ISL 2020-21: പോരാട്ടം കടുക്കും, ബംഗളൂരുവും എടികെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍
ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ എടികെ മോഹന്‍ ബഗാനും ബംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍. ആറ് മത്സരം കളിച്ച മോഹന്‍ ബഗാന്‍ നാല് മത്സരം ജയിച്ചപ്പോള്‍ ഓരോ തോല്‍വിയും സമനിലയുമടക്കം 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 6 മത്സരത്തില്‍ നിന്ന് മൂന്ന് വീതം ജയവും സമനിലയും നേടിയ ബംഗളൂരു 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ വിജയിയെ പ്രവചിക്കുക പോലും പ്രയാസമുള്ള കാര്യമാണ്. വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം.
കരുത്ത് ചോരാതെ മോഹന്‍ ബഗാന്‍
ഇത്തവണത്തെ ഏറ്റവും ശക്തമായ താരനിരയിലൊന്നാണ് എടികെ മോഹന്‍ ബഗാന്റേത്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 1-0ന് തോല്‍പ്പിച്ച അവര്‍ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത ഡര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ 2-0നും തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ 1-0നും തോല്‍പ്പിക്കാന്‍ എടികെ മോഹന്‍ ബഗാനായി. എന്നാല്‍ നാലാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയോട് 2-1ന് അപ്രതീക്ഷിതമായി തോല്‍വി വഴങ്ങേണ്ടി വന്നു.

അഞ്ചാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് 1-1 സമനിലയ വഴങ്ങിയ മോഹന്‍ ബഗാന്‍ അവസാന മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവയെ 1-0ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബംഗളൂരുവിനെതിരേ ഇറങ്ങുന്നത്. ബംഗളൂരുവും ശക്തമായ നിരയായതിനാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ എടികെയ്ക്ക് കാഴ്ചവെക്കേണ്ടി വരും.
പ്രതീക്ഷയോടെ ബംഗളൂരു
സീസണില്‍ ഇതുവരെ തോല്‍ക്കാത്ത ടീമായാണ് ബംഗളൂരു എടികെയെ നേരിടാനെത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ സമനിലക്കുരുക്ക് വീണതാണ് ടീമിന് തിരിച്ചടിയായത്. ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവയോട് 2-2 സമനില വഴങ്ങിയാണ് ബംഗളൂരുവിന്റെ തുടക്കം. രണ്ടാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് ഗോള്‍രഹിത സമനില വഴങ്ങിയ അവര്‍ മൂന്നാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത 1 ഗോളിന് തോല്‍പ്പിച്ചു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-2 സമനില പങ്കിടേണ്ടി വന്ന ബംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ 4-2ന് തകര്‍ത്ത് കരുത്തുകാട്ടി. അവസാന മത്സരത്തില്‍ 2-1ന് ഒഡീഷയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ബംഗളൂരു ഇറങ്ങുന്നത്. സുനില്‍ ഛേത്രി മികച്ച ഫോമിലാണെന്നത് ബംഗളൂരുവിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ആഷിഖ് കുരുണിയന്‍,ഉദാന്ത സിങ്,എറിക് പാര്‍ത്തലു,ക്ലിന്റന്‍ സില്‍വ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications