ISL 2020-21: ജയം തുടരാന്‍ ഗോവ, തടുത്തിടാന്‍ ഒഡീഷ എഫ്‌സി
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന (12-12-2020) മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവ ഒഡീഷ എഫ്‌സിയെ നേരിടും. നാല് മത്സരത്തില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയിലും ഒരു തോല്‍വിയും വഴങ്ങിയ ഗോവ നിലവില്‍ ആറാം സ്ഥാനത്താണ്. അതേ സമയം നാല് മത്സരത്തില്‍ 1 സമനിലയും മൂന്ന് തോല്‍വിയും നേരിടേണ്ടി വന്ന ഒഡീഷ 10ാം സ്ഥാനത്താണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ബംബോലിമിലെ ജിഎംസി സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഏഷ്യാനെറ്റ് പ്ലസ്,ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.
കരുത്തോടെ ആതിഥേയര്‍
.
സ്വന്തം നാട്ടില്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല എഫ്‌സി ഗോവയ്ക്ക് ലഭിച്ചത്. ആദ്യ മത്സരത്തില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ 2-2 സമനിലയില്‍ തളക്കാന്‍ ഗോവയ്ക്ക് സാധിച്ചു. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് 1-0ന് തോറ്റ ഗോവ മൂന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-1 സമനില വഴങ്ങി. എന്നാല്‍ അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 3-1ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഗോവന്‍ നിര ഇറങ്ങുന്നത്.

മുന്നേറ്റ നിരയില്‍ ഇഗോര്‍ ആന്‍ഗുലോ തിളങ്ങുന്നുണ്ട്. എന്നാല്‍ ഇഷാന്‍ പണ്ഡിത,മകാന്‍ ചോതി എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. മധ്യനിരയില്‍ ജോര്‍ജ് മെന്‍ഡോസ,ആല്‍ബര്‍ട്ടോ നൊഗീറ,എഡു ബീഡിയ,ലെന്നി റോഡ്രിഗസ് തുടങ്ങിയവര്‍ ഗോവയ്ക്ക് കരുത്ത് പകരുന്നു. പ്രതിരോധത്തില്‍ സേവ്യര്‍ ഗാമ,സെറിട്ടന്‍ ഫെര്‍ണാണ്ടസ് എന്നിവരും തിളങ്ങുന്നുണ്ട്. നിലവിലെ ഫോമില്‍ ഗോവയ്ക്ക് തന്നെയാണ് ഒഡീഷയ്‌ക്കെതിരേ മുന്‍തൂക്കം.
ജയിക്കാന്‍ കഴിയാതെ ഒഡീഷ
ആദ്യ നാല് മത്സരത്തിലും ജയിക്കാന്‍ കഴിയാത്തവരായാണ് ഒഡീഷ എഫ്‌സിയുടെ വരവ്. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് 1-0ന് തോറ്റ ഒഡീഷ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് 2-2 സമനില പിടിച്ചു. മൂന്നാം മത്സരത്തില്‍ ശക്തരായ എടികെ മോഹന്‍ ബഗാനോട് പൊരുതി നോക്കിയെങ്കിലും 1-0ന് പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ ക്ഷീണത്തിലാണ് ഒഡീഷ ഇറങ്ങുന്നത്.
മുന്നേറ്റത്തില്‍ മാഴ്‌സലോ പെരീറയും മാനുവല്‍ ഓന്‍വുവും ഡീഗോ മൗറീസ്യോയും ശക്തി പകരുമ്പോള്‍ മധ്യനിരയില്‍ കോളി അലക്‌സാണ്ടറും തരക്കേടില്ലാതെ കളിക്കുന്നു. എന്നാല്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കുന്ന പ്രകടനം ആരില്‍ നിന്നും ഉണ്ടാകുന്നില്ല. ഇന്ന് ജയിക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഒഡീഷ പുറത്തെടുക്കേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications