവരുന്നു. ഒപ്പം മോഹന്‍ ബഗാനുമായി ലയിച്ച എടികെ, 'എടികെ മോഹന്‍ ബഗാന്‍ എഫ്‌സി'യായാണ് ഇനി അറിയപ്പെടുക.

11 ക്ലബുകള്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പുതിയ സീസണില്‍ മൊത്തം 115 മത്സരങ്ങളാണ് അരങ്ങേറുക. കഴിഞ്ഞതവണ 95 മത്സരങ്ങളായിരുന്നു ഐഎസ്എല്ലില്‍ നടന്നത്. 'ഡബിള്‍ റൗണ്ട് റോബിന്‍' ഫോര്‍മാറ്റ് പ്രകാരം എല്ലാ ക്ലബുകളും തമ്മില്‍ മത്സരിക്കും. പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ള നാലു ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടുക.

മത്സരക്രമം
നിലവില്‍ ആദ്യ 11 റൗണ്ടുകളുടെ മത്സരക്രമമാണ് ഐഎസ്എല്ലിന്റെ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) പുറത്തുവിട്ടിരിക്കുന്നത്. ആറ് ഡബിള്‍ ഹെഡറുകള്‍ (ഒരു ദിവസം രണ്ടു മത്സരങ്ങള്‍) ഈ കാലയളവിലുണ്ട്. ഡബിള്‍ ഹെഡറുകളെല്ലാം ഞായറാഴ്ച്ചയാണ് നടക്കുക. എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ആദ്യ പോരാട്ടം നടക്കും.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റി എഫ്‌സിയും തമ്മിലാണ് രണ്ടാമത്തെ മത്സരം. മൂന്നാം മത്സരത്തില്‍ എഫ്‌സി ഗോവയും ബെംഗളൂരു എഫ്‌സിയും മുഖാമുഖം വരും. നവംബര്‍ 27 -നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന എസ്‌സി ഈസ്റ്റ് ബംഗാള്‍ - എടികെ മോഹന്‍ ബഗാന്‍ കൊല്‍ക്കത്ത ഡെര്‍ബി മത്സരം.

ഫോര്‍മാറ്റ്
സീസണ്‍ പൂര്‍ണമായും ഗോവയിലാണ് നടക്കുന്നതെങ്കിലും ഹോം/എവെ ചട്ടം പാലിച്ചായിരിക്കും റൗണ്ട് റോബിന്‍ മത്സരങ്ങള്‍ അരങ്ങേറുക. ലീഗ് ഘട്ടത്തിനൊടുവില്‍ മുന്നിലുള്ള ആദ്യ നാലു ക്ലബുകള്‍ പ്ലേ ഓഫിലെത്തും. ഒപ്പം പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ടീം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചാംപ്യന്‍ഷിപ്പിനും യോഗ്യത നേടും.

എവിടെ കാണാം?
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം പതിപ്പിന്റെ സംപ്രേക്ഷണാവകാശം. മലയാളം ചാനലായ ഏഷ്യാനെറ്റ് പ്ലസിലും ഐഎസ്എല്‍ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ആപ്പ് മുഖേനയും ജിയോ ടിവി മുഖേനയും ഐഎസ്എല്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ട്.

ഐഎസ്എല്‍ വേദികള്‍
ഗോവയിലാണ് സീസണ്‍ പൂര്‍ണമായും നടക്കുക. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, വാസ്‌കോയിലെ തിലക് നഗര്‍ സ്‌റ്റേഡിയം, ബംബോലിനിലെ ജിഎംസി സ്‌റ്റേഡിയം എന്നിവ മത്സരങ്ങള്‍ക്ക് വേദിയാകും. അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് ഐഎസ്എല്‍ പൂര്‍ണായും നടക്കുക. കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.
Most Read: ISL 2020-21: കലിപ്പടക്കി കപ്പടിക്കുമോ? ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും വീക്ക്‌നെസുമറിയാം

ഐഎസ്എല്‍ ടീമുകള്‍
എടികെ മോഹന്‍ ബഗാന്‍ എഫ്‌സി, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഒഡീഷ എഫ്‌സി, എസ്‌സി ഈസ്റ്റ് ബംഗാള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications